Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരോഗ്യ ഇൻഷുറൻസ്: സർക്കാരിന് ലാഭം 82 കോടി

insurance_policy

തിരുവനന്തപുരം∙ പെൻഷൻകാർക്കും ജീവനക്കാർക്കും ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നതുവഴി സർക്കാർ ഖജനാവിനു ലാഭം ഏകദേശം 82 കോടി രൂപ. പദ്ധതിക്കായി സർക്കാരിന് അ‍ഞ്ചു പൈസ ചെലവില്ല. പെൻഷൻകാരുടെ മെഡിക്കൽ അലവൻസിൽനിന്നും ജീവനക്കാരുടെ ശമ്പളത്തിൽനിന്നും ഇൗടാക്കിയാണ് ഇൻഷുറൻസ് കമ്പനിക്കു പ്രീമിയം നൽകുക. മെഡിക്കൽ റീഇംബേഴ്സ്മെന്റും പലിശരഹിത ചികിൽസാ വായ്പയും ഇതോടെ ഇല്ലാതാകും. ഈ ഇനത്തിലാണു സർക്കാരിന് 82 കോടിയോളം രൂപ ലാഭമാകുന്നത്.

ജീവനക്കാരുടെ മെഡിക്കൽ റീഇംബേഴ്സ്മെന്റ് ഇനത്തിൽ മാത്രം 71.94 കോടി രൂപയാണു കഴിഞ്ഞ വർഷം സർക്കാർ ചെലവഴിച്ചത്. സർക്കാർ ജീവനക്കാരും അധ്യാപകരുമായി ഇപ്പോൾ ഏകദേശം അഞ്ചുലക്ഷം പേരുണ്ട്. ഇവരിൽനിന്നു മാസം 300 രൂപ ഈടാക്കുന്നതോടെ 180 കോടി രൂപ പ്രതിവർഷം ഇൻഷുറൻസ് പദ്ധതിക്കായി സർക്കാരിനു ലഭിക്കും. വിരമിച്ച അഞ്ചു ലക്ഷത്തോളം പേർക്ക് ഇപ്പോൾ 300 രൂപ പ്രതിമാസ അലവൻസ് നൽകുന്നുണ്ട്. ഇതു നിർത്തലാക്കി, ഇൻഷുറൻസ് പ്രീമിയമാക്കി മാറ്റുന്നതിലൂടെ വർഷം 180 കോടി രൂപകൂടി ലഭിക്കും.

ഫലത്തിൽ 360 കോടി രൂപയുടെ ഇൻഷുറൻസ് പദ്ധതി, ജീവനക്കാർക്കായി നടപ്പാക്കുന്നത് അവരുടെതന്നെ പണം ഉപയോഗിച്ചായിരിക്കും. ജീവനക്കാരുടെ ആരോഗ്യ പരിചരണത്തിൽനിന്ന് ഇതോടെ സർക്കാർ പൂർണമായും പിൻവാങ്ങുകയാണ്.