Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിഎസ്‌സി പരീക്ഷകൾക്ക് ഒഎസ്എം, ചോദ്യബാങ്ക്

PSC

തിരുവനന്തപുരം∙ കൂടുതൽ വിവരണാത്മക പരീക്ഷകൾ ഓൺ സ്ക്രീൻ മാർക്കിങ്(ഒഎസ്എം) രീതിയിൽ മൂല്യനിർണയം നടത്താൻ പിഎസ്‌സി യോഗം തീരുമാനിച്ചു. ഡിഗ്രി തല യോഗ്യത വേണ്ട പരീക്ഷകൾക്കു ചോദ്യ ബാങ്ക് നടപ്പാക്കും. വിവരണാത്മക പരീക്ഷകൾ പരീക്ഷണാടിസ്ഥാനത്തിൽ ഓൺ സ്ക്രീൻ മാർക്കിങ് സമ്പ്രദായത്തിൽ മൂല്യനിർണയം നടത്തി വിജയിച്ചിരുന്നു. ഉത്തരക്കടലാസുകൾ സ്കാൻ ചെയ്തു മൂല്യനിർണയത്തിനായി കംപ്യൂട്ടർ സ്ക്രീനിൽ ലഭ്യമാക്കുകയും സ്ക്രീനിൽ തന്നെ മൂല്യനിർണയം നടത്തുകയും ചെയ്യുന്ന രീതിയാണിത്.

പുതിയ വിജ്ഞാപനം വരുന്ന മുറയ്ക്കു കൂടുതൽ വിവരണാത്മക പരീക്ഷകളിൽ ഓൺ സ്ക്രീൻ മാർക്കിങ് നടപ്പാക്കും. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ അധ്യാപക നിയമനത്തിനായിരിക്കും ആദ്യ ഘട്ടത്തിൽ പിഎസ്‌സി ചോദ്യ ബാങ്ക് നടപ്പാക്കുക. തുടർന്നു ഡിഗ്രി യോഗ്യത വേണ്ട എല്ലാ പരീക്ഷകൾക്കും ഇതു ബാധകമാക്കും. ഒഎംആർ ചോദ്യങ്ങളാണ് ഇങ്ങനെ തയാറാക്കുന്നത്. ചോദ്യങ്ങൾ അക്കാദമിക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദഗ്ധർ പരിശോധിച്ചു പിഴവില്ലെന്ന് ഉറപ്പു വരുത്തും. ലളിതം, ശരാശരി, കാഠിന്യമേറിയവ എന്നിങ്ങനെ മൂന്നു തലത്തിലുള്ള ചോദ്യങ്ങളാണ് തയാറാക്കുക.

മൂന്നു തലങ്ങളും നിശ്ചിത ശതമാനം വീതം ഉൾപ്പെടുത്തി കംപ്യൂട്ടർ സോഫ്റ്റ്‌വെയർ തന്നെ ചോദ്യങ്ങൾ തിരഞ്ഞെടുത്ത് അച്ചടിക്കു നൽകിക്കൊള്ളും. അടുത്ത വിജ്ഞാപനം വരുന്ന മുറയ്ക്കായിരിക്കും ചോദ്യബാങ്കും നടപ്പാക്കുക. വകുപ്പുതല പരീക്ഷകൾക്കും ഇനി മുതൽ സീറ്റുകളുടെ ലഭ്യതയ്ക്കനുസരിച്ച് ഓൺലൈൻ പരീക്ഷ നടത്തും.

കോഴിക്കോട് ജില്ലയിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ് തസ്തികയിലേക്ക് (ധീവര/ഒഎക്സ്) യോഗ്യരായ ഉദ്യോഗാർഥികളെ ലഭിക്കാത്തതിനാൽ മാതൃ റാങ്ക്് പട്ടികയിൽ നിന്നു മറ്റു പിന്നാക്ക വിഭാഗം ഉദ്യോഗാർഥികൾക്കു നിയമന ശുപാർശ നൽകും. ഇടുക്കി ജില്ലയിൽ നീതിന്യായ വകുപ്പിൽ പ്രോസസ് സർവർ (എൽസി) സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും ഗവ. ആയുർവേദ കോളജുകളിൽ ടെക്നിക്കൽ അസിസ്റ്റന്റ് (മുസ്‌ലിം)തസ്തികയിലേക്ക് അഭിമുഖം നടത്തും.