Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭൂമി, ജല വിനിയോഗം: നിയമനിർമാണം പരിണിക്കുമെന്നു മുഖ്യമന്ത്രി

Pinarayi Vijayan

തിരുവനന്തപുരം∙ദുരന്തങ്ങൾ ഒഴിവാക്കുന്ന രീതിയിൽ കാര്യക്ഷമമായ ഭൂവിനിയോഗത്തിനും ജലസമ്പത്തു ഫലപ്രദമായി ഉപയോഗിക്കുന്നതിനുമായി ആവശ്യമെങ്കിൽ പുതിയ നിയമ നിർമാണം നടത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പുനർനിർമാണ പദ്ധതി ഉപദേശക സമിതിയുടെ ആദ്യ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തങ്ങളിൽ നിന്നു കരകയറിയ രാജ്യങ്ങളുടെ അനുഭവം കണക്കിലെടുത്താണു കേരളത്തിൽ പ്രളയാനന്തര പുനർനിർമാണം നടത്തുകയെന്നു മുഖ്യമന്ത്രി പറഞ്ഞു.

പെട്ടെന്നു നടപ്പാക്കേണ്ടവ, ഹ്രസ്വകാലം കൊണ്ടു പൂർത്തിയാക്കേണ്ടവ, ദീർഘകാല പദ്ധതികൾ എന്നിങ്ങനെ മൂന്നു തലത്തിൽ പദ്ധതികൾ നടപ്പാക്കും. രണ്ടാഴ്ചയിലൊരിക്കൽ ഉപദേശക സമിതി ചേരും. അടുത്ത യോഗം നവംബർ 13ന് ആണ്. വേഗത്തിലും കാര്യക്ഷമതയോടെയും പദ്ധതികൾ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നു പുനർനിർമാണ പദ്ധതിയെക്കുറിച്ചു വിശദീകരിച്ച ഡോ. കെ.എം.എബ്രഹാം പറഞ്ഞു. പുനരധിവാസ പ്രവർത്തനങ്ങൾ ഇനിയും വൈകരുതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ആദ്യഗഡുവായ 10,000 രൂപ ധാരാളം പേർക്കു കിട്ടാനുണ്ട്. പലിശ രഹിത വായ്പയായ ഒരു ലക്ഷം രൂപയും വ്യാപാരികൾക്കു 10 ലക്ഷം രൂപയും നൽകുന്നത് എങ്ങും എത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻ കാബിനറ്റ്് സെക്രട്ടറി കെ.എം.ചന്ദ്രശേഖർ, ഡോ. കെ.പി. കണ്ണൻ, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടി.കെ.എ. നായർ, ഹഡ്കോ മുൻ ചെയർമാൻ വി. സുരേഷ്് എന്നിവർ പ്രസംഗിച്ചു.

മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, എ.കെ.ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, മാത്യു ടി.തോമസ്, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ.വി.കെ.രാമചന്ദ്രൻ, ബൈജു രവീന്ദ്രൻ, ചീഫ് സെക്രട്ടറി ടോം ജോസ്, ചീഫ് എക്സിക്യൂട്ടീവ്് ഡോ.വി.വേണു, മുഖ്യമന്ത്രിയുടെ സെക്രട്ടറി എം.ശിവശങ്കർ എന്നിവർ പങ്കെടുത്തു. കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം വിദേശത്തായതിനാൽ എത്തിയില്ല. മറ്റൊരു അംഗം മുരളി തുമ്മാരുകുടി വിഡിയോ കോൺഫറൻസിലൂടെ ചർച്ചയിൽ പങ്കെടുത്തു.

പ്രളയഭൂപടം നിർമിക്കാൻ മൊബൈൽ ആപ്

തിരുവനന്തപുരം∙ പ്രളയഭൂപടം നിർമിക്കുന്നതിനായി പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. പ്രളയജലനിരപ്പ്, ഉരുൾപൊട്ടൽ എന്നിവ അടയാളപ്പെടുത്താനായി കേരള ഫ്ലഡ്സ് 2018 എന്ന പേരിലാണ് ആപ് തയ്യാറാക്കിയത്. ഓരോ വ്യക്തിക്കും സമീപത്തെ കെട്ടിടങ്ങളിലും സ്വന്തം വീട്ടിലും ജലം ഉയർന്ന നിരപ്പ് രേഖപ്പെടുത്തി ഫോട്ടോ എടുത്ത് അപ്‍ലോഡ് ചെയ്യാനാകും. ജിപിഎസ് ഉപയോഗിച്ച് സ്ഥലം തനിയെ രേഖപ്പെടുത്തും.

സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡവലപ്മെന്റ് ആൻഡ് മാനേജ്മെന്റ്, കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, എംജി സർവകലാശാല, കേരള സ്റ്റേറ്റ് റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെന്റ് സെന്റർ എന്നീ സ്ഥാപനങ്ങൾക്കാണു ചുമതല. മൊബൈൽ ആപ്പിൽ ലഭിക്കുന്ന വിവരങ്ങൾ പ്രാഥമിക പരിശോധനയ്ക്കു ശേഷം ഔദ്യോഗിക പ്രളയഭൂപടം നിർമിക്കുന്നതിനായി ദുരന്ത നിവാരണ അതോറിറ്റി കേന്ദ്ര ജല കമ്മിഷന് കൈമാറും.

related stories