Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർക്കാർ ജീവനക്കാരുടെ കാര്യക്ഷമത കൂട്ടാൻ പരിശീലനനയം

തിരുവനന്തപുരം∙ സർക്കാർ ജീവനക്കാരുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുള്ള സംസ്ഥാന പരിശീലന നയം മന്ത്രിസഭ അംഗീകരിച്ചു. ജീവനക്കാരുടെ കഴിവ് വികസിപ്പിക്കുന്നതോടൊപ്പം അവരെ ജനക്ഷേമതൽപരരും ഉത്തരവാദിത്തബോധമുള്ളവരും അഴിമതിരഹിതരും ജനസൗഹൃദ പെരുമാറ്റമുള്ളവരുമാക്കി മാറ്റിയെടുക്കുന്നതിനുളള പദ്ധതിയാണ് അംഗീകരിച്ചത്.

ഇതിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ്(ഐഎംജി) നടത്തുന്ന പരിശീലന പരിപാടി ഏകോപിപ്പിക്കും. ഒരു ഓഫിസർക്ക് സേവന കാലയളവിൽ മൂന്നു പൊതു പരിശീലനമെങ്കിലും ഉറപ്പുവരുത്തും. ഹ്രസ്വമായ പരിശീലനം രണ്ടുവർഷം കൂടുമ്പോൾ നൽകും. വർഷാരംഭം തന്നെ ഏത് ഓഫിസർ ഏതു പരിശീലനത്തിൽ പങ്കെടുക്കണമെന്നു സൂചിപ്പിക്കുന്ന കലണ്ടർ തയാറാക്കും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനു 'കില' നോഡൽ ഏജൻസിയായി പരിശീലന നയം ആവിഷ്കരിക്കും.

സ്ഥാന പരിശീലന നയം നടപ്പാക്കുന്നതിനു ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല കൗൺസിൽ രൂപീകരിക്കും. ഭരണമേഖലയിൽ ലോകത്തൊട്ടാകെ വലിയ മാറ്റങ്ങളും വികസനവും ഉണ്ടായിട്ടുണ്ടെന്നു മന്ത്രിസഭ വിലയിരുത്തി. സുതാര്യത, അവകാശാധിഷ്ഠിത വികസനം, ഇ-ഗവേണൻസ്, ജനപങ്കാളിത്തം എന്നിവയിലാണു വലിയ മാറ്റം. ജനകീയ ആവശ്യങ്ങൾക്കൊപ്പം സിവിൽ സർവീസും മാറിക്കൊണ്ടിരിക്കുന്നു. ഈ മാറ്റം ഉൾക്കൊള്ളുന്ന പരിശീലന പദ്ധതിയാണ് തയാറാക്കിയിരിക്കുന്നത്.