Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃദയപൂർവം കൈത്താങ്ങ്; 300 കുടുംബങ്ങൾക്കു പ്രത്യാശ

Hridayapoorvam മലയാള മനോരമയും മദ്രാസ് മെഡിക്കൽ മിഷനും ചേർന്ന് കോട്ടയത്ത് സംഘടിപ്പിച്ച ‘ഹൃദയപൂർവം’ ക്യാംപിൽ തുടർ പരിശോധനയ്ക്കെത്തിയ കുട്ടികൾ. ചിത്രം: മനോരമ

കോട്ടയം∙ മുന്നൂറു കുടുംബങ്ങളിലേക്കു പ്രത്യാശയുടെ പൊൻവെട്ടമെത്തിച്ചു ‘ഹൃദയപൂർവം’ ഒൻപതാം ഘട്ടത്തിലെ പരിശോധനാ ക്യാംപ് സമാപിച്ചു. മലയാള മനോരമയും മദ്രാസ് മെഡിക്കൽ മിഷനും ചേർന്നൊരുക്കുന്ന പദ്ധതിയുടെ ഭാഗമായി 14 ജില്ലകളിൽനിന്നുള്ള 300 പേരാണ് രണ്ടുദിവസ ക്യാംപിൽ പങ്കെടുത്തത്. ഇവരിൽ 110 പേർ കുഞ്ഞുങ്ങളായിരുന്നു. 

മദ്രാസ് മെഡിക്കൽ മിഷൻ കാർഡിയോളജി വിഭാഗം ഡയറക്‌ടർ ഡോ. അജിത് മുല്ലശേരി,  പീഡിയാട്രിക് കാർഡിയോളജി വിഭാഗം തലവൻ ഡോ. കെ.ശിവകുമാർ, സീനിയർ കൺസൽറ്റന്റ് കാർഡിയോതൊറാസിക് സർജൻ ഡോ.വി.എം. കുര്യൻ, ഹൃദ്രോഗവിദഗ്ധരായ ഡോ.നന്ദകുമാർ, ഡോ. ഉമാ മഹേശ്വർ, ഡോ.അരവിന്ദ് സിങ് എന്നിവർ പരിശോധനകൾക്കു നേതൃത്വം നൽകി. ഹൃദയപൂർവം പദ്ധതിയിലൂടെ മുൻപു ശസ്ത്രക്രിയ നടത്തിയവർക്കു തുടർപരിശോധനയും നടന്നു. 

മദ്രാസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ സൗജന്യ ഹൃദയശസ്ത്രക്രിയയ്ക്കുള്ള മുൻഗണനാപട്ടിക ഡോക്‌ടർമാരുടെ സമിതി തയാറാക്കിയിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ടവരെ മലയാള മനോരമയിൽനിന്നു നേരിട്ട് അറിയിക്കും. ശസ്ത്രക്രിയയ്ക്കു വിധേയരാകുന്നവരുടെയും ഒപ്പം പോകുന്ന സഹായിയുടെയും യാത്രാ ചെലവുകൾ ഉൾപ്പെടെ മലയാള മനോരമയും മദ്രാസ് മെഡിക്കൽ മിഷനും ചേർന്നാണു വഹിക്കുന്നത്.