Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരുഭൂമിയിലെ ടൂറിസം മരുപ്പച്ചകള്‍

tourist-manal

ഷാർപ് ബിസിനസ് സ്യൂട്ടിട്ട സായിപ്പൻമാരും തൂവെള്ള കന്തൂറ ധരിച്ച അറബികളും ഇടകലർന്നൊഴുകുന്നതു കാണാൻ കൗതുകമാണ്. ഇരുവർക്കും പരസ്പരം ആവശ്യമുണ്ട്. ആയിരക്കണക്കിനു കോടികളുടെ കച്ചവടമാണേ കൺമുന്നിൽ എടുപിടീന്നു നടക്കുന്നത്. ദുബായിലെ അറേബ്യൻ ട്രാവൽ മാർക്കറ്റിൽ (എടിഎം) അതാണു കാഴ്ച. 

വേൾഡ് ട്രേഡ് സെന്റർ മെട്രോ സ്റ്റേഷനിൽ നിന്നു റോഡ് കുറുകേ കടന്നു ദുബായ് രാജ്യാന്തര കൺവൻഷൻ സെന്ററിലെത്തിയാൽ എടിഎം വേദിയായി. നമ്മളും നടത്തുന്നുണ്ടേ കൊച്ചിയിൽ കേരള ട്രാവൽ മാർട്ട് എന്ന കെടിഎം. ദുബായിയുമായി താരതമ്യം ചെയ്താൽ ‘അതു പാവപ്പെട്ടവന്റെ വള്ളംകളിയാണേ, ചവിട്ടി മുക്കല്ലേ’ എന്നു പറയേണ്ടി വരും.

ദുബായിൽ എടിഎമ്മിന് 152 രാജ്യങ്ങളിൽ നിന്ന് 40000 പ്രതിനിധികളെത്തുന്നു. 2600 പ്രദർശകരുണ്ട്. 65 രാജ്യങ്ങളുടെ പവിലിയനുകൾ. കാൽ ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള എസി ഹാളുകളിലാണ് അവരുടെ ടൂറിസം കളി. 

അതിലുണ്ട് ഇൻക്രെഡിബിൾ (!) ഇന്ത്യക്കും പവിലിയൻ. അതിൽ കേരള ടൂറിസത്തിനുണ്ട് എട്ടുപത്തു സ്റ്റാളുകൾ. കേരള ടൂറിസത്തിലെ ഹൂ ഈസ് ഹു അവിടെ വരും. ടൂറിസം രംഗത്തു നെറ്റ്‌വർക്കിങ്ങിന്റെ കേന്ദ്രമാണിവിടം.

എന്നുവച്ചാൽ ഈ രംഗത്തുള്ളവരെ പരിചയപ്പെടാനും ബന്ധം സ്ഥാപിക്കാനും സുവർണാവസരം. പരിചയപ്പെട്ടു ബന്ധം സ്ഥാപിക്കലാണല്ലോ (നെറ്റ്‌വർക്കിങ്) എന്നു ലോകത്തെ സകല വിജയങ്ങളുടേയും ആധാരം. 

ടൂറിസം കൊണ്ടു മാത്രം പുലരുന്ന രാജ്യങ്ങൾ ജീവൻമരണ പ്രശ്നം പോലെയാണ് എടിഎമ്മിൽ തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നത്. ഇന്തൊനീഷ്യ, തായ്‌ലൻഡ് പവിലിയനുകൾ ഉദാഹരണം. പരമ്പരാഗത ബേട്ടാവി വസ്ത്രം ധരിച്ച ബാലി നർത്തകിമാർ അവിടെത്തന്നെ ചുവടുവയ്ക്കും. ശ്രീലങ്കയിൽനിന്നു പോലും നർത്തകരെത്തി യൂറോപ്യൻ ടൂർ ഓപ്പറേറ്റർമാരെ വീഴ്ത്താൻ നോക്കുന്നുണ്ട്. 

ഗൾഫ് രാജ്യങ്ങളെല്ലാം പോസ്റ്റ്–പെട്രോളിയം സമ്പദ് വ്യവസ്ഥയെ (പെട്രോളിയം ആദായം ഇല്ലാത്ത സമ്പദ് വ്യവസ്ഥ) വരവേൽക്കാൻ തയാറെടുക്കുകയാണ്. പെട്രോളിയം ഇല്ലാത്ത ദുബായ് പണ്ടേ ഈ ലൈനിലായിരുന്നു.

