Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാട്ടെഴുതിയ പാവാടക്കാരി...

Sasikala Menon

ജിലേബി എന്ന ചിത്രത്തിൽ മനോഹരമായ ഒരു പാട്ടുണ്ട്. വരികോമലേ...ഒരു പൊൻ പൂവായ്... മാറിൽ ചായുവാൻ വരൂ...’ എന്ന ഗാനം. പ്രണയം പറ്റിപ്പിടിച്ച വരികളെഴുതിയതു മലയാള സിനിമയിൽ ഏറെക്കാലം മുൻപു തന്നെ പാട്ടെഴുത്തുകാരിയായി പേരെടുത്ത ശശികല മേനോനാണ്. നജീം അർഷാദിന്റേതാണു ശബ്ദം. ബിജിബാലിന്റെ സംഗീതത്തിനൊത്ത് ആ വരികൾ സുഖമുള്ള തണുപ്പായി കേൾക്കുന്നവരിൽ പടർന്നിറങ്ങുന്നു.

വരികോമലേ...

പാട്ടെഴുതിയ പാവാടക്കാരി

1968ൽ ‘രാഗിണി’ എന്ന ചിത്രത്തിലൂടെ ലത വൈക്കം തുടങ്ങിവച്ച പെൺരചന സമൃദ്ധിയിലെത്തുന്നതു ശശികലാ മേനോൻ എന്ന പാട്ടെഴുത്തുകാരിയുടെ വരവോടെയായിരുന്നു. ഡോ.ബാലകൃഷ്ണന്റെ സിന്ദൂരം എന്ന ചിത്രത്തിൽ എ.ടി.ഉമ്മറിന്റെ സംഗീതത്തിൽ ശ്രീലത പാടിയ യദുകുല മാധവ ഗോകുല പാലക എന്ന ഗാനം രചിച്ച് ചലച്ചിത്ര ഗാനശാഖയിലേക്കു ചേക്കേറുമ്പോൾ ശശികല ഒരു ഒമ്പതാം ക്ളാസുകാരിയായിരുന്നു. എ.വിൻസന്റ് സംവിധാനം ചെയ്ത അഗ്നിനക്ഷത്രം, വയനാടൻ തമ്പാൻ എന്നീ ചിത്രങ്ങളിൽ ദേവരാജൻ മാഷിന്റെ ഈണത്തിനൊപ്പം വരിയെഴുതി പ്രസിദ്ധയായി. അഗ്നിനക്ഷത്രത്തിലെ മുഴുവൻ പാട്ടുകളും ശശികല എഴുതുമോ എന്നായിരുന്നു വിൻസന്റ് മാഷ് ചോദിച്ചത്. നിത്യസഹായ മാതാവേ...ആശ്രിതർക്കാശ്വാസമേകണമേ... എന്ന സുശീല പാടിയ ഗാനം ഹിറ്റായി. ‘വയനാടൻ തമ്പാനി’ലേക്ക് പാട്ടെഴുതുന്നതും ശശികലയാവണം എന്നായി വിൻസന്റ് മാഷ്. അഞ്ചു പാട്ടുകൾ. സുശീലയും ദാസേട്ടനും മാധുരിയുമെല്ലാം പാടിയ പാട്ടുകൾ. ഇതിലെ ‘ഏഴാം ഉദയത്തിൽ ഓമല്ലൂർ കാവിൽ ഏഴിലക്കുറി ചാർത്തി നിന്നവളെ’ എന്ന പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു. മകര മാസ സംക്രമ സൂര്യോദയം (താരാട്ട്), നിന്റെ നീല മിഴികൾ (വാടക വീട്ടിലെ അതിഥി) തുടങ്ങിയ പാട്ടുകളും ശ്രദ്ധേയങ്ങളാണ്.

