Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചക്രം തിരിയുമ്പോൾ ദേ പിന്നേം നല്ലകാലം

business-boom-bike

സാമ്പത്തിക മാന്ദ്യത്തിന്റെ ഇരുട്ടിൽ നിന്നു ലോകം വെളിച്ചത്തിലേക്കു കടക്കുന്നെന്ന വാർത്തയാണ് ലോകമാകെ കേൾക്കുന്നത്. 2008–ലാണല്ലോ ആഗോള മാന്ദ്യം പിടിപെട്ടത്. എല്ലാം ആദ്യം അമേരിക്കയിൽ സംഭവിക്കുന്നു, പിന്നെ ലോകമാകെ പടരുന്നു എന്ന രീതി അനുസരിച്ച് അവിടെയാണ് ആദ്യം കുളമായതും പിന്നീട് നനഞ്ഞേടമെല്ലാം കുഴിച്ചതും.

കൂട്ടത്തിൽ നമ്മളും കുളത്തിലായെങ്കിലും പെട്ടെന്നു തന്നെ കരകയറി. ഇന്ന് ലോകത്തെ ഒന്നാം നമ്പർ വളർച്ചാനിരക്കാണ് ഇന്ത്യയ്ക്കെന്നു സായിപ്പു തന്നെ പറയുമ്പോൾ നമ്മൾക്കു മറിച്ചു തോന്നേണ്ട കാര്യമില്ല.

എല്ലാം മായ എന്നു പറയുംപോലെ എല്ലാം ചാക്രികം അഥവാ ലോകസമ്പദ് വ്യവസ്ഥയും സൈക്ലിക്കൽ ആണത്രെ. അതിലൊരു സൈക്കിളിൽ (ചക്രം) വളർച്ചയുടെ കാലമാണ് ഇപ്പോൾ വന്നിരിക്കുന്നത്. അല്ലാതെ ആരും അദ്ധ്വാനിച്ചിട്ടൊന്നുമല്ല. സാമ്പത്തിക തകർച്ച ഉണ്ടായാൽ കരകയറാൻ എട്ടു വർഷം വേണമെന്നാണ് സൈക്കിൾ തിയറിക്കാർ പറയുന്നത്.

ചുമ്മാതല്ല, പലപല സാമ്പത്തിക, ബാങ്കിങ് തകർച്ചകളും തിരിച്ചുകയറലും പഠിച്ച ശേഷമാണു പറയുന്നത്. 2008ൽ തകർച്ച ഉണ്ടായെങ്കിൽ എട്ടു വർഷം കഴിഞ്ഞ സ്ഥിതിക്ക് വച്ചടി കേറും, സംശല്യ. അല്ലാതെ ട്രംപും മോദിയും യോഗിയും നീചഭംഗരാജ യോഗവുമൊന്നുമല്ല കാരണം.

പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ശുക്രദശ എന്നല്ലാതെ എന്തു പറയാൻ. ട്രംപ് അധികാരമേറ്റതു മുതൽ അമേരിക്കയിൽ തൊഴിലുകൾ വർധിക്കുകയാണ്. അമേരിക്കയ്ക്ക് ഏറ്റവും കൂടുതൽ തൊഴിൽ നൽകിയ പ്രസി‍ഡന്റ് എന്ന പേരുണ്ടാക്കണമെന്നാണു ലക്ഷ്യമെന്നു ട്രംപ് പണ്ടേ പ്രഖ്യാപിച്ചിട്ടുള്ളതാണേ.

ട്രംപ് വൈറ്റ് ഹൗസിൽ വലതുകാൽവച്ചു കയറിയതിന്റെ പിറ്റേ മാസമായ ഫെബ്രുവരിയിൽ 2,35,000 തൊഴിലാളികളാണ് അമേരിക്കയിലാകെ റിക്രൂട്ട് ചെയ്യപ്പെട്ടത്. അടുത്ത കാലത്ത് റെക്കോർഡാണിത്. ഒരു മാസത്തിനിടെ ട്രംപ് ഒന്നും ചെയ്തിട്ടില്ലെങ്കിലും അതിന്റെ പേരിൽ നെഗളിക്കുന്നതിനു കുറവില്ല. യൂറോപ്പിലും തൊഴിലില്ലായ്മ കുറയുകയാണ്.

ആക്ച്വലി....എന്താ ചേട്ടാ സംഭവിക്കുന്നത് എന്നാരും ചോദിച്ചു പോകും. ചില ആശങ്കകൾ മാറിയിട്ടുണ്ട്. ചൈന ചീട്ടുകൊട്ടാരം പോലെ പൊളിയാൻ പോകുന്നു എന്ന ധാരണ മാറി.

