Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മുറ്റത്തൊരു മീൻതോട്ടം’ പദ്ധതിക്കു തുടക്കം

fish-garden മലയാള മനോരമ ആഴ്ചപ്പതിപ്പുമായി സഹകരിച്ച്, ഫിഷറീസ് വകുപ്പിന്റെ അഡാക് വഴി ആരംഭിക്കുന്ന 'മുറ്റത്തൊരു മീൻതോട്ടം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ നിർവഹിക്കുന്നു. പി.സഹദേവൻ, പി.സെലീന, ആർ.രാമചന്ദ്രൻ എംഎൽഎ, എസ്.അജയൻ, എം.ബി.സഞ്ജീവ്, മലയാള മനോരമ ആഴ്ചപ്പതിപ്പ് എഡിറ്റർ ഇൻ ചാർജ് കെ.എ.ഫ്രാൻസിസ് തുടങ്ങിയവർ സമീപം.

കായംകുളം∙ പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള കൃഷിയിലേക്കു മാറാൻ എല്ലാവരും തയാറാകണമെന്നു മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. ജൈവകൃഷി മാതൃകയിൽ മത്സ്യകൃഷിയുടെ വ്യാപനം ജനകീയമാക്കാനുള്ള സംരംഭമാണു ‘മുറ്റത്തൊരു മീൻതോട്ടം’ പദ്ധതിയെന്നും മന്ത്രി പറഞ്ഞു. ഫിഷറീസ് വകുപ്പിന്റെ അഡാക് വഴി മലയാള മനോരമ ആഴ്ചപ്പതിപ്പുമായി സഹകരിച്ചു നടപ്പിലാക്കുന്ന ‘മുറ്റത്തൊരു മീൻതോട്ടം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആയിരംതെങ്ങ് സർക്കാർ മത്സ്യ ഫാമിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. 

ആർ.രാമചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സെലീന, വൈസ് പ്രസിഡന്റ് എം.ബി. സഞ്ജീവ്, അംഗം പി.സലീന, മലയാള മനോരമ ആഴ്ചപ്പതിപ്പ് എഡിറ്റർ ഇൻ ചാർജ് കെ.എ. ഫ്രാൻസിസ്, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർമാരായ എം. സിയാർ, എച്ച്. സലിം, അഡാക് ഡപ്യൂട്ടി ഡയറക്ടർ പ്രിയ ജയസേനൻ, അഡീഷനൽ ഡയറക്ടർ പി. സഹദേവൻ, എക്സിക്യൂട്ടീവ് ഡയറക്ടർ എസ്. അജയൻ, ജോയിന്റ് ഡയറക്ടർ സി.ടി. സുരേഷ് കുമാർ, അസി. എക്സ്റ്റൻഷൻ ഓഫിസർ എച്ച്. ഹാഷിദ് എന്നിവർ പ്രസംഗിച്ചു. ആലപ്പുഴ, കൊല്ലം ജില്ലകളിൽനിന്നു റജിസ്റ്റർ ചെയ്തവർക്കായി പരിശീലന പരിപാടിയും നടത്തി.

പദ്ധതി ഇങ്ങനെ

ചെറുകിട കൃഷിയിലൂടെ ആഭ്യന്തര മത്സ്യോൽപാദനം വർധിപ്പിക്കുക, യുവാക്കൾക്കും വീട്ടമ്മമാർക്കും ആദായകരമായ തൊഴിൽ അവസരം സ്യഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ളതാണു പദ്ധതി. പദ്ധതിപ്രകാരം സംസ്ഥാനത്ത് 1000 ചെറുകിട മത്സ്യകൃഷി യൂണിറ്റുകൾ സ്ഥാപിക്കുകയാണു ലക്ഷ്യം. ഗുണഭോക്തൃ കർഷകർക്കു മത്സ്യവിത്തും സാങ്കേതിക പരിശീലനവും നൽകും. പ്രളയബാധിത പ്രദേശങ്ങൾക്കു മുൻതൂക്കം നൽകി കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം തൃശൂർ, പത്തനംതിട്ട ജില്ലകളിലാണ് ആദ്യഘട്ടം നടപ്പാക്കുക. സ്വന്തമായി 5 സെന്റിൽ താഴെ കുളങ്ങൾ ഉളളവരെയും വീടിനോടു ചേർന്നോ ടെറസിലോ മത്സ്യം വളർത്താൻ സൗകര്യം ഉള്ളവരെയും ഗുണഭോക്താക്കളാക്കും. ഉൾനാടൻ ജലാശയങ്ങൾക്കു പുറമെ, സ്വകാര്യ ജലസ്രോതസ്സുകളിലൂടെയും മത്സ്യോൽപാദനം വർധിപ്പിക്കുകയാണു ലക്ഷ്യം.