Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംസ്ഥാന സ്കൂൾ കലോൽസവവും ഹൈടെക്

school-youth-fest

തിരുവനന്തപുരം∙ ആലപ്പുഴയിൽ ഏഴു മുതൽ ഒൻപതു വരെ നടക്കുന്ന സംസ്ഥാന സ്കൂൾ കലോൽസവം ഹൈടെക് ആക്കുന്നതിനു സംവിധാനമൊരുക്കി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്).

റജിസ്ട്രേഷൻ, ഫലപ്രഖ്യാപനം, സർട്ടിഫിക്കറ്റ് അച്ചടി തുടങ്ങി മുഴുവൻ നടപടികളും പൂർണമായി കലോൽസവം പോർട്ടലിലൂടെ (www.schoolkalolsavam.in) ഓൺലൈനിലാക്കി. മത്സരിക്കുന്നവരെ ക്ലസ്റ്ററുകളാക്കി തിരിക്കുകയും പാർട്ടിസിപ്പന്റ് കാർഡ് ലഭ്യമാക്കുകയും ടീം മാനേജർമാർക്കുളള റിപ്പോർട്ട്, സ്റ്റേജുകളിലെ വിവിധ ഇനങ്ങളുടെ പട്ടിക, ഓരോ ഇനവും യഥാസമയം നടത്തുന്നതിനുള്ള ടൈംഷീറ്റ്, കോൾഷീറ്റ്, സ്കോർഷീറ്റ്, ടാബുലേഷൻ തുടങ്ങിയവ തയാറാക്കുകയും ചെയ്യുന്നതു കലോൽസവം പോർട്ടൽ വഴിയായിരിക്കും. ഹയർ അപ്പീൽ നടപടിക്രമങ്ങൾ കൂടി ഇത്തവണ പോർട്ടൽ വഴി ആക്കുന്നതിനാൽ ഫലപ്രഖ്യാപനം പെട്ടന്നു നടത്താനാവും. വെബ് പോർട്ടൽ വഴി മത്സര ഫലങ്ങൾ തത്സമയം അറിയാം.

പോർട്ടലിലെ വിവരങ്ങൾ കുറച്ചുകൂടി എളുപ്പത്തിൽ ലഭ്യമാക്കാൻ 'പൂമരം' എന്ന മൊബൈൽ ആപ്പും കൈറ്റ് ഒരുക്കിയിട്ടുണ്ട്. മത്സരഫലങ്ങൾ ഈ ആപ്പിൽ ലഭിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ് ഡൗൺലോഡ് ചെയ്യാം. കലോൽസവം ലൈവിനു പുറമെ വിക്ടേഴ്സ് ചാനലും പൂമരം വഴി കാണാം. 

കഥ, കവിത, ചിത്രരചന തുടങ്ങിയ രചനാ മത്സര ഫലങ്ങൾ ഫലപ്രഖ്യാപനത്തിനുശേഷം സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, അറബിക്, ഉറുദു തുടങ്ങി മുഴുവൻ ഭാഷകളിലെ മത്സര ഇനങ്ങളും സ്കൂൾ വിക്കിയിൽ കൈറ്റ് നൽകും. ഇതിനായി 'ലിറ്റിൽ കൈറ്റ്സ്' തയാറായിക്കഴിഞ്ഞു.

മത്സര ഇനങ്ങളും ഫലങ്ങളും അറിയിക്കുന്നതോടൊപ്പം വിവിധ വേദികളിൽ നടക്കുന്ന ഇനങ്ങൾ ഒരേ സമയം കാണാൻ കഴിയുന്ന തരത്തിൽ മൾട്ടികാസ്റ്റിങ് സംവിധാനം വിക്ടേഴ്സിൽ ഏർപ്പെടുത്തിയിട്ടുണ്ട്. www.victers.itschool.gov.in വഴിയും കലോത്സവം തത്സമയം കാണാം.കലോത്സവം തത്സമയം സ്കൂളുകളിൽ കാണുന്നതിനും കൈറ്റ് അവസരമൊരുക്കുന്നുണ്ടെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ കെ.അൻവർസാദത്ത് അറിയിച്ചു.