ചൈനീസ് കറൻസിയുടെ വിലയിടിച്ച് ലോകമാകെ ചൈനീസ് ഉൽപന്നങ്ങൾ കൊണ്ടു തള്ളുമെന്ന പ്രചാരണവും അസ്ഥാനത്തായി. അമേരിക്കയിൽ പലിശ കൂട്ടുകയാണ്. പണം ചെലവാക്കാതെ സമ്പാദിക്കുന്ന സ്വഭാവം കലശലായ ജപ്പാനിൽ ഉപഭോഗവും മുതൽമുടക്കും വർധിച്ചു. 

നമ്മളെല്ലാം പണം ചെലവാക്കുമ്പോഴാണല്ലോ സമ്പദ് വ്യവസ്ഥ വളരുന്നത്. കാലത്തേ കണ്ണു തിരുമ്മി ഉണർന്നാലുടൻ ഉപഭോഗം തുടങ്ങണം. പാൽ, ചായ, ദോശ  ഇത്യാദികൾ അനുഭവിക്കുമ്പോൾ തന്നെ പശുവിനെ വളർത്തുന്നവർക്കും, പാൽ സഹകരണ സംഘക്കാർക്കും, ചായപ്പൊടിയും പഞ്ചസാരയും വിൽക്കുന്ന കമ്പനികൾക്കുമെല്ലാം നേട്ടമാണേ.

ബാറുകൾ തുറന്നാൽ മദ്യം മാത്രമല്ല ഹോട്ടൽ മുതൽ തട്ടുകട വരെ ഭക്ഷണവും വിൽക്കുന്നു. ഓട്ടോയ്ക്കും ടാക്സിക്കും ബസിനുമെല്ലാം രാത്രിയിലും വരുമാനം കൂടും. സർക്കാരിനു നികുതിയും കൂടും. 

എന്നാൽ എണ്ണവില 10% ഇടിഞ്ഞത് വൈക്ലബ്യമുണ്ടാക്കി. എണ്ണവില ഇടിഞ്ഞാൽ ആനന്ദിക്കാനൊന്നുമില്ല. നമ്മുടെ പെട്രോൾ, ഡീസൽ വില കുറയാൻ പോകുന്നില്ല. പക്ഷേ, ഗൾഫിലാകെ പ്രശ്നമാവുകയും ചെയ്യും. അതിന്റെ നഷ്ടം നമ്മൾ മലയാളികൾക്കും കൂടിയാണേ. ഇത്തവണ പെട്രോളിയം ഉപഭോഗം കുറഞ്ഞതുകൊണ്ടല്ല, ഓവർ സപ്ലൈ ഉണ്ടാവുമെന്ന പേടിയിലാണ് വിലയിടി‍ഞ്ഞത്.

യുപി ഇലക്‌ഷൻ ഫലം വന്നതോടെ ഇന്ത്യൻ ഓഹരിവിപണി കാളകൾ കയ്യടക്കി. ജിഎസ്ടി ജൂലൈയിൽ വരുന്നു, മറ്റു പല സാമ്പത്തിക പരിഷ്ക്കാരങ്ങളും വരുന്നുവെന്ന പ്രതീക്ഷയുണ്ട്. ആകെക്കൂടിയൊരു ഓളം എവിടെയും.

ഒടുവിലാൻ ∙ കോടീശ്വരൻമാരുടെ എണ്ണമാണ് പുരോഗതിയുടെ അളവുകോലെങ്കിൽ ഇന്ത്യ പുരോഗമിച്ചു. ഫോബ്സിന്റെ പുതിയ കണക്കനുസരിച്ച് ഇന്ത്യയിൽ 101 ശതകോടീശ്വരൻമാരുണ്ടത്രെ. ബില്യണർ അഥവാ നൂറു കോടി ഡോളർ (സുമാർ 6500 കോടി രൂപ) സ്വന്തമായുള്ളവരുടെ കണക്കാണിത്.

ആദ്യമായാണ് ഇന്ത്യ ഈ കണക്കിന് നൂറു കടക്കുന്നത്.  അമേരിക്കയിൽ 565 ശതകോടീശ്വരൻമാരാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള ചൈനയിൽ 369 പേർ. മൂന്നാം സ്ഥാനത്തുള്ള ജർമനിയിൽ 114 പേർ മാത്രം എന്നു പറയുമ്പോൾ നമ്മുടെ 101ന്റെ പ്രധാന്യം ഊഹിക്കാം.

Your Rating: