Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒന്നു മുതൽ ഏഴ് വരെ അധ്യയനം ഇനി ഹൈടെക്

it-cyber-school-computer-class

തിരുവനന്തപുരം∙ സംസ്ഥാനത്തെ ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിൽ എല്ലാ വിഷയങ്ങളും പുതിയ അധ്യയനവർഷം മുതൽ വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആയിരിക്കും പഠിപ്പിക്കുക. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള പുതിയ പഠനരീതി ജൂൺ ഒന്നിനു നിലവിൽ വരുമെന്നു മന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചു. 

അധ്യാപക പരിശീലനം, ബ്രോഡ്ബാൻഡ് ഇന്റർനെറ്റ്, ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി (ഐസിടി) പാഠപുസ്തകങ്ങൾ, ഡിജിറ്റൽ ഉള്ളടക്കം എന്നിവ പൂർത്തിയാക്കി. തുടർന്നാണ് പശ്ചാത്തല സൗകര്യങ്ങൾ സർക്കാർ ഒരുക്കുന്നത്. കഴിഞ്ഞ അക്കാദമിക് വർഷത്തിന്റെ അവസാനം ഒന്നു മുതൽ നാലു വരെ ക്ലാസുകളിലെ മുഴുവൻ കുട്ടികൾക്കും കളിപ്പെട്ടി എന്ന പേരിൽ ഐസിടി പാഠപുസ്തകങ്ങൾ ലഭ്യമാക്കിയിരുന്നു.

32,100 എൽപി സ്കൂൾ അധ്യാപകർക്കു പരിശീലനം നൽകി. മധ്യവേനൽ അവധിക്കാലത്ത് 38,502 യുപി സ്കൂൾ അധ്യാപകർക്കു കൂടി പരിശീലനം നൽകി. ഇങ്ങനെ പരിശീലനം ലഭിച്ച 70,602 അധ്യാപകരാണു ജൂൺ ഒന്നു മുതൽ പുതിയ രീതിയിൽ വിദ്യാർഥികളെ പഠിപ്പിക്കുക. 9377 സർക്കാർ, എയ്ഡഡ് സ്കൂളുകൾക്ക് പ്രയോജനം ലഭിക്കും. 

എല്ലാ സ്കൂളിലും  ഇന്റർനെറ്റ്

ബിഎസ്എൻഎല്ലിന്റെ സഹായത്തോടെ സംസ്ഥാനത്തെ 97% സ്കൂളുകളിലും ബ്രോഡ് ബാൻഡ് ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്തി. മൂന്നു ശതമാനം സ്ഥലത്തു പ്രത്യേക കണക്ടിവിറ്റി ലഭ്യമാക്കാൻ ശ്രമം നടക്കുന്നു.

അഞ്ചു മുതൽ ഏഴു വരെ ക്ലാസുകളിലേക്കു തയാറാക്കിയ ഇ അറ്റ് വിദ്യ പാഠപുസ്തകങ്ങളും മന്ത്രി പ്രകാശനം ചെയ്തു. പ്രൈമറി ക്ലാസുകളിലേക്കുള്ള ഓപ്പറേറ്റിങ് സിസ്റ്റവും ഡിജിറ്റൽ ഉള്ളടക്കവും ഇതോടൊപ്പം പ്രകാശനം ചെയ്തു. ഇതിന്റെ പകർപ്പുകൾ സ്കൂളുകൾക്കു നൽകും. 

50 കുട്ടികൾക്ക് രണ്ടു ലാപ്ടോപ് 

ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിൽ 50 കുട്ടികൾക്കു രണ്ടു ലാപ്ടോപ്, ഒരു മൾട്ടിമീഡിയ പ്രൊജക്ടർ എന്ന ക്രമത്തി‍ൽ വിന്യസിക്കും. 500 കുട്ടികളിൽ കൂടുതലുണ്ടെങ്കിൽ 15 ലാപ്ടോപ്, ആറു പ്രൊജക്ടർ എന്നിവ നൽകും.

സൗകര്യമുള്ള സ്ഥലങ്ങളിൽ സ്മാർട് ക്ലാസ്മുറി, മൾട്ടി ഫങ്ഷൻ പ്രിന്റർ, വിഡിയോ കോൺഫറൻസിങ് സൗകര്യം തുടങ്ങിയവയും ഏർപ്പെടുത്തും. ഇതിന്റെ വിശദ നിർദേശം ജൂലൈയിൽ തയാറാക്കി കിഫ്ബിക്കു സമർപ്പിക്കും. 

ക്ലാസ് മുറികൾ ഹൈടെക്

എട്ടു മുതൽ 12 വരെയുള്ള 4775 സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി 45,000 ക്ലാസ് മുറികൾ ഹൈടെക് ആക്കുന്നതിനും ഐടി ലാബുകൾ സ്ഥാപിക്കുന്നതിനുമുള്ള പ്രവർത്തനം തുടരുന്നു.

ഇതിനായി കിഫ്ബിയിൽ നിന്ന് 400 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ വർഷം ജോലികൾ പൂർത്തിയാകും. തുടർന്ന് എൽപി, യുപി സ്കൂളുകളുടെ പദ്ധതി നിർദേശം കിഫ്ബിക്കു സമർപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.