Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാതിലിൽ ആ വാതിലിൽ കാതോർത്തു നീ നിന്നീലേ...

ustad-hotel-song

അന്നോളം ആരും പറയാത്തൊരു പ്രണയ കഥയായിരുന്നു അത്. കടലിനുള്ളിലെ മുത്തും പവിഴവും പറഞ്ഞു തരുന്ന കഥ പോലൊരെണ്ണം. ഉസ്താദ് ഹോട്ടലിലെന്ന ചിത്രത്തിലെ വല്യുപ്പ കൊച്ചു മകനോട് തന്റെ നല്ലപാതിയെ സ്വന്തമാക്കിയതിനെ കുറിച്ച് പറയുന്ന കഥ ആ സിനിമ കണ്ടിറങ്ങിയവരുടെ ഉള്ളിലെല്ലാം അന്നേ പതിഞ്ഞതാണ്. ആ പാട്ടും.  ആ പ്രണയത്തിന്റ ആഴവും സൗന്ദര്യവും ആത്മാവും അലിഞ്ഞു ചേർന്നപ്പോള്‍ പിറന്ന പാട്ട്. 

വാതിലിൽ ആ വാതിലിൽ 

കാതോർത്തു നീ നിന്നീലേ...

പാതിയില്‍ പാടാത്തൊരാ 

തേനൂറിടും ഇശലായ് ഞാൻ...

അഞ്ജലി മേനോൻ എഴുതി അൻവർ റഷീദ് സംവിധാനം ചെയ്ത ചിത്രമാണ് ഉസ്താദ് ഹോട്ടൽ. റഫീഖ് അഹമ്മദ് എഴുതിയ മനോഹരമായ പ്രണയഗാനത്തിന് നെഞ്ചു പറിച്ചെടുക്കുന്ന ഈണമൊരുക്കിയത് ഗോപീ സുന്ദറാണ്. ഈ സംഗീത സംവിധായകന്റെ കരിയറിലെ തന്നെ ഏറ്റവും മനോഹരമായ ഗാനങ്ങളിലൊന്ന്. പ്രണയാർദ്രമായ സ്വരത്തിൽ പാടിയത് ഹരിചരണും. ‌താളത്തില്‍ തുടങ്ങി പിന്നെയങ്ങ് വേഗത്തിൽ പാഞ്ഞ് ഇടയ്ക്കു വീണ്ടും മന്ദഹാസമായി മാറുന്ന ഈണം. എളുപ്പത്തിലാർക്കും പാടാനാകാത്ത ഗാനമാണെങ്കിലും ചെഞ്ചുണ്ടിലുണ്ട് എപ്പോഴും. പാട്ടിന്റെ വരികളും ഈണവും ആലാപനവും പോലെ തന്നെ ഓർക്ക‌സ്ട്രയും കേൾവിയെ കീഴ്‌പ്പെടുത്തി. ബാൻഡുകളുടെയും വാദ്യോപകരണ വിദഗ്ധരുടെയും പ്രിയതാളങ്ങളായി അവ മാറി. 

രുചിയൂറും അന്നമൊരുക്കുന്നവനും കരിമഷി പടർന്ന കണ്ണുള്ളവൾക്കുമിടയിൽ തമ്മില്‍ ഒറ്റ രാത്രി കൊണ്ട് വിടർന്ന പ്രണയത്തിന്റെ കഥ പറയുന്ന പാട്ട് ഹൃദയത്തിലെന്നും നമ്മൾ സൂക്ഷിച്ചു വച്ചിട്ടുണ്ട്. കല്യാണത്തിന് പാചകമൊരുക്കുവാൻ പോയവൻ മണവാട്ടിയെ വിവാഹം കഴിച്ച കഥ അതിശയമായിരുന്നു. ഇങ്ങനെയുമൊരു ഒന്നു ചേരലോ എന്ന് ചിന്തിച്ചപ്പോഴും നോട്ടങ്ങളിലൂടെ അവർ കൈമാറിയ സ്നേഹം കാണുമ്പോൾ ആ അവിശ്വസനീയത എങ്ങോ മാഞ്ഞുപോയി. അതെ എഴുത്തിനും പറച്ചിലിനും വിശേഷണങ്ങൾക്കും അപ്പുറമുള്ള എന്തോ ഒന്നാണ്, ഒരു വിസ്മയമാണ് പ്രണയമെന്ന് ഒന്നുകൂടി നമ്മോട് പറയുന്നു. ജന്മാന്തരം നീളുന്നതാണ് പ്രണയമെന്നും, അവർക്കിടയിലെ സ്നേഹത്തിന്റെ ആഴമളക്കാൻ ഭൂമിയിലെ ഒരു വസ്തുവിനും സാധ്യമല്ലെന്നും...

വാതിലില്‍ ആ വാതിലില്‍ 

കാതോര്‍ത്തു നീ നിന്നീലേ

പാതിയില്‍ പാടാത്തൊരാ 

തേനൂറിടും ഇശലായ് ഞാന്‍ (2)

ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍  

ചെഞ്ചുണ്ടില്‍ ചേര്‍ന്നു (2)

 

കാണാനോരോ വഴി തേടി 

കാണുംനേരം മിഴി മൂടി

ഓമലേ നിന്നീലയോ 

നാണമായ് വഴുതീലയോ 

 

പുന്നാരം ചൊരിയുമളവിലവളിളകിമറിയുമൊരു കടലായി

കിന്നാരം പറയുമഴകിലവളിടറിയിടരുമൊരു മഴയായി

കളിചിരിനിറവുകള്‍ കണിമലരിതളുകള്‍ വിടരുകിതരുമയിലായ്‌  

 

ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍  

ചെഞ്ചുണ്ടില്‍ താനേ (2)

 

ഏതോ കതകിന്‍ വിരിനീക്കി

നീല കണ്മുനയെറിയുമ്പോള്‍

ദേഹമോ തളരുന്നുവോ 

മോഹമോ വളരുന്നുവോ

 

നിന്നോളം ഉലകിലോരുവള്‍ നിന്‍ അഴകുതികയുവതിനില്ലല്ലോ 

മറ്റാരും വരളുംമിഴിയിലിനി കുളിരുപകരുവതിനില്ലല്ലോ 

ഓ... നറുമൊഴിയരുളുകള്‍ കരളിലെകുരിവികള്‍ കുറുകുകിതനുപമമായ്

 

ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍  

ചെഞ്ചുണ്ടില്‍ താനേ (2)

Your Rating: