Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെൺ പ്രണയമേ, നിന്റെ ആത്മഗാനം

Barbra Streisand

ചില ‌ഏകാ‌ന്തനേര‌ങ്ങളിൽ തോന്നാറില്ലേ, ഒരു പ്രണയഗാനത്തിന് നിങ്ങളുടെ അതിഗംഭീരകാമുകിയാകാൻ കഴിയുമെന്ന്. ഒാരോ മൂളിച്ചയിലും മൗനം ഇഴചേർന്ന് ഒാരോ വരിയിലും അനുരാഗം ഒളിപ്പിച്ച് ഇൗരടികളെ ഇണചേർത്തുപാടുന്ന എത്രയോ പ്രണയഗാനങ്ങൾക്ക് അതിനു കഴിഞ്ഞിട്ടുമുണ്ട്. അത്തരം പാട്ടോർമകളുടെ പെരുക്കപ്പട്ടികയിൽ, ആദ്യങ്ങളിൽ എവിടെയോ ആ ഗാനവുമുണ്ട്.

‘വുമൺ ഇൻ ലവ്’.പെൺപ്രണയത്തിന്റെ സ്വരാക്ഷരങ്ങളിൽ കാലം പകർത്തിയെഴുതിയ ലോകപരിചിത ഗാനം

ഒരിക്കൽ കേട്ടവർ അവരുടെ ഹൃദയത്തിൽ ഏറ്റുപാടാതിരിക്കില്ല പ്ര‌ണയത്തിന്റെ ഇൗ ഉന്മാദരാഗം. ഇൗ ഗാനം നമുക്ക് സമ്മാനിച്ചത് അമേരിക്കൻ ഗായികയായ ബാർബറ സ്ട്രെയ്സാൻഡ് ആണ്. പാട്ടുകാരി, പാട്ടെഴുത്തുകാരി, നടി, സംവിധായിക... ബാര്‍ബറയ്ക്കൊപ്പം ചേർത്തുവയ്ക്കാൻ അഭിമാനവിലാസങ്ങള്‍ അങ്ങനെ ഒട്ടനവധി, ടോണി, എമ്മി, ഗ്രാമി, ഗോൾഡൻ ഗ്ലോബ് തുടങ്ങിയ ലോകപുരസ്കാരത്തിളക്കങ്ങൾ ഒരുമിച്ചുവാരിക്കൂട്ടിയ അപൂർവതയും ബാര്‍ബറയ്ക്കു മാത്രം സ്വന്തം.

1980ൽ പുറത്തിറങ്ങിയ ‘ ഗില്‍റ്റി ’ എന്ന അമേരിക്കൻ ആൽബത്തിലെ ‘ വുമൺ ഇൻ ലവ്’ എന്ന ഗാനം ലോകത്തെങ്ങുമുള്ള അനുരാഗികളെ പ്രണയാകാശപ്പടവുകളിലേക്കു കൈപിടിച്ചു നടത്തി. ഏകരായി കേട്ടവര്‍ക്കെല്ലാം ഇൗ ഗാനം സങ്കൽപാനുരാഗിയെ സമ്മാനിച്ചിരിക്കണം. പ്രിയതമയുടെ വിരൽ കോർത്ത് ചുണ്ടോടു ചുണ്ട്ചേർത്തു കേട്ടവരാകട്ടെ ഇൗ ഗാനം നൽകിയ മഴവില്ലുമ്മകൾ നുണഞ്ഞ് മധുരത്തുണ്ടുകളായി അലിഞ്ഞുചേർന്നിരിക്കണം.

ബാരിയും റോബിൻ ഗിബും ചേർന്നാണ് ഗാനത്തിന്റെ വരികളെഴുതുന്നത്. ബിൽബോര്‍ഡ് ഹിറ്റ് ചാര്‍ട്ടുകളേക്കാൾ വ‌േഗത്തിലാണ് ഇൗ‌ പെണ്‍ പ്രണയഗാനം ആരാധകരെ കീഴടക്കിയത്. എത്രയോ സംഗീതരാവുകളിൽ വുമൺ ലവിനു വേണ്ടി വീണ്ടും വീണ്ടും അവർ കാതോർത്തു. എത്രയോ കാമുകന്മാർ ആ പെൺപാട്ടിൽ പ്രണയസ്ഖലിതരായി ഉന്മാദം തിരഞ്ഞു. എത്രയോ കാമുകിമാർ അത് അവരുടെ ആത്മഗാനമായി പ്രിയതമന്റെ കാതിൽ മൂളിപ്പകർന്നു....

ആ പാ‍ട്ടിലേക്കുള്ള ഒന്നാം പടവ്

ന്യൂയോർക്കിലെ ബ്രൂക്ക് ലിനിൽ ചെലവഴിച്ച കുട്ടിക്കാലത്ത് ബാർബറയെ തേടി ആദ്യമായി മൂളിപ്പാട്ടുകൾ കൂട്ടുവരുന്നത്. മഞ്ഞപ്പൂമരച്ചില്ലകളിലേക്കു മലർക്കെ തുറക്കുന്ന ചില്ലുജനാലകള്‍ക്കരികിലിരുന്ന് ഒാരോ വൈകുന്നേരവും കുഞ്ഞുബാർബറ സ്വപ്നം കാണുമായിരുന്നു. അവൾക്കുള്ള സമ്മാനപ്പൊതികളുമായി പപ്പ വീട്ടിലേക്കു മടങ്ങിയെത്തുന്നത്. അവളുടെ ഒന്നാം പിറന്നാൾ ആഘോഷിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ പപ്പ എന്നെന്നേയ്ക്കുമായി യാത്രയായത് പിന്നീട് എത്ര വൈകിയാണ് ബാർബറ മനസ്സിലാക്കുന്നത്. അവൾക്കു കുഞ്ഞുടപ്പും ചായപ്പെൻസിലും വാങ്ങാനുള്ള പണത്തിനു വേണ്ടി അയൽവക്കത്തെ കുട്ടികൾക്കു പാട്ട് പ‌റഞ്ഞുകൊടുക്കുന്ന അമ്മയെ കണ്ടാണ് ബാര്‍ബറ വളർന്നത്.

സ്കൂളിലെ ഏറ്റവും വികൃതി ‌പ്പെൺകുട്ടിയായിരുന്നു ബാർബ. ഉച്ചത്തിൽ മൂളിപ്പാടിയും ഒച്ചവച്ചും ഉത്തരങ്ങൾ വിളിച്ചു പറഞ്ഞും അധ്യാപകരുടെ പതിവുപഴികളും പരാതികളും വാരിക്കൂട്ടിയ ബാല്യം. സ്ക്രീനിലെ വെള്ളിവെളിച്ചത്തിൽ അഭിനേതാക്കളെ കാഃ‌ണുമ്പോൾ ഒരിക്കൽ ഞാനും അവരെപ്പോലെയാകും, ബ്രൂക്ക് ലിനിൽനിന്നു ദൂരെദൂരേക്കു ചിറകുവച്ചു പറന്നുപോകും എന്ന് അതിരറ്റ ആത്മവിശ്വാസത്തോടെ അമ്മക്കാതിൽ അടക്കെ പറഞ്ഞ കൗമാരം. പള്ളിമേടയിൽ നന്നായി പാടുന്നതുകേട്ട് പ‌ലരും വിവാഹവേദികളിലേക്കും പാർട്ടികളിലേക്കും ഗായികയായി ക്ഷണിച്ചുകൊണ്ടുപോയിത്തുടങ്ങിയ യൗവനം... എന്നിട്ടും ഒരു പാട്ടുകാരിയാകാനായിരുന്നില്ല ‌ബാർബറയുടെ മോഹം. പതിനാലാം വയസ്സിൽ ‘ഡയറി ഒാഫ് ആൻഫ്രാങ്ക്’ എന്ന വഴിയോരനാടകം കണ്ടപ്പോൾ മുതൽ ബാർബറ സ്വപ്നം കണ്ടു തുടങ്ങിയതാണ് ചായങ്ങളുടെയും ചമയങ്ങളുടെയും അഭിനയലോകം ചെങ്കമ്പളം വിരിച്ചു തന്നെ കാത്തിരിക്കുന്നത്.

Woman in Love

ആ പാട്ട് തീരുന്നേയില്ലല്ലോ

ബാര്‍ബറ അഭിനയിക്കാൻ അവസരം ചോദിച്ച് ചെന്നു കണ്ടവരെല്ലാം പക്ഷേ, അവളുടെ നേരം കൈമലര്‍ത്തി. ആൺകാഴ്ചയെ മോഹിപ്പിക്കാൻ പോന്ന അഴകളവുകൾ പോരെന്നു പറഞ്ഞ് പലരും തിരിച്ചയച്ചതോടെയാണ്, ഏറ്റവും നിരാശപ്പെട്ട് അവ‌ൾ അമ്മയ്ക്കരികിലേക്ക്, വീട്ടിലെ തന്റെ കൊച്ചുമുറിയിരിട്ടിലേക്ക് മടങ്ങിയെത്തിയത്. അവിടെ അവൾ മറന്നുവച്ച പാട്ടുമൗനത്തിൽ വീണ്ടും സ്വരം തൊടുന്നത്... ഇൗ‌ണങ്ങള്‍ അവൾക്കു മുന്നിൽ വീണ്ടും വസന്തങ്ങൾ ഇതൾ വിടർത്തുന്നത്.