വീണ്ടും സജീവം

അർജുനൻ മാഷിനും രവീന്ദ്രനും ദേവരാജൻ മാഷിനും വേണ്ടി പാട്ടെഴുതിയ ശശികല മേനോൻ പുതിയ തലമുറയിലെ ബിജിപാലിനും ദീപക് ദേവിനും എം.ജയചന്ദ്രനും ശരത്തിനുമെല്ലാം ഒപ്പം ഇന്നും സജീവമായുണ്ട്. വിവാഹശേഷം ഇടക്കാലത്തു പിന്നണിപ്പാട്ടെഴുത്തിൽ ഉണ്ടായ ഇടവേളയൊഴിച്ചാൽ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പാട്ടെഴുതിയ സ്ത്രീ ശശികലയാവും. ഇനിയും പുറത്തിറങ്ങിയിട്ടില്ലാത്ത കുക്കിലിയാർ, ഗുഡ് ബാഡ് അഗ്ളി തുടങ്ങിയ ചിത്രങ്ങളിലും പാട്ടെഴുതി. ജാസി ഗിഫ്റ്റിനു വേണ്ടി എഴുതുകയാണിപ്പോൾ ശശികല.

ആൽബങ്ങൾ

സ്വർണ വൃന്ദാവനം എന്ന ആൽബമായിരുന്നു തുടക്കം. വിദ്യാധരന്റെ സംഗീത സംവിധാനത്തിൽ അതു ഹിറ്റായി. ശിവപഞ്ചാക്ഷരി എന്ന രണ്ടാം ആൽബത്തിനും ദേവായനത്തിനും നല്ല സ്വീകാര്യത കിട്ടി. നാടൻ പാട്ടുകളെഴുതി സ്ട്രോബറി തെയ്യം എന്ന പേരിൽ ആൽബം ചെയ്തു വിസ്മയിപ്പിച്ചതു സംഗീത സംവിധായകൻ ശരത്തിനൊപ്പമായിരുന്നു. ഇന്നും ശരത്തിന്റെ ഗാനമേളകളിൽ സ്ട്രോബറി തെയ്യത്തിലെ പാട്ടുപാടുമെന്നുറപ്പാണ്. മാറ്റു കുറയാത്ത സ്നേഹം (ജർസൻ ആന്റണി), നീയല്ലെങ്കിൽ മറ്റാരാണു സഖീ (ഗസൽ– ഉംബായി) തുടങ്ങിയതെല്ലാം ശശികല എഴുതി ഹിറ്റാക്കിയ ആൽബങ്ങളാണ്. എഴുതിയ കവിതകൾ ചേർത്തുവച്ചൊരു പുസ്തകമിറക്കാനുള്ള തയാറെടുപ്പിലാണിപ്പോൾ. അഡ്വ. കേളുനമ്പ്യാർ മരിക്കുന്നതിന് ഒരാഴ്ച മുൻപാണ് ശശികലയെ ഫോൺ ചെയ്തത്. ശുഭ്രജഡാന്തരേ, കളകളനാദത്താൽ, ശിവശിവ ചൊല്ലുന്നു മന്ദാകിനീ... എന്ന വരി വല്ലാത്ത ഇഷ്ടമാണെന്നു പറയാനായിരുന്നു ആ ഫോൺ കോൾ. ഇന്നും അദ്ദേഹത്തിന്റെ വാക്കുകൾ വലിയ പ്രേരണയാണ് ശശികലയ്ക്ക്.

Jilebi

ശശികല പറഞ്ഞ സംഭവം

ചെന്നൈയിൽ ചെന്നപ്പോൾ വിൻസന്റ് മാഷിനെ കാണാൻ പോയി. ശശികലയെ അറിയുമോ എന്നു ചോദിച്ചപ്പോൾ ‘തിര ഞൊറിയും കായലിന്റെ മാറില്, തീരം തേടി തുഴയുമെന്റെയുള്ളില്...’ എന്ന എന്റെയൊരു ഗാനം അദ്ദേഹം പാടിത്തുടങ്ങി. എന്റെ കണ്ണുനിറഞ്ഞുപോയി. ജീവിതത്തിൽ മറക്കാനാവാത്ത അനുഭവമായിരുന്നു ആ കൂടിക്കാഴ്ച. (കവിതയില്ലാതെ കൊഴിഞ്ഞുപോയ നാളുകൾക്കുള്ള മറുപടി പോലെ ജീവിതദിനങ്ങൾ കവിതയ്ക്കും വരികൾക്കുമായി വീതിച്ചു നൽകിയിരിക്കുന്നു ശശികല മേനോൻ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.