ടൂറിസവും ‍വമ്പൻ വിമാനത്താവളം ഉൾപ്പെടുന്ന വ്യോമയാന ഹബ്ബും വേഗം കയറ്റിറക്കു നടത്തി കപ്പലുകളെ വിടുന്ന തുറമുഖ ഹബ്ബും റിയൽ എസ്റ്റേറ്റ് ബിസിനസും മാത്രം മതി ദുബായ്ക്ക് ഇന്നത്തെ പോലെ ഐശ്വര്യമായി തുടരാൻ. ഈജിപ്തും ടർക്കിയും മറ്റും ടൂറിസ്റ്റുകൾ ഒഴിവാക്കാൻ തുടങ്ങിയതോടെ അതിന്റെ ഗുണവും ദുബായ്ക്കാണ്. 

ഇന്ന് ദുബായ് ആഭ്യന്തര വരുമാനത്തിന്റെ 8.7% വരുമാനം ടൂറിസത്തിൽനിന്നാണ്. 2026 ആവുമ്പോഴേക്കും അത് 11.2% ആയി ഉയർത്തുകയാണു ലക്ഷ്യം. ദുബായിൽ 115 ടൂറിസം പദ്ധതികൾ പണി നടക്കുകയാണ്. 148.4 ബില്യൺ ഡോളർ (10 ലക്ഷം കോടി രൂപ) മുതൽമുടക്ക്. അതിൽ 62 പദ്ധതികൾ ഇക്കൊല്ലം ആദ്യപാദം പണി തീരും. 

അറേബ്യൻ ട്രാവൽ മാർക്കറ്റ് 1995 ലാണു തുടങ്ങിയത്. ഇരുപത്തി നാലാമത്തേതാണ് ഇത്തവണ. അനുഭവ സഞ്ചാരം എന്നതാണ് ഇക്കുറി പ്രമേയം. ഓരോ യാത്രയും അനുഭവമാക്കി തീർക്കുക. സാഹസം, സംസ്ക്കാരം, പാരമ്പര്യം, വെൽനെസ് എന്ന സുഖചികിൽസ, തീംപാർക്കുകൾ എല്ലാം അതിലുൾപ്പെടും. 2020ൽ ദുബായിൽ വേൾഡ് എക്സ്പോയും 2022ൽ ദോഹയിൽ ലോക കപ്പ് ഫുട്ബോളും അരങ്ങേറാൻ പോവുകയാണല്ലോ. അതിന്റെ കേളികൊട്ടുകളും എടിഎമ്മിലുണ്ട്. അവർ എത്ര മുൻപേ പ്ളാൻ ചെയ്യുന്നുവെന്നു നോക്കുക. 

വേൾഡ് എക്സ്പോ വരുമ്പോഴേക്ക് 1.6 ലക്ഷം ഹോട്ടൽ മുറികൾ കൂടുതലായി വരാൻ പദ്ധതികളുണ്ട്. ഭൂരിപക്ഷവും ത്രീസ്റ്റാർ ഹോട്ടലുകളായിരിക്കും. അവർക്ക് ഫൈവ് സ്റ്റാറൊക്കെ ആവശ്യത്തിൽ കൂടുതലായി. ഇനി ത്രീയാണു വേണ്ടത്. മെട്രോയും ട്രാമും ഇനി വരാൻ പോകുന്നെന്നു കേൾക്കുന്ന 

മലയാളി ടൂർ ഓപ്പറേറ്റർമാർ ശ്രീലങ്കയെ നോക്കി നെടുവീർപ്പിടുകയാണ്. ശ്രീലങ്ക പവിലിയൻ സജീവമാണ്. ബാറുകൾ പൂട്ടുകയും ഒരു ദിവസത്തെ ബാർ ലൈസൻസിന് അരലക്ഷം രൂപയിലേറെ ഫീസ് വരികയും ചെയ്തതോടെ കൺവൻഷൻ ടൂറിസം കേരളം വിട്ടു. നമ്മൾ ചത്തപ്പോൾ വളമായത് ശ്രീലങ്കയ്ക്കാണ്. 

ഒടുവിലാൻ ∙ കഴിഞ്ഞ 15 വർഷത്തിനിടെ യുഎഇ ഇന്ത്യയിൽ 300 കോടി ഡോളർ (20000 കോടി രൂപ) വിവിധ പദ്ധതികളിലായി നിക്ഷേപം നടത്തിയിട്ടുണ്ട്. അവിടെ മുഴുവൻ മലയാളികളായിട്ടും കേരളത്തിലേക്കു കാര്യമായ നിക്ഷേപം ആരെങ്കിലും കണ്ടോ!