Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർക്കാർ ഇനി വിരൽത്തുമ്പിൽ

m-keralam-app

പാലക്കാട് ∙ മൊബൈൽ ഫോൺ കയ്യിലുണ്ടെങ്കിൽ ഇനി സംസ്ഥാന സർക്കാർ സേവനങ്ങൾ വിരൽത്തുമ്പിൽ. എല്ലാ സർക്കാർ വകുപ്പുകളുടെയും സേവനങ്ങൾ ഒറ്റ ആപ്ലിക്കേഷനിലാക്കി സംസ്ഥാന സർക്കാരിന്റെ എം–കേരളം ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിലെത്തി. സൗജന്യമായി ഡൗൺലോഡ് ചെയ്യാം. 23 സർക്കാർ വകുപ്പുകളുടെ സേവനങ്ങളാണ് ഇപ്പോഴുള്ളത്. എഴുപതിൽപരം സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാം. 

ഐടി മിഷൻ തയ്യാറാക്കിയ ആപ്ലിക്കേഷൻ പരിചയപ്പെടാം:

 സർട്ടിഫിക്കറ്റുകൾ

പഞ്ചായത്തിൽ നിന്നു ലഭിക്കുന്ന ജനന, വിവാഹ, മരണ സർട്ടിഫിക്കറ്റുകൾ അപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യാം. ആപ്പിലെ ഫോമിൽ വിവരങ്ങൾ നൽകിയാൽ മതി. സാമൂഹിക പെൻഷൻ പദ്ധതികളിലേക്കും മറ്റ് ആനുകൂല്യങ്ങൾക്കും അപേക്ഷിക്കാം. അന്വേഷണം ആവശ്യമുള്ള അപേക്ഷകളിൽ ഒരാഴ്ചയ്ക്കുള്ളി‍ൽ തീർപ്പുണ്ടാക്കും. രസീത് ഡൗൺലോഡ് ചെയ്തു സൂക്ഷിക്കണം. ആനുകൂല്യത്തിനു അർഹനാണോയെന്ന വിവരം പിന്നീട് ആപ്പിലെ സ്റ്റാറ്റസ് വഴിയും മൊബൈൽ സന്ദേശം വഴിയും അറിയാം. 

വില്ലേജ്, തഹസി‌ദാർ ഓഫിസുകളിൽ നിന്നു ലഭിക്കേണ്ട ജാതി, വരുമാന, പട്ടികജാതി, വർഗ, കൈവശാവകാശം, വിധവ തുടങ്ങി 23 സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷിക്കാനാകും. അന്വേഷണം ആവശ്യമില്ലാത്തവ അപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യാം. 

കാർഷികം

പദ്ധതികൾ, സബ്സിഡി, നഷ്ടപരിഹാരത്തുക എന്നീ വിവരങ്ങൾ ലഭ്യം. അപേക്ഷിക്കാനുള്ള സംവിധാനം ഉടൻ ഏർപ്പെടുത്തും. കൃഷിയെ സംബന്ധിച്ച വിവരങ്ങളും ലഭ്യം. 

മോട്ടോർ വാഹന വകുപ്പ്

ലൈസൻസ്, വാഹനങ്ങളുടെ പെർമിറ്റ് എന്നിവയ്ക്കും പുതുക്കാനും അപേക്ഷ നൽകാം. തുടർ നടപടികളെ സംബന്ധിച്ച് രണ്ടു ദിവസത്തിനുള്ളിൽ ഫോൺ വഴി സന്ദേശമെത്തും. സ്റ്റാറ്റസ് വഴിയും അറിയാം. 

ലോട്ടറി

‌നറുക്കെടുപ്പ് ഫലം, ഏജന്റുമാർ‌ക്കുവേണ്ട വിവരങ്ങൾ, കാരുണ്യ പദ്ധതി വിവരങ്ങൾ. കാരുണ്യ പദ്ധതിക്കായി അപേക്ഷിക്കാം. പദ്ധതിയിലെ ആശുപത്രികളുടെ വിവരങ്ങളുണ്ട്.

കെഎസ്ഇബി

പരാതികൾ അറിയിക്കാം. വൈദ്യുതി ബിൽ അടയ്ക്കാനും വൈദ്യുതി ഉപയോഗം അറിയാനും സൗകര്യമുണ്ട്. മുൻ വർഷങ്ങളിലെ മീറ്റർ റീഡിങ്ങും ബില്ലും പരിശോധിച്ച് കോപ്പി ഡൗൺലോഡ് ചെയ്തെടുക്കാം. 

പോസ്റ്റ് ഓഫിസ്

നിക്ഷേപ പദ്ധതികളെക്കുറിച്ചും മറ്റു സേവനങ്ങളെക്കുറിച്ചും അറിയാം. 

ജല അതോറിറ്റി

വെള്ളക്കരം അടയ്ക്കാനും പുതിയ അപേക്ഷ നൽകാനും സൗകര്യം. കുടിശികയും വെള്ളത്തിന്റെ ഉപയോഗവും അറിയാം. പരാതികളും അറിയിക്കാം.

ടൂറിസം

സംസ്ഥാനത്തെ വിനോദ സഞ്ചാരകേന്ദ്രങ്ങളെക്കുറിച്ചും അവിടുത്തെ താമസ സൗകര്യങ്ങളെക്കുറിച്ചും അറിയാം. മുൻകൂട്ടി ബുക്ക് ചെയ്യാനാകും. 

ട്രഷറി

പെൻഷൻ ഐഡി നൽകി വിവരങ്ങൾ അറിയാം. വിവിധ ചെലാനുകൾ അടയ്ക്കാനും സൗകര്യം.

വിദ്യാഭ്യാസം 

സ്കൂളുകൾ, സർവകലാശാലകൾ എന്നിവയെ സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭ്യം. പരീക്ഷ അറിയിപ്പുകൾ, ഉത്തരവുകൾ, വിജ്ഞാപനം തുടങ്ങിയ വിവരങ്ങൾ. പരീക്ഷയ്ക്കു പണം അടയ്ക്കാനുമാകും. 

ആരോഗ്യം

രക്ത ബാങ്കുകളുടെയും രക്തദാതാക്കളുടെയും ഫോൺ നമ്പർ ജില്ല തിരിച്ച് നൽകിയിട്ടുണ്ട്. ആരോഗ്യ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങളും അപേക്ഷിക്കാനുള്ള സൗകര്യവുമുണ്ട്. 

പരാതികളും അറിയിപ്പുകളും

ഏതു സർക്കാർ സേവനങ്ങളെ സംബന്ധിച്ചുള്ള പരാതികളും ആശങ്കകളും അതതു വകുപ്പു മേധാവികളുമായും സർക്കാരുമായും പങ്കു വയ്ക്കാം. പൊതുജന അഭിപ്രായങ്ങളും സർക്കാരിനെ അറിയിക്കാൻ സൗകര്യമുണ്ട്. സർക്കാർ പ്രഖ്യാപിക്കുന്ന പദ്ധതികൾ, ഉത്തരവുകൾ, മറ്റു വിവരങ്ങൾ എന്നിവ ഉടനടി അറിയാം. എല്ലാ സർക്കാർ ഓഫിസുകളുടെയും ഫോൺ നമ്പറുകളും ലഭ്യം.