Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ അറിവിലൂടെ പുതിയ കേരളം

digital-keralam മലയാള മനോരമ തിരുവനന്തപുരത്തു സംഘടിപ്പിച്ച ‍‘ഡിജിറ്റൽ കേരളം @ 2025’ ആശയക്കൂട്ടത്തിൽ റബ്ഫില ഇന്റർനാഷനൽ എംഡി ജി. കൃഷ്ണകുമാർ, കേരള സ്റ്റാർട്ടപ് മിഷൻ സിഇഒ ഡോ. സജി ഗോപിനാഥ്, സൺടെക് ബിസിനസ് സൊലൂഷൻസ് സിഇഒ കെ. നന്ദകുമാർ, എംജി സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ. സാബു തോമസ്, ഐബിഎസ് എക്സിക്യൂട്ടീവ് ചെയർമാൻ വി.കെ. മാത്യൂസ്, ടെക്നോപാർക്ക് സ്ഥാപക സിഇഒ ജി. വിജയരാഘവൻ, മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസ്, കേരള അക്കാദമി ഓഫ് സ്കിൽസ് എക്സലൻസ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ, ഏൺസ്റ്റ് ആൻഡ് യങ് എക്സിക്യൂട്ടീവ് ഡയറക്ടർ രാജേഷ് നായർ, എൻഐഐഎസ്ടി ഡയറക്ടർ ഡോ. എ. അജയഘോഷ്, കേരള യൂണിവേഴ്സിറ്റി ബയോ ഇൻഫർമാറ്റിക്സ് സെന്റർ ഡയറക്ടർ ഡോ. എസ്. അച്യുത് ശങ്കർ, ഫെഡറൽ ബാങ്ക് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ശാലിനി വാരിയർ, കാർഷിക സർവകലാശാല മുൻ വിസി ഡോ. കെ.വി. പീറ്റർ, ഫയ ഇന്നവേഷൻസ് എംഡി ദീപു എസ്. നാഥ് എന്നിവർ.

തിരുവനന്തപുരം ∙ മാറുന്ന സാങ്കേതികവിദ്യകളെ ഫലപ്രദമായി ഉപയോഗപ്പെടുത്തി ലോകത്തിനു മാതൃകയാകുന്ന തരത്തിൽ ഡിജിറ്റൽ സംസ്ഥാനമായി വളരാനുള്ള ശേഷിയും സാധ്യതകളും കേരളത്തിനുണ്ടെന്ന് മലയാള മനോരമ സംഘടിപ്പിച്ച ‍‘ഡിജിറ്റൽ കേരളം @ 2025’ ആശയക്കൂട്ടം. സാങ്കേതികവിദ്യകളിലെ മാറ്റം മുന്നിൽക്കണ്ട് ദീർഘവീക്ഷണത്തോടെയുള്ള ദർശനരേഖയുണ്ടാക്കി മുന്നോട്ടുപോകാൻ സർക്കാരും വ്യവസായലോകവും പൊതുസമൂഹവും കൈകോർക്കണമെന്നും ആശയക്കൂട്ടം നിർദേശിച്ചു. 

അറിവ് അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിപ്ലവമാണ് ഭാവിയിൽ വരാനിരിക്കുന്നത്. നിലവിലുള്ള ചില ജോലികൾ ഇല്ലാതാകുമെങ്കിലും പുതിയ ജോലിസാധ്യതകൾ ഉയർന്നുവരും. അതിനുള്ള തയാറെടുപ്പുകൾ ഇപ്പോഴേ തുടങ്ങണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മുതൽ ജിനോമിക്സ് വരെയുള്ള നവസാങ്കേതികമേഖലകളിൽ തിളങ്ങാൻ കേരളത്തിനു കഴിയും. ലോകത്തെവിടെയും നേട്ടങ്ങളുണ്ടാക്കാൻ കഴിവുള്ള മനുഷ്യവിഭവശേഷിയാണു കേരളത്തിന്റെ ഏറ്റവും വലിയ സമ്പത്ത്. എന്നാൽ, അതിനു വേണ്ട ഒരുക്കങ്ങൾ വിദ്യാഭ്യാസമേഖലയിലുൾപ്പെടെ നടപ്പാക്കേണ്ടതുണ്ട്. ഉന്നതവിദ്യാഭ്യാസമേഖലയിലെ മുൻനിരസ്ഥാപനങ്ങളുടെ കൂട്ടായ്മയുണ്ടാക്കുകയും വിദേശസർവകലാശാലകളിൽ തിളങ്ങുന്ന നേട്ടം കൈവരിച്ച മലയാളികളുടെ സേവനം ഉപയോഗിക്കുകയും വഴി കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ കൊണ്ടുവരാനാകുമെന്നും ആശയക്കൂട്ടം ചൂണ്ടിക്കാട്ടി. 

സർക്കാർ സേവനങ്ങൾ ഫലപ്രദമായി ജനങ്ങളിലേക്കെത്തിക്കാൻ എല്ലാ വകുപ്പുകൾക്കും ഡിജിറ്റൽ സേവനനയമുണ്ടാക്കണമെന്ന് ആശയക്കൂട്ടം ശുപാർശ ചെയ്തു. സാങ്കേതികവിദ്യയിലെ മാറ്റങ്ങളെക്കുറിച്ച് പൊതുജനങ്ങളെയും രാഷ്ട്രീയനേതൃത്വത്തെയും ബോധവൽക്കരിക്കാനും അതിനു തയാറെടുക്കാനും സർക്കാർ മുൻകയ്യെടുക്കണം. മികച്ച തൊഴിൽസാധ്യതയുള്ള പരമ്പരാഗതകോഴ്സുകൾക്കൊപ്പം നവസാങ്കേതികവിദ്യകളിൽക്കൂടി പരിശീലനം നൽകാൻ വിദ്യാഭ്യാസസ്ഥാപനങ്ങൾ ശ്രമിക്കണം. കോഴ്സുകൾ കാലാനുസൃതമാക്കുന്നതിന് വ്യവസായലോകവുമായി കൈകോർക്കാൻ സർക്കാരും സർവകലാശാലകളും ശ്രദ്ധ ചെലുത്തണം. ഉന്നതവിദ്യാഭ്യാസമേഖലയിൽ വിദേശസർവകലാശാലകൾ നൽകുന്ന ഓപ്പൺ കോഴ്സുകൾ സ്വീകരിക്കാൻ സർവകലാശാലകൾക്കും വിദ്യാർഥികൾക്കും കൂടുതൽ സ്വാതന്ത്ര്യം നൽകണമെന്നും ആശയക്കൂട്ടം നിർദേശിച്ചു. 

ജി. വിജയരാഘവൻ മോഡറേറ്റർ ആയിരുന്നു. യോഗത്തിനെത്താന്‍ കഴിയാതിരുന്ന ഐടി സെക്രട്ടറി എം.ശിവശങ്കർ ആശയങ്ങളും നിർദേശങ്ങളുമറിയിച്ചു.

അവസരങ്ങളുടെ പ്രവാഹം

തൊഴിൽ– സംരംഭ അവസരങ്ങളിൽ വരുന്നതു വ്യാപകമായ പൊളിച്ചെഴുത്തിന്റെ നാളുകൾ. എപ്പോഴും ഒരേ രീതിയിൽ ചെയ്യേണ്ടുന്ന തരം ജോലികളിലേക്ക്, മനുഷ്യനുപകരം റോബട്ടുകളും മറ്റു സാങ്കേതിക വിദ്യകളും കടന്നുവരും. എന്നാല്‍, പുതിയ ഒട്ടേറെ തൊഴില്‍മേഖലകളും വ്യവസായ സാധ്യതകളുമാണു നമ്മെ കാത്തിരിക്കുന്നത്.

വലിയതോതിൽ ഡേറ്റ കൈകാര്യം ചെയ്യാനും വിശകലനം ചെയ്യാനുമുള്ള കഴിവ് ഏറെ പ്രസക്തം. ബിഗ് ഡേറ്റ അനാലിസിസ് എല്ലാ രംഗങ്ങളിലും അത്യാവശ്യമാകും. സൈബർ സുരക്ഷയും അതുപോലെതന്നെ. ജീൻ വിശകലന മേഖലയായ ജീനോമിക്സ് വളരെ പ്രധാനം. ഒരു തസ്തിക എന്ന മട്ടിൽ വന്നില്ലെങ്കിലും. ചെയ്ഞ്ച് മാനേജർമാർ എല്ലായിടവും ആവശ്യമായിവരും. അതിവേഗ മാറ്റങ്ങൾ മുന്നിൽനിന്നു നയിക്കേണ്ടുന്നവരാണിവർ.

കണ്ണു തുറക്കൂ.. മൂക്ക് വരട്ടെ

ബ്ലോക്ചെയിൻ, ഐഒടി, എഐ തുടങ്ങിയ ഭാവിയുടെ സാങ്കേതികവിദ്യകളെല്ലാം പഠിപ്പിക്കുന്ന ആയിരക്കണക്കിന് മൂക് കോഴ്സുകൾ (MOOC- മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്സസ്) ലഭ്യമാണ്. 

