Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്ലൂട്ടോമെൻ: ഫ്രം കോട്ടയം ടു അഹമ്മദാബാദ്

plutomen-technologies കേയുർ ബലാവത്തും അലൻ ഏബ്രഹാമും.

കൊച്ചി ∙ പ്ലൂട്ടോമെൻ ടെക്നോളജീസ് പിച്ചവച്ചു നടക്കുന്നതേയുള്ളൂ. പ്രായം ആറു മാസം. പക്ഷേ, ഇതിനകം മറ്റു മൂന്നു കൊച്ചു കമ്പനികളെ ഏറ്റെടുത്തു കഴിഞ്ഞു. കൊള്ളാവുന്നൊരു കമ്പനിയിൽ നിന്നു സീഡ് ഫണ്ടുമെത്തി.

കോട്ടയം കറുകച്ചാൽ സ്വദേശിയായ അലൻ ഏബ്രഹാമെന്ന എൻജിനീയറിങ് ബിരുദധാരി നയിക്കുന്ന പ്ലൂട്ടോമെൻ ജനിച്ചതു കേരളത്തിലല്ല. അങ്ങ്, ഗുജറാത്തിലെ അഹമ്മദാബാദിൽ. പുതുസാങ്കേതിക വിദ്യകളുടെ കരുത്തിൽ പുത്തന്‍ പ്രോഡക്ടുകൾ വിപണിയിൽ ഇറക്കാനുള്ള ഒരുക്കത്തിലാണ് അലനും സംഘവും.

ആദ്യ ഉൽപന്നമായ ഫ്ലാഷ്ടർ ആപ് ഒരു മാസത്തിനകം അവതരിപ്പിക്കും. പക്ഷേ, അതിനു മുൻപേ മാസവരുമാനം ലക്ഷങ്ങളിലെത്തിച്ചു കഴിഞ്ഞു അവർ. ബജാജ് അലയൻസ് പോലുള്ള വൻകമ്പനികൾക്കു നൂതന ഐടി സേവനങ്ങൾ ലഭ്യമാക്കിയാണു പ്ലൂട്ടോമെൻ കാശുണ്ടാക്കുന്നത്.

അഹമ്മദാബാദ് സ്വദേശിയായ കേയുർ ബലാവതിയുമൊത്ത് 2016 ൽ ആണ് പ്ലൂട്ടോമെൻ തുടങ്ങിയത്.. പിന്നീട് ജാൻകർ, ഹിരേൻ എന്നിവർകൂടി സംഘത്തിലെത്തി.

ആറു മാസം, രണ്ട് ഏറ്റെടുക്കൽ

അഹമ്മദാബാദ് ആസ്ഥാനമായ ആപ്ലിക്കേഷൻ, ഗെയിമിങ് കമ്പനിയായ എച്ച്ജെ ഡൈമൻഷൻസ്, ഡിസൈൻ സൊലൂഷൻസ് കമ്പനിയായ ഒറിഡൻ ടെക്‌ലാബ്സ് എന്നിവയെ ഏറ്റെടുത്താണു പ്ലൂട്ടോമെൻ കരുത്തു കൂട്ടിയത്. അതു തന്നെയാണു പ്ലൂട്ടോമെൻ ടെക്നോളജീസിന്റെ ആറു മാസ വളർച്ചയിലെ നാഴികക്കല്ലെന്നു പറയുന്നു, അലൻ.

അഹമ്മദാബാദിലെ അബാജ് ഇലക്ട്രോണിക്സ് ഗ്രൂപ്് എംഡി നിരവ് പട്ടേൽ സീഡ് ഫണ്ടിങ് നൽകിയതും പ്ലൂട്ടോമെൻ ടീമിന് അഭിമാനം പകരുന്നു.

ഒറ്റ ക്ലിക്കിൽ പടമെടുത്ത് അയയ്ക്കൽ

ഫോണിൽ പടമെടുക്കാൻ ഒരു ക്ലിക്. പിന്നെ അതു സേവ് ചെയ്യണം. പലർക്കു പടം അയയ്ക്കണം. പലവട്ടം സ്ക്രീനിൽ വിരൽ തൊട്ടാൽ മാത്രമേ ഇപ്പണിയെല്ലാം നടക്കൂ. അവിടെയാണ് ഒരൊറ്റ ടച്ചിൽ പടമെടുപ്പും പടം അയയ്ക്കലും സാധ്യമാക്കുന്ന ഫ്ലാഷ്ടർ ആപ്പിന്റെ പ്രസക്തിയെന്ന് അലൻ കരുതുന്നു.

ഫോൺ കൈവശമുള്ളവരെല്ലാം ഫൊട്ടോഗ്രഫർമാരായ കാലത്ത് ഇത്തരമൊരു ആപ്പിന്റെ പ്രയോജനവും അലൻ ചൂണ്ടിക്കാട്ടുന്നു. ആപ്പിനു പേറ്റന്റ് എടുക്കാനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണ്.

സ്റ്റാർടപ് ടിപ് ബൈ അലൻ

പൊതുവിൽ സ്റ്റാർടപ് കമ്പനികൾക്ക് ഫണ്ടിങ് ലഭിച്ചാൽ കിട്ടുന്ന കാശെല്ലാം പ്രോഡക്ട് ഡവലപ്മെന്റിനു വേണ്ടിയാണു ചെലവാക്കുക. പലപ്പോഴും പ്രോഡക്ട് വിജയമായില്ലെങ്കിൽ മുടക്കിയ പണമെല്ലാം കൈവിട്ടുപോകും. ഐടി സേവനങ്ങൾ കൂടി ലഭ്യമാക്കുകയാണെങ്കിൽ അത്തരമൊരു അപകടമുണ്ടാകില്ല.