Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാഴ്ചപരിമിതരായ അധ്യാപകർക്ക് ഐസിടി പരിശീലനം തുടങ്ങി

തിരുവനന്തപുരം∙ സംസ്ഥാനത്തെ കാഴ്ചപരിമിതരായ മുഴുവൻ അധ്യാപകർക്കും വിഷയാധിഷ്ഠിത ഐസിടി പരിശീലനം ആരംഭിച്ചു. ക്ലാസ്മുറികളിൽ ഡിജിറ്റൽ സംവിധാനങ്ങൾ പ്രയോജനപ്പെടുത്താൻ മറ്റ് അധ്യാപകരെപ്പോലെ കാഴ്ചപരിമിതരായ അധ്യാപകരെയും പ്രാപ്തരാക്കുംവിധമാണ് ഐടി അറ്റ് സ്കൂൾ പ്രോജക്ട് പരിശീലനം നൽകുന്നത്.

ഇരുനൂറിലധികം അധ്യാപകർക്കു പ്രത്യേക മൊഡ്യൂൾ ഉപയോഗിച്ചുള്ള മൂന്നുദിവസത്തെ പരിശീലനം ഉടൻ പൂർത്തിയാകും. ബാക്കിയുള്ള 260 പേർക്കു ജൂലൈ മാസത്തോടെ പരിശീലനം നൽകും. കാഴ്ചപരിമിതരായ അധ്യാപകർക്ക് ഐടി പരിശീലനം നൽകുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും.

കുട്ടികളെ പഠിപ്പിക്കാനായി അവതരണങ്ങൾ തയാറാക്കുക, ഭാഷാ കംപ്യൂട്ടിങ്, ഇന്റർനെറ്റിൽനിന്നു ഡിജിറ്റൽ വിഭവങ്ങൾ ശേഖരിക്കൽ, അവയുടെ നിയമവശങ്ങൾ, ഓഡിയോ റിക്കോർഡിങ്, വിഡിയോ എഡിറ്റിങ് തുടങ്ങിയവ പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സാധാരണ ഉപയോഗിക്കുന്ന വിദ്യാഭ്യാസ സോഫ്റ്റ്‌വെയറുകൾ കാഴ്ചപരിമിതർക്കുവേണ്ടി അനുയോജ്യമായ മാറ്റം വരുത്തിയാണ് ഉപയോഗിക്കുന്നത്. ഇതിനു പൂർണമായും സ്വതന്ത്ര സോഫ്റ്റ്‌വെയർ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഓർക്ക (Orca) എന്ന സ്ക്രീൻ റീഡിങ് സങ്കേതമാണു പ്രയോജനപ്പെടുത്തുന്നതെന്ന് ഐടി@സ്കൂൾ എക്സിക്യൂട്ടീവ് ഡയറക്ടർ കെ.അൻവർ സാദത്ത് അറിയിച്ചു.