Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നവകേരളം എല്ലാവർക്കും തുല്യമായി അവകാശപ്പെട്ടത്: മുഖ്യമന്ത്രി

spectrum ഓട്ടിസം ബാധിതരായ കുട്ടികൾക്കായുള്ള സമഗ്രപദ്ധതി സ്പെക്ട്രത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഗീതു കൃഷ്ണയെ അനുഗ്രഹിക്കുന്നു. ഗീതുവിന്റെ കവിതാ സമാഹാരം ചടങ്ങിൽ പ്രകാശനം ചെയ്തു.

തിരുവനന്തപുരം∙ ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങളെ സർക്കാർ അതീവ പ്രാധാന്യത്തോടെയാണു കാണുന്നതെന്നും നവകേരളം എല്ലാവർക്കും തുല്യമായി അവകാശപ്പെട്ടതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഓട്ടിസം ബാധിതരായ കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ടു നടപ്പിലാക്കുന്ന ‘സ്പെക്ട്രം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായുള്ള വിവിധ പദ്ധതികൾക്കായി നാലു കോടി രൂപ ചെലവഴിക്കാൻ അനുമതി നൽകിയിട്ടുണ്ട്. തെരുവിൽ ചൂഷണം ചെയ്യപ്പെടുന്ന കുട്ടികളുടെ രക്ഷയ്ക്കായി ആരംഭിച്ച ‘ശരണബാല്യം’ പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. അന്തസ്സോടെ ജീവിക്കാനുള്ള കുട്ടികളുടെ അവകാശത്തിനു സർക്കാർ ഒപ്പമുണ്ടാവും– മുഖ്യമന്ത്രി പറഞ്ഞു.

സ്വകാര്യ ഓട്ടിസം സെന്ററുകളിൽ നേരിടേണ്ടി വരുന്ന ചൂഷണങ്ങൾക്കു പ്രതിവിധിയാണു സ്പെക്ട്രം പദ്ധതിയെന്നും ഘട്ടം ഘട്ടമായി മാതാപിതാക്കൾക്കും ഡോക്ടർമാർക്കും ഉൾപ്പെടെ പരിശീലന പരിപാടികൾ നടപ്പിലാക്കുമെന്നും മന്ത്രി കെ.കെ.ശൈലജ പറഞ്ഞു.

നഷ്ടമാകുന്ന ബാല്യങ്ങളെ പ്രമേയമാക്കി നവ്യാ നായർ രൂപം കൊടുത്ത നൃത്താവിഷ്കാരം ‘ചിന്നം ചെറു കിളിയേ’യുടെ വിഡിയോയും മസ്കുലാർ ഡിസ്ട്രോഫി ബാധിതയായ മാവേലിക്കര സ്വദേശിനി ഗീതു കൃഷ്ണയുടെ കവിതാ സമാഹാരവും ചടങ്ങിൽ പ്രകാശിപ്പിച്ചു. 

സാമൂഹികനീതി, വനിതാ ശിശുവികസന വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ, കെഎസ്എസ്എം എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ബി. മുഹമ്മദ് അഷീൽ, സാമൂഹികനീതി വകുപ്പ് ഡയറക്ടർ ജാഫർ മാലിക്, വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ ഷീബ ജോർജ്, മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടർ ഡോ.എ.റംലാ ബീവി തുടങ്ങിയവർ പ്രസംഗിച്ചു.