Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊതുവിദ്യാഭ്യാസ, ഹയർ സെക്കൻഡറി ലയനം: കണക്കെടുപ്പ് പൂർണം

തിരുവനന്തപുരം∙ പൊതു വിദ്യാഭ്യാസവും ഹയർ സെക്കൻഡറിയും വൊക്കേഷനൽ ഹയർ സെക്കൻഡറിയും തമ്മിലുള്ള ലയനം അടുത്ത അക്കാദമിക് വർഷം  നിലവിൽ വരും. ഇതിനു മുന്നോടിയായി മൂന്നു വിഭാഗങ്ങളിലെയും അധ്യാപക, അനധ്യാപകരുടെ കാറ്റഗറി തിരിച്ചുള്ള കണക്ക് സർക്കാർ ശേഖരിച്ചു.

ലയനം എങ്ങനെ നടപ്പാക്കണമെന്ന ശുപാർശ നൽകാൻ സർക്കാർ നിയോഗിച്ച ഡോ.എം.എ. ഖാദർ അധ്യക്ഷനായ മൂന്നംഗ സമിതിക്ക് ഈ കണക്കുകൾ ‍വിശദ പഠനത്തിനായി നൽകിയിട്ടുണ്ട്. ഖാദർ കമ്മിറ്റി സെപ്റ്റംബറിൽ സർക്കാരിനു റിപ്പോർട്ട് നൽകും. സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനുള്ള ശുപാർശകളും ഇതിനൊപ്പം സമർപ്പിക്കാൻ കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിർദേശങ്ങൾ സംബന്ധിച്ച് അധ്യാപക, അനധ്യാപക സംഘടനകളുമായി ധാരണയുണ്ടാക്കിയ ശേഷമേ ലയനം നടപ്പാക്കൂ. 

ലയനത്തിനു ശേഷം നിലവിൽ വരുന്ന ഏകീകൃത സംവിധാനത്തിലെ വിവിധ തസ്തികകളിലേക്കു നിയമനം നടത്തണമെങ്കിൽ സ്പെഷൽ റൂൾ ഭേദഗതി ചെയ്യണം.  പൊതു വിദ്യാഭ്യാസ സമ്പ്രദായത്തിനു കീഴിൽ എഇഒ, ഡിഇഒ, ഡിഡി പദവികളും ഹയർ സെക്കൻഡറിയിൽ മേഖലാ ഡപ്യൂട്ടി ഡയറക്ടർ പദവിയുമുണ്ട്. ഇതു ലയിപ്പിക്കുമ്പോൾ ജില്ലാ തലത്തിൽ ഒരു ഓഫിസറേ ഉണ്ടാകൂ. 

ഹയർസെക്കൻഡറി സ്കൂളുകളിൽ ഇനി ഒരു മേധാവിയേ ഉണ്ടാകൂ. പ്രിൻസിപ്പൽ മേധാവിയാകുമ്പോൾ ഹെഡ്മാസ്റ്ററുടെ പദവി എന്തായിരിക്കുമെന്നു തീരുമാനിക്കണം.  എസ്എസ്എൽസി, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾ ഒരു ബോർഡിനു കീഴിലേക്കു മാറ്റുമ്പോഴും ജീവനക്കാരെ മാറ്റി നിയമിക്കുമ്പോഴും ഉണ്ടാകാവുന്ന തടസ്സങ്ങൾക്കുള്ള പരിഹാരം കമ്മിറ്റി നിർദേശിക്കും.

പാഠ്യപദ്ധതിയിലും മാറ്റം വരും

ലയനത്തെ തുടർന്നു പാഠ്യപദ്ധതിയിലും മാറ്റങ്ങൾ വരും. അധ്യയന രീതി, അധ്യാപക പരിശീലനം, കേരള വിദ്യാഭ്യാസ ചട്ടങ്ങൾ തുടങ്ങിയ കാര്യങ്ങളിലെല്ലാം മാറ്റങ്ങൾ വരുത്തുന്നതിനുള്ള നിർദേശങ്ങൾ കമ്മിറ്റി റിപ്പോർട്ടിലുണ്ടാകും.