Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തെ വ്യവസായ സൗഹൃദമാക്കാൻ നിയമ നിർമാണം നടത്തും: മന്ത്രി

ac-moideen-1 എ.സി.മൊയ്തീൻ

കൊച്ചി ∙ പുതിയ വ്യവസായങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനും സംസ്ഥാനത്തെ പൂർണമായും വ്യവസായ സൗഹൃദമാക്കുന്നതിനും നിയമ നിർമാണം നടത്തുമെന്നു മന്ത്രി എ.സി. മൊയ്തീൻ. ഇതിന്റെ കരട് തയാറാക്കി നിയമ വകുപ്പിന്റെ പരിഗണനയ്ക്കു വിട്ടു.

വിയർപ്പൊഴുക്കി തുടങ്ങുന്ന വ്യവസായങ്ങൾ ആരെങ്കിലും പരാതിപ്പെട്ടാലുടൻ സ്റ്റോപ് മെമോ നൽകി നിർത്തിക്കുന്ന പരിപാടി ഇനി നടക്കില്ല. പൊതു ജനങ്ങൾക്കു പരാതികളുണ്ടെങ്കിൽ, ഫാക്ടറികളിലെ ബന്ധപ്പെട്ട പോരായ്മകൾ പരിഹരിക്കാനാണ് ശ്രമിക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി. 

നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങളിൽ 13 എണ്ണം ലാഭത്തിലേക്കു കരകയറിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ചവറ കെഎംഎംഎൽ ഏറെ കാലങ്ങൾക്കു ശേഷം 40 കോടി രൂപയുടെ ലാഭത്തിലെത്തി. കൊച്ചിയിലെ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ് നല്ല ലാഭത്തിലെത്തി. മലബാർ സിമന്റ്സിൽ വിവാദങ്ങൾ മൂലം പ്രശ്നങ്ങളുണ്ടായെന്നും അസംസ്കൃത വസ്തുക്കളുടെ സംഭരണം വേണ്ട വിധത്തിൽ നടക്കാത്തതിനാൽ മൂന്നു മാസത്തോളം ഫാക്ടറി അടച്ചിടേണ്ടി വന്നെന്നും മന്ത്രി പറഞ്ഞു. 

ഇതു മറികടന്ന് മലബാർ സിമന്റ്സും കോട്ടയം ട്രാവൻകൂർ സിമന്റ്സും ലാഭത്തിലേക്കു നീങ്ങുകയാണ്. ട്രാവൻകൂർ സിമന്റ്സിൽ ഗ്രേ സിമന്റും ഉൽപാദിപ്പിക്കും. കേബിളുകളും മറ്റും ഉൽപാദിപ്പിക്കുന്ന ട്രാകോ കേബിൾസ്, കെഇഎൽ, യുഇഐഎൽ, ടെൽക്ക് എന്നിവയുടെ ഉൽപന്നങ്ങൾ കെഎസ്ഇബി മുൻഗണന നൽകി വാങ്ങും. 2015–16 ൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം 131.60 കോടി രൂപയായിരുന്നത് ഇപ്പോൾ 71.34 കോടിയായി കുറഞ്ഞു.

കെഎംഎംഎല്ലിന്റെ വികസനത്തിനായി 150 ഏക്കർ ഏറ്റെടുക്കും. പരിസ്ഥിതി സൗഹൃദമായി ധാതുമണൽ ഖനനം ചെയ്തു മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കും. പെട്രോ കെമിക്കൽ കോംപ്ളക്സ് സ്ഥാപിക്കാൻ എഫ്എസിടിയുടെ 600 ഏക്കർ സ്ഥലം ഏറ്റെടുക്കും. ചെലവിനു വേണ്ട 1866 കോടി രൂപ കിഫ്ബി ഫണ്ടിൽ നിന്നു കണ്ടെത്തും.

കിൻഫ്ര, കെഎസ്ഐഡിസി മുഖേന കൂടുതൽ പദ്ധതികൾ നടപ്പാക്കും. പാലക്കാടും ആലപ്പുഴയിലും മെഗാ ഫുഡ് പാർക്കുകൾ, അങ്കമാലിയിൽ അപ്പാരൽ പാർക്ക്, വേളിയിലും പുഴയ്ക്കൽ പാടത്തും വരവൂരിലും വ്യവസായ സമുച്ചയങ്ങൾ എന്നിവ നിർമിക്കും. കെൽട്രോൺ വികസനത്തിനായി 100 കോടി രൂപയുടെ പദ്ധതി ആവിഷ്കരിക്കുന്നുണ്ട്. ആലപ്പുഴയിലെ കേരള ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് 28 കോടി ചെലവിൽ ആധുനികവൽക്കരിക്കും. 200 കോടി രൂപയുടെ മരുന്ന് ഉൽപാദിപ്പിക്കുകയാണ് ലക്ഷ്യം.

ഈ പദ്ധതികൾ മേയ് ആറിന് ഉദ്ഘാടനം ചെയ്യും. പരമ്പരാഗത മേഖലയിലും നവീകരണം ലക്ഷ്യമിടുന്നുണ്ട്. മൂവായിരം തറികൾ നൽകി കൈത്തറി വ്യവസായം പ്രോൽസാഹിപ്പിക്കും. നഷ്ടത്തിലായ മില്ലുകളുടെ പുനരുദ്ധാരണത്തെക്കുറിച്ചു പഠിച്ച് റിപ്പോർട്ട് സമർപ്പിക്കും. പരിസ്ഥിതി സൗഹൃദമായി വ്യവസായത്തെ പ്രോൽസാഹിപ്പിക്കുയാണ് നയം. എല്ലാ വ്യവസായ സ്ഥാപനങ്ങളിലും മഴവെള്ള സംഭരണി നിർബന്ധമാക്കുമെന്നും മന്ത്രി അറിയിച്ചു.

related stories