Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രീ പെയ്ഡ് മീറ്റർ: അറിയില്ലെന്ന് വൈദ്യുതി ബോർഡ് ചെയർമാൻ

തിരുവനന്തപുരം ∙ പ്രീ പെയ്ഡ് വൈദ്യുത മീറ്ററുകൾ സ്ഥാപിക്കുന്നതു സംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നു വൈദ്യുതി ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള. ഏപ്രിൽ മുതൽ രാജ്യത്തൊട്ടാകെ പ്രീ പെയ്ഡ് മീറ്ററുകൾ സ്ഥാപിക്കുന്നതായി മാധ്യമങ്ങൾ വഴിയുള്ള അറിവു മാത്രമേയുള്ളൂ. അതേസമയം, ഇന്ത്യയിൽ സ്മാർട് മീറ്ററുകൾ നിർമിക്കുന്നില്ലാത്തതിനാൽ നിർദേശം പ്രായോഗികമല്ലെന്നാണു ബോർഡിന്റെ വിലയിരുത്തൽ.

കേരളത്തിൽ ഒന്നേകാൽ കോടി ഉപയോക്താക്കളാണുള്ളത്. ഇറക്കുമതി ചെയ്താൽ ഒരു മീറ്ററിന് 5000 രൂപയോളം ചെലവാകും. ഈ പണം കേന്ദ്രം തന്നാലല്ലാതെ നിർദേശം നടപ്പാക്കാൻ കഴിയില്ല. മോഷണവും പ്രസരണ നഷ്ടവും പൊതുവെ കുറവാണ് എന്നതും തൊഴിൽ നഷ്ടപ്പെടുമെന്നതും ഇവിടെ സ്മാർട് മീറ്റർ സ്ഥാപിക്കുന്നതിനു തടസ്സമാണെന്നും അദ്ദേഹം പറ‍ഞ്ഞു.