Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാർത്തകളുടെ ഉദ്ദേശ്യവും സന്ദേശവും ജനങ്ങളിലെത്തിക്കണം: മുഖ്യമന്ത്രി

kuwj കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) വാർഷിക സംസ്ഥാന സമ്മേളനം കോഴിക്കോട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. ജന. സെക്രട്ടറി സി.നാരായണൻ, എം.കെ. രാഘവൻ എംപി, മന്ത്രി ടി.പി. രാമകൃഷ്ണൻ, കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ, ബിനോയ് വിശ്വം എംപി, മേയർ തോട്ടത്തിൽ രവീന്ദ്രൻ, എ.പ്രദീപ്കുമാർ എംഎൽഎ, ആർ.എസ്. ബാബു, പി.വിപുൽനാഥ്, കെ.പ്രേംനാഥ് തുടങ്ങിയവർ സമീപം. ചിത്രം : മനോരമ

കോഴിക്കോട് ∙ വാർത്ത വാർത്തയായി മാത്രം കൊടുക്കാതെ അതിനു പിന്നിലെ ഉദ്ദേശ്യങ്ങളും സന്ദേശങ്ങളുംകൂടി മാധ്യമങ്ങൾ ജനങ്ങളിലേക്കെത്തിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) വാർഷിക സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാലത്തെ പിന്നോട്ടു നയിക്കാൻ ശ്രമിക്കുന്നവർക്കു പ്രാധാന്യം കൊടുക്കുന്ന വാർത്താവിന്യാസം ആർക്കാണു ഗുണം ചെയ്യുകയെന്നു മാധ്യമങ്ങൾ പരിശോധിക്കണം. ഇപ്പോഴത്തെ വെളിച്ചം തല്ലിക്കെടുത്തി കേരളത്തെ ഇരുട്ടിലാക്കാൻ ശ്രമിക്കുന്നവരെ പിന്തുണയ്ക്കരുത്. കേരളത്തെ തകർക്കാനും അപമാനിക്കാനും മുൻപും ശ്രമങ്ങൾ നടന്നിട്ടുണ്ട്. മാധ്യമങ്ങൾകൂടി പിന്തുണച്ചതുകൊണ്ടാണ് അത്തരം ശ്രമങ്ങളെ ഇല്ലാതാക്കാൻ കഴിഞ്ഞത്. ഇപ്പോഴും ചില നീക്കങ്ങൾ നടക്കുന്നു. അതിനെതിരെ മാധ്യമങ്ങൾ ഉണരണം. കേരളത്തിന്റെ പുനർനിർമിതിക്കാവശ്യമായ ഇടപെടൽ മാധ്യമങ്ങളുടെ ഭാഗത്തുനിന്നുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ ആധ്യക്ഷ്യം വഹിച്ചു. ജന. സെക്രട്ടറി സി. നാരായണൻ, മന്ത്രിമാരായ ടി.പി. രാമകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ, എംപിമാരായ എം.കെ. രാഘവൻ, ബിനോയ് വിശ്വം, മേയർ തോട്ടത്തിൽ രവീന്ദ്രൻ, എ. പ്രദീപ്കുമാർ എംഎൽഎ, ആർ.എസ്. ബാബു, കെ.പ്രേംനാഥ്, പി. വിപുൽനാഥ് എന്നിവർ പ്രസംഗിച്ചു.