കൂട്ടുകാരൻ ബാർബറയുടെ പാട്ട് റെക്കോർഡ് ചെയ്ത്, കോപ്പികൾ നാടകക്കമ്പനികൾക്കും ഗായകസംഘങ്ങൾക്കും അയച്ചുകൊടുത്തു. മാൻഹട്ടനിൽ നടന്ന സംഗീതമത്സരവേദികളിൽ , സങ്കോചത്തോടെ, പരിഭ്രമത്തോടെ ആയിരങ്ങളെ സാക്ഷിനിർത്തി, അവൾ ആദ്യമായി പാടി. പാട്ടുപാടിത്തീർന്നതോടെ, ഏതാനും നിമിഷങ്ങൾ സദസ്സിലാകെ സംഗീതസമാനമായ ഒരു മൗനം... പെട്ടെന്നായിരുന്നു കാതടിപ്പിക്കുന്ന ആ കരഘോഷം... ലോകം കാതോര്‍ക്കാനിരിക്കുന്ന ബാർബറ സ്ട്രെയ്സാൻഡ് എന്ന ഗായികയുടെ ജനനം ആ നിമിഷങ്ങള‌ിലെപ്പോഴോ ആയിരിക്കണം സംഭവിച്ചത്.

വേദികളിൽ നിന്ന് വേദികളിലേക്ക് പാടിപ്പാടിപ്പറക്കുകയായിരുന്നു പിന്നീട് ബാർബറ. 1963ല്‍ ‘ ദി ബാർബറ സ്ട്രെയ്സാൻഡ് ആല്‍ബം ’എന്ന പേരില്‍ ആൽബം പുറത്തിറക്കി. ബില്‍ബോർഡ് ഹിറ്റ് ചാർട്ടിൽ ഇ‍ടംപിടിച്ച ഇൗ ആദ്യ ആൽബത്തിനു തന്നെ മൂന്നു ഗ്രാമി പുരസ്കാരം ബാർബറയെ തേടിയെത്തി.

അമേരിക്കയിലെ ഏറ്റവും വില പിടിച്ച പെൺസ്വരം എന്ന വിലാസം കൂടി ബാർബറ സ്വന്തമാക്കി. രണ്ടാ‌മത്തെ ആൽബമായ ‘ദി സെക്കൻഡ് ബാർബറ സ്ട്രെയ്സാൻഡ് ആല്‍ബം’ കൂടി പുറത്തിറങ്ങിയതോടെ എല്‍വിസ് പ്രസ്​ലിക്കു ശേഷം അമേരിക്കയെ സ്വരചാരുത കൊണ്ടു മോഹിപ്പിച്ച ഗായിക എന്ന പദവിയും ബാർബറയുടേതായി. അമ്പതോളം സ്റ്റുഡിയോ ആൽബങ്ങളാണ് പിന്നീടു പലപ്പോഴായി പുറത്തിറക്കിയത്. 1968ൽ ‘ഫണ്ണി ഗേൾ’ എന്ന ആദ്യ ഹോളിവുഡ് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഒാസ്കർ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും ബാർബറ നേടി. ‘യു ഡോണ്ട് ബ്രിങ് മി ഫ്ലവേഴ്സ്’, ‘ഇനഫ് ഇൗസ് അനഫ്’,‘ദി മെയ്ൻ ഇവന്റ്’, ‘ഗിൽറ്റി’, ‘പാർട്നേഴ്സ്’ തുടങ്ങി സിംഗിളുകളിലൂടെയും ആൽബങ്ങളിലൂടെയും എഴുപതുകൾക്കു ശേഷമുള്ള മൗനത്തെ പോലെ ബാർബറ മാസ്മരികമാക്കി. ‍ കാലിഫോർണിയയിലെ മാലിബുവിൽ തന്റെ എഴുപത്തിമൂന്നാം വയസ്സിലും ബാർബറ പ്രണയാതുരമാക്കി മൂളിപ്പാടിക്കൊണ്ടേയിരിക്കുന്നു. മഞ്ഞപ്പൂമരച്ചില്ലകളിൽ എത്ര വസന്തങ്ങൾ വാസനിച്ചുകൊഴിഞ്ഞിട്ടും പെൺപ്രണയം ഇന്നും ആ വരികൾ ഏറ്റുപാടിക്കൊണ്ടേയിരിക്കുന്നു...

I am a woman in love

And I'd do anything

To get you into my world

And hold you within

It's a right I defend

Over and over again

What do I do?

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.