Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചി കപ്പൽശാലയുടെ ഓഹരി വിൽപനയ്ക്കു സെബി അനുമതി

chn-shipyard

മുംബൈ∙ കൊച്ചി കപ്പൽശാലയുടെ പ്രഥമ ഓഹരി വിൽപനയ്ക്കു (ഐപിഒ) സെബിയുടെ (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) അനുമതി. ഓഹരി വിൽപനയിലൂടെ 1400 മുതൽ 1500 കോടി രൂപ വരെ സമാഹരിക്കാനാണു കപ്പൽശാല ലക്ഷ്യമിടുന്നത്.

രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രവും പുതിയ ഡ്രൈ ഡോക്കും സ്ഥാപിക്കാനാണ് ഈ പണം ഉപയോഗിക്കുക. വിദേശ കപ്പലുകളുടെ അറ്റകുറ്റപ്പണികൾ നടത്താൻ 1800 കോടി രൂപയുടെയും ദ്രവീകൃത പ്രകൃതിവാതക (എൽഎൻജി) കണ്ടെയ്‌നറുകളുടെ നിർമാണത്തിനു 970 കോടിയുടെയും ഡ്രൈ ഡോക്കുകൾ നിർമിക്കാനുള്ള തയാറെടുപ്പിലാണു കപ്പൽശാല.

3.39 കോടി ഓഹരികളുടെ വിൽപനയാണു ലക്ഷ്യം. ഇതിൽ 2.26 കോടി ഓഹരികൾ പുതുതായി പുറപ്പെടുവിക്കുന്നതാണ്;ബാക്കി 1.13 കോടി സർക്കാരിന്റെ കൈവശമുള്ള 100% ഓഹരികളിൽ 10 ശതമാനത്തിന്റെ വിൽപനയും. 10 രൂപ മുഖവിലയുള്ള ഓഹരിയുടെ വിൽപനവില നിർണയിച്ചിട്ടില്ല.

പൊതുമേഖലയിൽ രാജ്യത്ത് ആകെയുള്ള അഞ്ചു കപ്പൽശാലകളിൽ നിന്നു സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ലിസ്‌റ്റിങ് നേടാനൊരുങ്ങുന്ന ആദ്യ കമ്പനിയുമാണു കൊച്ചി കപ്പൽശാല. നാഷനൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും ഓഹരികൾ ലിസ്‌റ്റ് ചെയ്യും.

ഓഹരി വിൽപനയ്‌ക്കു 2015 നവംബറിൽ സാമ്പത്തിക കാര്യങ്ങൾക്കുള്ള മന്ത്രിസഭാസമിതി അനുമതി നൽകിയതാണ്. എന്നാൽ ജീവനക്കാരുടെ എതിർപ്പ് ഉൾപ്പെടെയുള്ള കാരണങ്ങളാലാണു തുടർ നടപടികൾ നീണ്ടുപോയത്. പ്രതാപ് സ്നാക്സ്, തേജസ് നെറ്റ്‌വർക്ക് എന്നിവയ്ക്കും ഓഹരി വിൽപനയ്ക്കു സെബിയുടെ അനുമതി ലഭിച്ചു.