വിദഗ്ധരേ ഇതിലേ.. 

ഒരു കോടി സൈബർ സെക്യൂരിറ്റി വിദഗ്ധരെ ഭാവിയിൽ ആവശ്യമായി വരും. ഇത് ഇന്ത്യയിൽ ഇപ്പോഴുള്ള ആകെ ഐടി ജീവനക്കാരുടെ എണ്ണത്തിന്റെ മൂന്നിരട്ടിയാണ്. 

പഠനം നിര്‍ത്തല്ലേ...

യോഗ്യതയുടെ അളവുകോൽ ലേണിങ് ക്വോഷ്യന്റ് ആണ്. ജീവിതാന്ത്യം വരെ പഠിക്കാൻ മനസുള്ളവർക്കായി തുറന്നിടുന്നതാണു പുതിയ തൊഴിലിടങ്ങൾ.

കോംപറ്റീഷനല്ല, കൊളാബറേഷൻ 

ആധുനിക തൊഴിൽരംഗം വലിയൊരു മാറ്റത്തിലേക്കു കടക്കുകയാണ്. തൊഴിൽ സംസ്കാരം തന്നെ മാറി. മത്സരബുദ്ധി എന്നതിനപ്പുറം പല മേഖലയിലെ വിദഗ്ധരുമായി യോജിച്ചുള്ള മുന്നേറ്റമാണ് ഇപ്പോഴുള്ളത്. ഒന്നിലേറെ സാങ്കേതിക വിദ്യകൾ അറിയുന്നതുംതുതും പുതിയ സാങ്കേതിക വിദ്യകൾ വേഗത്തിൽ പഠിക്കാൻ കഴിയുന്നതും യോഗ്യതയായി മാറുന്നു. 

നമുക്കും കിട്ടണം നൊബേല്‍

∙ ജി. വിജയരാഘവൻ:

‘ഇ. കെ. നായനാർ ഒരിക്കൽ സ്ട്രാറ്റ്ഫഡ് സർവകലാശാലയിലെത്തി. ഒപ്പമുണ്ടായിരുന്നയാൾ അവിടെയുള്ളവരെ പരിചയപ്പെടുത്തി. ഇത്, ഈ വർഷം നൊബേൽ സമ്മാനം ലഭിച്ചയാൾ, ഇതു കഴിഞ്ഞ വർഷം പുരസ്കാരം ലഭിച്ചയാൾ.. അവിടെ ഇരിക്കുന്നവർ മുൻവർഷങ്ങളിൽ ലഭിച്ചവർ.. അവസാനം നായനാർ ചോദിച്ചു, നമ്മുടെ നാട്ടിൽ പേരിനെങ്കിലും ഒരാളെ തപ്പിയെടുക്കാനുണ്ടാകുമോ?’

∙ ഡോ. അച്യുത് ശങ്കർ:

‘എന്നോടായിരുന്നു ഈ ചോദ്യമെങ്കിൽ, ‘അവിടുത്തെ സർവകലാശാല ഭരിക്കുന്നത് പാർട്ടിയുടെ ജില്ലാ സെക്രട്ടറി അല്ലെ’ന്ന് ഉത്തരം നല്‍കിയേനെ.’. 

നാം 400 മടങ്ങ് പിന്നിൽ

കേംബ്രിജ് യൂണിവേഴ്സിറ്റിയേക്കാൾ 400 മടങ്ങു പിന്നിലാണ് നമ്മുടെ സർവകലാശാലകൾ.  50 വർഷത്തിൽ കേരളാ യൂണിവേഴ്സിറ്റിയിൽ നിന്ന് ആകെ വന്നത് ഒരു പേറ്റന്റ് മാത്രം. 

മനുഷ്യസാമീപ്യം ഇല്ലത്രേ..

കേരളത്തിലെ ഒരു വിദ്യാർഥിക്കു പിഎച്ച്ഡി നിഷേധിക്കാനുള്ള കാരണം നോക്കൂ... രണ്ട് കോഴ്സുകൾ പാസായാലേ തീസിസ് അംഗീകരിക്കൂ എന്നാണ് സർവകലാശാലാ ചട്ടം. വിദ്യാർഥി 16 കോഴ്സുകൾ വിദേശ സർവകലാശാലകളിൽനിന്ന് ഓൺലൈനായി പാസായിരുന്നു. പക്ഷേ, നമ്മുടെ സർവകലാശാലയ്ക്ക് അത് അംഗീകരിക്കാനാവുന്നില്ല. മനുഷ്യസാമീപ്യമില്ലാത്തതൊന്നും അംഗീകരിക്കില്ലത്രേ...