Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാതിൽ തുറക്കൂ നീ കാലമേ...

നക്ഷത്രക്കണ്ണുള്ള കുഞ്ഞുമക്കൾക്കുള്ളതാണ് ഓരോ ക്രിസ്മസ് രാവുകളും. കുഞ്ഞികൈൾകൊണ്ട് അവരൊരുക്കുന്ന പുൽക്കൂടു കാണാൻ, കരോളിനൊപ്പം കുഞ്ഞുസ്വരത്തിൽ അവർ പാടിത്തിമർക്കുന്നതു കാണാൻ ദൈവം പോലും കാത്തിരിക്കുന്നു ഈ നാളുകളിൽ. ക്രിസ്മസ് ഗീതങ്ങളിൽ കുഞ്ഞുങ്ങൾ പാടുന്ന ഗീതങ്ങൾ ഹൃദയങ്ങളിലേക്ക് എളുപ്പം ചേക്കേറുന്നത് ഇതുകൊണ്ടാകുമോ? അറിയില്ല. വാതിൽ തുറക്കൂ നീ കാലമേ എന്ന പാട്ട് ഓർമയില്ലേ. പാട്ടിലെ ദൃശ്യങ്ങളിൽ പള്ളിക്കുള്ളിൽ നിന്ന് പാടുന്നത് ഒരു ബാലനാണ്. കാലമേറെ കടന്നുപോയിട്ടും കാലംമറക്കാത്ത ക്രിസ്മസ് ഗീതമാണ് വാതിൽ തുറക്കൂ നീ കാലമേ...ക്രിസ്മസ് ഇങ്ങ് പടിവാതിൽക്കലെത്തി നിൽക്കുമ്പോൾ ആരുടെയും മനസിലേക്ക് ആദ്യമോടിയെത്തുന്ന ഗാനങ്ങളിലൊന്നും ഇതുതന്നെയാണ്. ലാളിത്യത്തിന്റെ വരികളിൽ ആത്മാവ്കൊണ്ട് ഈണമിട്ടപ്പോൾ പിറന്ന പാട്ട്.

യൂസഫലി കേച്ചേരിയുടെ വരികൾക്ക് ബോംബെ രവി ഈണമിട്ട ചലച്ചിത്ര ഗീതമാണ് ഇത്. ചിത്രയും ‌യേശുദാസും മാർക്കോസും ഈ പാട്ട് പാടിയിട്ടുണ്ട്. ആരു പാടിയാലും ആത്മ‌ീയാനുഭൂതി തരുന്ന പാട്ട്. ഫൈവ് സ്റ്റാർ ഹോസ്പിറ്റലെന്ന ചിത്രം ഒരുപാട് നല്ല പാട്ടുകളുള്ള ചിത്രമായിരുന്നു. ആ ചിത്രത്തിലൂടെ മലയാളത്തിന് സുന്ദരമായ ഒരു ക്രിസ്മസ് ഗീതവും കിട്ടി. കരുണാർദ്രമായ ഒരു ഗാനമാണിത്. ആയിരം മെഴുകുതിരി വെട്ടത്തിൽ തിളങ്ങുന്ന പള്ളിക്കുള്ളിൽ നിന്ന് തിരുരൂപത്തെ നോക്കി നിറകണ്ണുകളോടെ ആരോ നിന്നു പാടുന്ന ചിത്രം മനസിലേക്ക് തരുന്ന ഗാനം. കടലിന്നു മീതേ നടന്നവനെന്ന് പാടി യേശുനാഥന്റെ ജീവിത വഴികളിലേക്ക് കേഴ്‌വിക്കാരനെ നയിക്കുന്ന പാട്ട്. മരണസമയത്ത് മെയ് തളർന്ന് കിടക്കുമ്പോൾ അരികിൽ വരണമെന്ന് പറഞ്ഞ് ആ വിശുദ്ധ ജന്മത്തോട് പച്ചയായ മനുഷ്യർ എത്രത്തോളം ചേർന്ന് നിൽക്കുന്നുവെന്ന് പറയുന്ന പാട്ട്. മറ്റുള്ളവരുടെ പാപങ്ങൾക്ക് വേണ്ടി കുരിശിലേറിയ ഈശോയോട് വേദന നിറഞ്ഞ സ്വരത്തിൽ ഭക്തിമാത്രം തുളുമ്പുന്ന ഒരു മനസ്, ഉള്ളം തുറന്നു പാടിയ ഈ പാട്ട് കാലാതീതം തന്നെയാണ്. വാതിൽ തുറക്കൂ നീ കാലമേ എന്ന വരികൾ കേച്ചേരി മനപൂർവം എഴുതിചേർത്തതാകുമോ?.....

പാട്ടിന്റെ പൂർണ വരികൾ

വാതിൽ തുറക്കൂ നീ കാലമേ

കണ്ടോട്ടെ സ്നേഹ സ്വരൂപനേ

കുരിശിൽ പുളയുന്ന നേരത്തും

ഞങ്ങൾക്കായി പ്രാർഥിച്ച യേശുമഹേശനെ

അബ്രഹാം പുത്രനാം ഇസ്ഹാക്കിൻ വംശീയ വല്ലിയിൽ

മൊട്ടിട്ട പൊൻപൂവേ

കണ്ണീരിലാഴുമ്പോൾ കൈ നീ തരേണമേ

കടലിന്നു മീതേ നടന്നവനേ

(വാതില്‍ തുറക്കൂ നീ കാലമേ)

മരണ സമയത്തെൻ മെയ് തളർന്നീടുമ്പോൾ

അരികിൽ നീ വന്നണ‌യേണമേ

തൃക്കൈകളാലെന്റെ ജീവനെടുത്തു നീ

റൂഹായ കുരിശയിൽ ചേർക്കേണമേ

(വാതിൽ തുറക്കൂ നീ കാലമേ)