Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പട്ടിക വിഭാഗ നിയമനം: സ്പെഷൽ റൂൾ ഭേദഗതിക്കു ശുപാർശ

psc

തിരുവനന്തപുരം∙ പട്ടിക വിഭാഗക്കാർക്കായി നീക്കിവച്ച ഒഴിവുകളിൽ വേണ്ടത്ര ഉദ്യോഗാർഥികളെ ലഭിക്കാത്ത സാഹചര്യത്തിൽ സ്പെഷൽ റൂൾ ഭേദഗതി ചെയ്തു യോഗ്യതയിൽ ഇളവു നൽകാനും, അതിന്റെ അടിസ്ഥാനത്തിൽ സ്പെഷൽ റിക്രൂട്മെന്റ് നടത്താനും സർക്കാരിനോടു ശുപാർശ ചെയ്യാൻ  പിഎസ്‌സി യോഗം തീരുമാനിച്ചു.

പട്ടിക വിഭാഗ ഉദ്യോഗാർഥികളുടെ കുടിശികയുള്ള ഒഴിവുകൾ നികത്തുന്നതു പഠിക്കാൻ സർക്കാർ നിയോഗിച്ച കമ്മിഷന്റെ ശുപാർശകൾ പിഎസ്‌സിക്കു സർക്കാർ അയച്ചിരുന്നു. യോഗ്യതയിൽ ഇളവു നൽകി നിയമനം നടത്തണമെന്നാണു ശുപാർശകളിൽ ഒന്ന്. സ്പെഷൽ റൂളിൽ യോഗ്യത വ്യക്തമാക്കിയിരിക്കെ, അത്തരമൊരു നിയമനം സാധിക്കില്ലെന്നു പിഎസ്‌സി അറിയിക്കും. പൊതുവേ വിദ്യാഭ്യാസ യോഗ്യതയിൽ ഇളവു നൽകുന്ന രീതി പിഎസ്‌സിക്ക് ഇല്ല. ഈ സാഹചര്യത്തിലാണു സ്പെഷൽ റൂൾ ഭേദഗതി ചെയ്തു യോഗ്യതാ മാനദണ്ഡം മാറ്റി സ്പെഷൽ റിക്രൂട്മെന്റ് നടത്താൻ സർക്കാരിനോടു ശുപാർശ ചെയ്യുന്നത്.

ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ഫിസിക്സ് ജൂനിയർ, ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ അറബിക് ജൂനിയർ, മെഡിക്കൽ വിദ്യാഭ്യാസ സർവീസിൽ പെർഫ്യൂഷനിസ്റ്റ്, ഹോമിയോപ്പതി/ ഇൻഷുറൻസ് മെഡിക്കൽ സർവീസിൽ മെഡിക്കൽ ഓഫിസർ (ഹോമിയോ), അസിസ്റ്റന്റ്് ഇൻഷുറൻസ് മെഡിക്കൽ ഓഫിസർ (ഹോമിയോ),  ഹോമിയോപ്പതി വകുപ്പിൽ മെഡിക്കൽ ഓഫിസർ (തസ്തികമാറ്റ നിയമനം), ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ബോട്ടണി (പട്ടിക വിഭാഗം, പട്ടിക വർഗ പ്രത്യേക നിയമനം) എന്നീ തസ്തികകളിലേക്കുള്ള ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.

യുപിഎസ്‌സി നടത്തുന്ന പരിശീലന പരിപാടിയിലേക്കു പിഎസ്‌സി അംഗങ്ങളായ പ്രഫ. ലോപ്പസ് മാത്യു, ആർ.പാർവതി ദേവി എന്നിവരെ അയയ്ക്കാനും തീരുമാനിച്ചു. പാലക്കാട് ജില്ലയിൽ  വനം വകുപ്പിൽ ഫോറസ്റ്റ്് ബോട്ട്് ഡ്രൈവർ തസ്തികയിലേക്കുള്ള റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. പിഎസ്‌സിയിൽ സിസ്റ്റം അനലിസ്റ്റ്്/സീനിയർ പ്രോഗ്രാമർ തസ്തികയിലേക്ക് ഒഎംആർ പരീക്ഷ നടത്തും. ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ മാത്തമാറ്റിക്സ് ജൂനിയർ (ഒന്നാം എൻസിഎ-എസ്‌സി), മൃഗസംരക്ഷണ വകുപ്പിൽ  വെറ്ററിനറി സർജൻ ഗ്രേഡ് രണ്ട് (നാലാം എൻസിഎ–എസ്ടി) തസ്തികകളിലേക്ക് ഓൺലൈൻ പരീക്ഷ നടത്തും.