Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരൾച്ച: ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കുമെന്ന് കേന്ദ്രസംഘം

drought

തിരുവനന്തപുരം∙ സംസ്ഥാനത്തെ വരൾച്ച സംബന്ധിച്ചു സർക്കാർ നൽകിയ വിവരങ്ങളും തങ്ങൾ നേരിൽ കണ്ട കാര്യങ്ങളും പരിഗണിച്ചു കേന്ദ്ര സർക്കാരിനു റിപ്പോർട്ട് നൽകുമെന്നു വരൾച്ചാദുരിതം വിലയിരുത്താനെത്തിയ കേന്ദ്രസംഘ തലവനും കേന്ദ്രകൃഷി മന്ത്രാലയ ജോയിന്റ് സെക്രട്ടറിയുമായ അശ്വനികുമാർ. വരൾച്ച മൂലം കാർഷിക മേഖലയിൽ ഉൾപ്പെടെ 955 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നാണു സംസ്ഥാന സർക്കാരിന്റെ നിലപാട്.

ഇക്കാര്യത്തിൽ നേരത്തെ നൽകിയതിനു പുറമെ ഒരു നിവേദനം കൂടി നൽകാൻ കേന്ദ്ര സംഘം നിർദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായി കേന്ദ്ര സംഘാംഗങ്ങൾ ചർച്ച നടത്തി. കൂടുതൽ വിവരങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതുകൂടി ലഭ്യമായാൽ ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കുമെന്നും അശ്വിനി കുമാർ പറഞ്ഞു. രണ്ടായി പിരിഞ്ഞു വിവിധ ജില്ലകൾ സന്ദർശിച്ചശേഷമാണ് സംഘം മുഖ്യമന്ത്രിയെ സന്ദർശിച്ചത്. നിതി ആയോഗ് ഡപ്യൂട്ടി അഡ്വൈസർ മനേഷ് ചൗധരിയുടെ നേതൃത്വത്തിലുള്ളതാണ് രണ്ടാമത്തെ സംഘം.

കൃഷിയുടെയും നദികളുടെയും ഡാമുകളുടെയും അവസ്ഥ സന്ദർശനത്തിനിടെ വിലയിരുത്തിയതായി അദ്ദേഹം പറഞ്ഞു. വിവിധ ജില്ലകളിലെ കർഷകരുമായി ആശയവിനിമയം നടത്തി. സംസ്ഥാന സർക്കാർ കേന്ദ്രസംഘത്തിനു സമർപ്പിച്ച വരൾച്ച സംബന്ധിച്ച വിശദാംശങ്ങൾ പരിശോധിക്കുന്നുണ്ട്. ഇതിനൊപ്പം സംസ്ഥാനത്തുടനീളം നേരിട്ടു മനസ്സിലാക്കിയ പ്രശ്നങ്ങൾ കൂടി കണക്കിലെടുക്കും. ദേശീയതല സമിതി ഇതു പരിശോധിച്ചു ശുപാർശ കേന്ദ്ര ആഭ്യന്തരമന്ത്രി ചെയർമാനും കൃഷിമന്ത്രിയും ധനമന്ത്രിയും അംഗങ്ങളുമായ ഉന്നതതല സമിതിക്കു സമർപ്പിക്കും.

ചില മേഖലകളിൽ 50 ശതമാനത്തിലേറെ കൃഷിനാശം ഉള്ളതായി മനസ്സിലായിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണനിധിയുടെ മാനദണ്ഡങ്ങൾ പ്രകാരമായിരിക്കും റിപ്പോർട്ട് സമർപ്പിക്കുക. കൃഷി, കുടിവെള്ളം, മൃഗസംരക്ഷണം തുടങ്ങിയവ ഉൾപ്പെടെ പ്രധാന മേഖലകൾ വിലയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളം നേരിടുന്ന പ്രധാന പ്രശ്നങ്ങൾ ചർച്ചയിൽ മുഖ്യമന്ത്രി വിശദീകരിച്ചു. തോട്ടവിളകൾ കൂടുതലുള്ള കേരളത്തിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നു വ്യത്യസ്തമായി വരൾച്ചയുടെ ആഘാതം ദീർഘകാലം നിൽക്കും.

ശുദ്ധജല പ്രശ്നവും കൃഷിനാശവും കൂടാതെ മൃഗ സംരക്ഷണമേഖലയിലും വരൾച്ച ഇത്തവണ കൂടുതൽ പ്രശ്നങ്ങളുണ്ടാക്കി. ജനങ്ങൾക്കു കുടിക്കാനുള്ള വെള്ളം ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഏറ്റവും പ്രാധാന്യത്തോടെ സർക്കാർ ഏറ്റെടുത്തു നടത്തുന്നത്. ഇടുക്കി ഉൾപ്പെടെ ജലസംഭരണിയിൽ വെള്ളം ലഭ്യമാക്കാൻ കൃത്രിമ മഴയുൾപ്പെടെ പരിഗണിക്കുന്നുണ്ട്.

വരൾച്ചാബാധിതമായി സംസ്ഥാനത്തെ പ്രഖ്യാപിച്ചശേഷം സംസ്ഥാനത്തിനു ചെയ്യാവുന്ന പരമാവധി കാര്യങ്ങൾ ചെയ്തിട്ടാണു കേന്ദ്രത്തെ സമീപിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചർച്ചയിൽ മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, ഡോ. തോമസ് ഐസക്, മാത്യു ടി.തോമസ്, വി.എസ്.സുനിൽകുമാർ, പി.തിലോത്തമൻ, ചീഫ് സെക്രട്ടറി നളിനി നെറ്റോ എന്നിവർ പങ്കെടുത്തു.