Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻജിനീയറിങ് ഓപ്ഷൻ റജിസ്ട്രേഷൻ തുടങ്ങി

engineering

തിരുവനന്തപുരം∙ എൻജിനീയറിങ്, ഫാർമസി കോളജുകളിലേക്കുള്ള രണ്ടാംഘട്ട പ്രവേശനത്തിന് ഓപ്ഷൻ റജിസ്ട്രേഷൻ തുടങ്ങി. സർക്കാരുമായി കരാർ ഒപ്പുവച്ച സ്വാശ്രയ ഫാർമസി കോളജുകളിലെ ബിഫാം സർക്കാർ സീറ്റുകളിലേക്കും ഈ ഘട്ടത്തിൽ ഓപ്ഷൻ സ്വീകരിക്കും. പുതിയതായി ഉൾപ്പെടുത്തിയ ഏതാനും എ‍ൻജിനീയറിങ്, ആർക്കിടെക്ചർ കോഴ്സുകളിലേക്കും ഓപ്ഷൻ നൽകാം.

നിലവിലുള്ള ഹയർ ഓപ്ഷനുകൾ രണ്ടാംഘട്ട അലോട്മെന്റിനു പരിഗണിക്കണമെന്ന് ആഗ്രഹിക്കുന്നവർ പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റിലെ ഹോംപേജിൽ കയറി ഓപ്ഷൻ കൺഫേം ചെയ്യണം. തുടർന്ന്, ഹയർ ഓപ്ഷൻ പുനഃക്രമീകരിക്കുകയോ, ആവശ്യമില്ലാത്തവ റദ്ദാക്കുകയോ, പുതിയ കോളജുകളിലേക്കോ കോഴ്സുകളിലേക്കോ ഓപ്ഷൻ നൽകുകയോ ചെയ്യാൻ ഒൻപതിനു രാവിലെ ഒൻപതു വരെ സമയം ഉണ്ടാകും. 10നു വൈകിട്ടു രണ്ടാംഘട്ട അലോട്മെന്റ് പ്രസിദ്ധീകരിക്കും.

11 മുതൽ 14 വരെ, തിരഞ്ഞെടുത്ത എസ്ബിഐ ശാഖകളിൽ ഫീസ് അടയ്ക്കാം. 14നു വൈകിട്ട് അഞ്ചിനു മുൻപായി കോളജിൽ ചേരണം. ആദ്യഘട്ടത്തിൽ അലോട്മെന്റ് ലഭിച്ചവർ രണ്ടാംഘട്ട അലോട്മെന്റിനു പരിഗണിക്കപ്പെടണമെങ്കിൽ ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്തണമെന്നു നിർബന്ധമാണ്. ആദ്യഘട്ടത്തിൽ അലോട്മെന്റ് ലഭിക്കാത്തവരും അടുത്ത അലോട്മെന്റിനു പരിഗണിക്കപ്പെടാൻ കൺഫേം ചെയ്യണം. ഇങ്ങനെ ചെയ്യാത്തവരുടെ ഹയർ ഓപ്ഷനുകൾ റദ്ദാകുമെന്നു മാത്രമല്ല, തുടർന്നുള്ള പ്രവേശന പ്രക്രിയയിൽ നിന്ന് അവർ പുറത്താകൂകയും ചെയ്യും.

എന്നാൽ, നിശ്ചിത സമയത്തിനുള്ളിൽ ഫീസ് അടച്ചുവെങ്കിൽ ഓപ്ഷൻ കൺഫർമേഷൻ നടത്താത്തവർക്കും ആദ്യഘട്ടത്തിൽ ലഭിച്ച അലോട്മെന്റ് നിലനിൽക്കും. രണ്ടാംഘട്ട അലോട്മെന്റിൽ 13 കോളജുകളിലെ എൻജിനീയറിങ്, ആർക്കിടെക്ചർ കോഴ്സുകളും 36 സ്വാശ്രയ ഫാർമസി കോളജുകളിലെ ബിഫാം കോഴ്സുകളും പുതിയതായി ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വാശ്രയ ഫാർമസി കോളജുകളിൽ 85,000 രൂപയാണു ട്യൂഷൻ ഫീസ്. ഇതിന്റെ വിശദാംശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

വിവിധ കാരണങ്ങളാൽ, റാങ്ക് പട്ടികയിൽ ഫലം തടഞ്ഞുവച്ച വിദ്യാർഥികൾക്കും ഓൺലൈൻ ഓപ്ഷൻ നൽകാം. എന്നാൽ, ഈ വിദ്യാർഥികൾ നാളെ വൈകിട്ട് അഞ്ചിനു മുൻപ് ഫലം പ്രസിദ്ധീകരിക്കുന്നതിനുള്ള രേഖകൾ പ്രവേശന പരീക്ഷാ കമ്മിഷണർക്കു സമർപ്പിച്ചില്ലെങ്കിൽ അവരെ അലോട്മെന്റിനു പരിഗണിക്കില്ല. ഓരോ കോളജിലെയും ഒന്നാംഘട്ട അലോട്മെന്റിനു ശേഷമുള്ള ഒഴിവുകളുടെ എണ്ണം പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റിലുണ്ട്. അതു കൂടി പരിഗണിച്ചു വേണം വിദ്യാർഥികൾ ഓപ്ഷൻ നൽകേണ്ടത്.