Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെഗുലേറ്ററി കമ്മിഷൻ അധ്യക്ഷൻ ചുമതലയേൽക്കുക ചീഫ് സെക്രട്ടറി മുമ്പാകെ

തിരുവനന്തപുരം∙ വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ പുതിയ ചെയർമാനു ചീഫ് സെക്രട്ടറി തന്നെ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ഈയാഴ്ച അവസാനമോ അടുത്തയാഴ്ച ആദ്യമോ പുതിയ ചെയർമാൻ പ്രേമൻ ദിനരാജ് ചുമതലയേൽക്കും. ചീഫ് സെക്രട്ടറി മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നതായിരുന്നു കീഴ്‌വഴക്കം.

എന്നാൽ കഴിഞ്ഞ വർഷം ടി.എം.മനോഹരൻ ചെയർമാനായിരിക്കെ അദ്ദേഹത്തിനു ഹൈക്കോടതി ജഡ്ജിയുടെ പദവി നൽകി സർക്കാർ ഉത്തരവിറക്കിയിരുന്നു. ചെയർമാനു ഹൈക്കോടതി ജഡ്ജിയുടെ പദവി തുടരുന്ന സാഹചര്യത്തിലാണു പുതിയ ചെയർമാനു ഗവർണർ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കണമെന്ന ആവശ്യം ഉയർന്നത്. എന്നാൽ കേന്ദ്ര വൈദ്യുതി നിയമപ്രകാരം നിലവിൽ വന്ന റെഗുലേറ്ററി കമ്മിഷന്റെ ചെയർമാനു ഹൈക്കോടതി പദവി നൽകി ചട്ടങ്ങൾ ഭേദഗതി ചെയ്തിട്ടില്ലെന്നു രാജ്ഭവൻ ചൂണ്ടിക്കാട്ടി.

കർണാടകയിലും മറ്റും ചട്ടങ്ങൾ ഭേദഗതി ചെയ്തു ഹൈക്കോടതി ജഡ്ജിയുടെ പദവി നൽകിയപ്പോൾ ഇവിടെ സർക്കാർ ഉത്തരവു മാത്രമേയുള്ളൂ. ഈ സാഹചര്യത്തിൽ ചീഫ് സെക്രട്ടറി തന്നെയാണു സത്യപ്രതിജ്​ഞ ചെയ്യിക്കേണ്ടതെന്നു രാജ്ഭവൻ ചൂണ്ടിക്കാട്ടുകയായിരുന്നു. സത്യപ്രതിജ്ഞയുടെ തീയതി ചീഫ് സെക്രട്ടറി തീരുമാനിക്കും. രണ്ടു മാസത്തോളം മുമ്പാണു പ്രേമൻ ദിനരാജിനെ ചെയർമാനായി സർക്കാർ നിയമിച്ചത്.