Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എയിംസിനു പൊതുവായ ഗവേണിങ് കൗൺസിൽ രൂപീകരിച്ചേക്കും

ന്യൂഡൽഹി∙ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് (എയിംസ്) പൊതുവായ ഗവേണിങ് കൗൺസിൽ രൂപീകരിച്ചേക്കും. പുതിയ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു രൂപീകരിച്ച ഉന്നതതല സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നീക്കം.

രാജ്യത്തെ ഐഐടികളുടെ നടത്തിപ്പിനു പൊതുവായ ഗവേണിങ് കൗൺസിലുണ്ട്. ഇതേ മാതൃക എയിംസിലും നടപ്പാക്കണമെന്നാണു നിർദേശം. കൂടാതെ ഡയറക്ടർ ഉൾപ്പെടെയുള്ള പ്രധാന പദവികൾ വഹിക്കുന്നവരുടെ വിരമിക്കൽ പ്രായം 67 ആയി ഉയർത്തണമെന്നും നിർദേശമുണ്ട്.

കേന്ദ്ര മന്ത്രാലയത്തിന്റെ പരിഗണനയിലുള്ള റിപ്പോർട്ടിൽ വൈകാതെ അന്തിമ തീരുമാനം സ്വീകരിക്കും. ഡൽഹി എയിംസിനു പുറമെ ഭൂവനേശ്വർ, ഭോപ്പാൽ, ജോധ്പുർ, റായ്പുർ, പട്ന, ഋഷികേശ് എന്നിവിടങ്ങളിലാണു രാജ്യത്തെ മറ്റ് എയിംസുകൾ. ഇതിനു പുറമെ 14 എയിംസുകൾ കൂടി ആരംഭിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്.

നിലവിൽ ഓരോ എയിംസിനും പ്രത്യേകം ഗവേണിങ് കൗൺസിലുണ്ട്. ഇതിന്റെ യോഗങ്ങൾക്കു കേന്ദ്ര ആരോഗ്യ മന്ത്രി ഉൾപ്പെടെയുള്ളവർ പങ്കെടുക്കുകയും വേണം. ഇത്തരത്തിൽ അറുപതിലേറെ യോഗങ്ങൾക്കു പ്രതിവർഷം മന്ത്രി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ എത്തുക പ്രായോഗികമല്ലെന്നും എം.കെ.ഭാൻ അധ്യക്ഷനായ കമ്മിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു.

ഒരു ഗവേണിങ് കൗൺസിൽ രൂപീകരിച്ചാൽ ഭരണപരമായ മികവ് എല്ലാ സ്ഥാപനങ്ങളിലും നിലനിർത്താൻ സാധിക്കുമെന്നും കമ്മിറ്റി വ്യക്തമാക്കുന്നു. മാനവശേഷി ഉപയോഗം, റിക്രൂട്ട്മെന്റ്, ഉപകരണങ്ങൾ വാങ്ങൽ തുടങ്ങിയ കാര്യങ്ങളിലെല്ലാം പൊതുവായ സംവിധാനം രൂപപ്പെടുത്താൻ സാധിക്കും.

പുതുതായി സ്ഥാപിക്കുന്ന എയിംസിന്റെ മികവുയർത്താൻ മറ്റു സ്ഥാപനങ്ങളിൽ നിന്നുള്ള മികച്ച ഡോക്ടർമാരെ ഡപ്യൂട്ടേഷനിൽ നിയമിക്കണമെന്നും വിരമിച്ചവരെയും വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരെയും ഇവിടെ ജോലിക്കെടുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.