Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരോഗ്യ ഇൻഷുറൻസ്: ജീവനക്കാരുടെ വിഹിതം 3600 രൂപ

health-insurance

തിരുവനന്തപുരം∙ കഴിഞ്ഞദിവസം പ്രഖ്യാപിച്ച പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ സർക്കാർ ജീവനക്കാർക്കു 3600 രൂപയുടെ മുടക്കേ ഒരു വർഷം ഉണ്ടാകൂ. നിലവിലുള്ള പല ആരോഗ്യ ഇൻഷുറൻസ് പോളിസികളുമായി താരതമ്യപ്പെടുത്തുമ്പോൾ ലാഭകരമാണ് ഇതെന്നു സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. മുഴുവൻ ജീവനക്കാരുടെയും പങ്കാളിത്തം ഉറപ്പുവരുത്തി കലക്ടീവ് റിസ്ക് ഷെയറിങ് സ്കീം ആയിട്ടാണു പുതിയ പദ്ധതിയെ സംസ്ഥാന സർക്കാർ വിഭാവനം ചെയ്യുന്നത്.

പദ്ധതിയിൽ മുഴുവൻ ജീവനക്കാരും ചേരണം. മാസം 300രൂപ വീതമാണു ജീവനക്കാരിൽ നിന്നു പ്രീമിയമായി ഈടാക്കുക. എത്ര തുക വരെ ജീവനക്കാർക്കും പെൻഷൻകാർക്കും ആനുകൂല്യമായി കിട്ടും എന്നതിന്റെ വിശദാംശങ്ങൾ ഇൻഷുറൻസ് ഏജൻസികളുമായി നടത്തുന്ന ചർച്ചയ്ക്കു ശേഷം തീരുമാനിക്കും. ഈ വർഷം തന്നെ പദ്ധതി നടപ്പാക്കും. മത്സരാധിഷ്ഠിത ടെൻഡർ വഴിയാകും പദ്ധതി നടത്തിപ്പിനുള്ള ഏജൻസിയെ തിരഞ്ഞെടുക്കുക. 28 സ്വകാര്യ ഇൻഷുറൻസ് സ്ഥാപനങ്ങളും നാലു പൊതുമേഖലാ സ്ഥാപനങ്ങളുമടക്കം 32 സ്ഥാപനങ്ങളെയും ഉൾക്കൊള്ളിച്ചാകും ടെൻഡർ.

ഇതിൽ നാലു പൊതുമേഖലാ സ്ഥാപനങ്ങൾക്കു മുൻഗണന നൽകണമെന്നു കഴിഞ്ഞദിവസം മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഉത്തരവിറങ്ങുന്ന മുറയ്ക്ക് അതിന്റെ നടപടിക്രമങ്ങളിലേക്കു സർക്കാർ കടക്കും. ഒരു മാസത്തിനകം ടെൻഡർ നടപടി തുടങ്ങുമെന്നാണു സൂചന. നിലവിലുള്ള മെഡി ക്ലെയിം പോളിസികൾ അനുസരിച്ച് രണ്ടോ മൂന്നോ അംഗങ്ങളുള്ള കുടുംബത്തിനു മൂന്നു ലക്ഷം വരെയാണു ചികിത്സാ ആനുകൂല്യം ലഭിച്ചുവരുന്നത്. ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാകുന്നതുവരെ നിലവിലുള്ള മെഡിക്കൽ റീ-ഇംബേഴ്‌സ്മെന്റ് തുടരും.

സംസ്ഥാനത്തെ നാലര ലക്ഷത്തോളം സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും അഞ്ചു ലക്ഷം പെൻഷൻകാർക്കുമാണു പദ്ധതി പ്രയോജനപ്പെടുക. ഇതോടെ അംഗീകൃത ആശുപത്രികളിൽ പണമടയ്ക്കാതെ തന്നെ ജീവനക്കാർക്കും പെൻഷൻകാർക്കും ചികിത്സ ലഭിക്കും. ചികിത്സാ ചെലവ് സർക്കാർ മുഖേന ഇൻഷുറൻസ് കമ്പനി, ആശുപത്രികൾക്കു നൽകും. ഔട്ട് പേഷ്യന്റ് ചികിത്സയ്ക്കും ഇൻഷുറൻസ് ആനുകൂല്യം ലഭിക്കും. നിലവിലുള്ള രോഗങ്ങളും ഇൻഷുറൻസ് പരിധിയിൽ വരും.