Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വാതന്ത്ര്യം ഹനിക്കുന്നത് ജാതി, മതം, സ്ത്രീപുരുഷ വിവേചനം

logo-units

കൊച്ചി ∙ ജാതിയും മതവും സ്ത്രീപുരുഷഭേദവും േകരളത്തിൽ സ്വാതന്ത്ര്യത്തിനു വിലങ്ങുതടിയാകുന്നുവെന്നു മനോരമ ന്യൂസ് കോൺക്ലേവിന്റെ ഭാഗമായി നടന്ന ഫ്രീഡം സർവേയിൽ കണ്ടെത്തൽ. സദാചാര ഗുണ്ടായിസം കേരളത്തിൽ രൂക്ഷമാണെന്നും പൊലീസ് പൗരസ്വാതന്ത്ര്യം ഹനിക്കുന്നുവെന്നും ഏറെപ്പേരും അഭിപ്രായപ്പെടുന്നു. തൊഴിലിടങ്ങളിലും പൊതു ഇടങ്ങളിലും സ്ത്രീസ്വാതന്ത്ര്യം പരിമിതമാണെന്നാണ് സർവേയിൽ പങ്കെടുത്തവരുടെ നിലപാട്.

സ്വാതന്ത്ര്യത്തിന്റെ വിശാലാർഥങ്ങൾ ചർച്ചയാകുന്ന മനോരമ ന്യൂസ് കോൺക്ലേവിന്റെ രണ്ടാം പതിപ്പിനോടനുബന്ധിച്ചു സംഘടിപ്പിച്ച സർവേയുടെ ഫലം മലയാളിയുടെ സ്വാതന്ത്ര്യബോധത്തെ തുറന്നുകാട്ടുന്നു. ഓൺലൈനിലൂടെ ലോകമെമ്പാടുമുള്ള മലയാളികൾ മാത്രമല്ല, ഫീൽഡ് സർവേയിലൂടെ കേരളത്തിലെ എല്ലാ ജില്ലകളുടെയും പ്രാതിനിധ്യം സർവേ ഉറപ്പിച്ചു.

ജാതിയും മതവും സ്ത്രീപുരുഷഭേദവും സ്വാതന്ത്ര്യത്തിനു വിലങ്ങുതടിയാണെന്നാണ് പകുതിപ്പേരുടെയും നിലപാട്. രാഷ്ട്രീയം സ്വാതന്ത്ര്യത്തെ ഹനിക്കുന്നെന്ന് 34 ശതമാനവും ഭരണകൂടമാണ് പ്രതിയെന്നു 32 ശതമാനവും അഭിപ്രായപ്പെട്ടു. വിവാദങ്ങളുണ്ടായാലും ജുഡീഷ്യറി വിശ്വാസത്തിന്റെ പട്ടികയിൽ മുന്നിലാണ്. സ്വാതന്ത്ര്യം ഹനിക്കപ്പെടുമ്പോൾ ജുഡീഷ്യറിയെ ആശ്രയമായി കരുതുന്നവർ 54% പേരുണ്ട്. സർവേയിൽ പങ്കെടുത്ത 75% പേരും അവരോ അവരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ സദാചാര പൊലീസിങ്ങിന് ഇരയായെന്നു വെളിപ്പെടുത്തി.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ സ്വാതന്ത്ര്യം കൂടുതലുണ്ടെന്നായിരുന്നു 68% പേരും പ്രതികരിച്ചത്. വിശ്വാസമില്ലായ്മയുടെ കരിനിഴൽ പൊലീസിനു മുകളിൽ ഇപ്പോഴുമുണ്ട്. പൊലീസ് പൗരസ്വാതന്ത്ര്യത്തെ ഹനിക്കുന്നെന്നാണ് 69% മലയാളികളുടെയും നിലപാട്. ഭരണമാറ്റം ഒരു പരിധിവരെ സ്വാതന്ത്ര്യം കൂട്ടുമെന്ന് 41% പേർ നിലപാടെടുത്തു. സ്ത്രീകളുടെ സ്വാതന്ത്ര്യം പരിമിതപ്പെടുന്നു എന്ന ആശങ്ക ഏറെപ്പേരും പങ്കുവച്ചു. സ്ത്രീകൾക്കു പൂർണ സ്വാതന്ത്ര്യമുള്ളതു വീട്ടിൽ മാത്രമെന്നാണ് 51% പേരുടെയും നിലപാട്. പൂർണസ്വാതന്ത്ര്യം തൊഴിലിടങ്ങളിലുണ്ടെന്ന് 22 ശതമാനവും പൊതുഇടങ്ങളിലുണ്ടെന്ന് 17 ശതമാനവും മാത്രമാണ് അഭിപ്രായപ്പെട്ടത്.

സർവേയിൽ പങ്കെടുത്ത 26% പേരുടെ മതസ്വാതന്ത്ര്യം ഹനിക്കപ്പെട്ടിട്ടുണ്ട്. എണ്ണത്തിൽ കുറവെങ്കിലും 13 ശതമാനത്തിനു മതവിശ്വാസം മറച്ചുവയ്ക്കേണ്ടി വന്നിട്ടുണ്ട്. മാധ്യമങ്ങൾ സ്വയം നിയന്ത്രിക്കണമെന്ന് 60 ശതമാനവും സമൂഹമാധ്യമങ്ങൾ സ്വയം നിയന്ത്രിക്കണമെന്ന് 57% പേരും പറയുമ്പോൾ സർക്കാർ നിയന്ത്രണം വേണമെന്ന നിലപാട് ന്യൂനപക്ഷത്തിനാണ്.

കേരളത്തിൽ ബിസിനസ് തുടങ്ങുന്നതിനും നടത്തുന്നതിനും ഒരു പരിധിവരെയെ സ്വാതന്ത്ര്യമുള്ളൂ എന്നാണ് 50% പേരുടെയും അഭിപ്രായം. കലാകാരൻമാർക്കും എഴുത്തുകാർക്കും പൂർണ ആവിഷ്കാര സ്വാതന്ത്ര്യമുണ്ടെന്നു 31% പേരും ഒരു പരിധിവരെ സ്വാതന്ത്ര്യമുണ്ടെന്ന് 54% പേരും കരുതുന്നു. സ്വാതന്ത്ര്യത്തിനു നിയന്ത്രണമാകുന്നതിൽ തെറ്റില്ലെന്നാണ് സർവേയിൽ പങ്കെടുത്ത ഭൂരിപക്ഷം മലയാളികളും അഭിപ്രായപ്പെട്ടത് എന്നതും ശ്രദ്ധേയം.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.