Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒളിംപിക്സ്: മാറിമറിയുന്ന സാമ്പത്തിക ശാസ്ത്രം

Sochi Winter Olympic Games - Pre-Games activity - Monday

മൂന്നാമതൊരിക്കൽ കൂടി ഒളിംപിക്സിനു വേദിയാകുക. 2024–ലെ ഒളിംപിക്സ് വേദിയായി ലൊസാഞ്ചലസോ പാരിസോ തിരഞ്ഞെടുക്കപ്പെട്ടാൽ മൂന്നാം തവണയാകും ആതിഥേയരുടെ റോൾ കൈവരുക. പാരിസ് 1900 ത്തിലും 1924 ലും ലൊസാഞ്ചലസ് 1932 ലും 84 ലും ഇതിനു മുമ്പ് ഗ്രീഷ്മകാല ഒളിംപിക്സിനെ വരവേറ്റു. രാജ്യാന്തര ഒളിംപിക് സമിതിയുടെ 11 അംഗ അവലോകന സമിതിയുടെ ത്രിദിന നഗര പര്യടനങ്ങൾ ഈ മാസം പൂർത്തിയാകും.

ഐഒസി അംഗങ്ങളുടെ വിനോദയാത്ര ഭൂതകാലത്തിന്റേതാകുന്നു. 2002–ലെ സാൾട്ട് ലേക്ക് ശീതകാല ഒളിംപിക്സ് വേദി നിർണയത്തിൽ നടന്ന വൻ അഴിമതിയെ തുടർന്നു സംഭവിച്ച മാറ്റം. ഇപ്പോൾ അവലോകന സമിതിയുടെ സന്ദർശനത്തിനു മുമ്പ് ആതിഥേയരാകാൻ മൽസരിക്കുന്ന നഗരങ്ങളുടെ പ്രതിനിധി സംഘത്തിന് ലൊസാനിലെ ഐഒസി ആസ്ഥാനത്ത് തങ്ങളുടെ ഭാഗം വിശദീകരിക്കാം; രേഖകൾ സമർപ്പിക്കാം.

പക്ഷേ, ഇടപാടുകൾ സുതാര്യമായിട്ടും വേദിയാകാൻ ഒരുങ്ങുന്ന നഗരങ്ങളുടെ എണ്ണം കുറയുന്നു. ഒളിംപിക്സ് സാമ്പത്തിക ശാസ്ത്രം മാറിമറിയുന്നു. 2022–ലെ ശീതകാല ഒളിംപിക്സ് വേദിയാകാൻ ഒരുക്കിയ ഓസ്‌ലോയും സ്റ്റോക്ക്ഹോമും 2024–ലെ ഗ്രീഷ്മകാല ഒളിംപിക്സിനു വേദിയാകാൻ മുന്നോട്ടുവന്ന ബോസ്റ്റനും ടൊറന്റോയും പിൻവാങ്ങിയത് സാമ്പത്തിക പ്രതിസന്ധി ഭയന്നാണ്.

വേദിയാകാനുള്ള മൽസരത്തിന്റെ പ്രാഥമിക ഒരുക്കങ്ങൾതന്നെ അ‍ഞ്ചു മുതൽ 15 വരെ കോടി ഡോളർ ചെലവാകും. 2016ലെ ഒളിംപിക്സ് വേദിയാകാൻ മൽസരിച്ചു മൂന്നാം സ്ഥാനത്തായ ടോക്കിയോയ്ക്ക് അന്നു നഷ്ടമായത് 15 കോടി ഡോളർ ആണ്. പക്ഷേ, ഇതിന്റെ പകുതി ചെലവിട്ട് 2020 വിജയിച്ചു എന്ന് ടോക്കിയയോക്ക് ആശ്വസിക്കാം. ആറു കോടി ഡോളറിന്റെ പ്രാഥമിക ചെലവ് താങ്ങാനാവില്ലെന്നു പറഞ്ഞാണു ടൊറന്റോ 2024–ലെ മൽസരത്തിൽ നിന്നു പിൻവാങ്ങിയത്.

ബജറ്റുകൾ പാളുന്നതാണു പല നഗരങ്ങളെയും വെട്ടിലാക്കിയത് 2016ൽ റിയോ ഒളിംപിക്സ് നടത്തി ബ്രസീൽ വിഷമിച്ചു. 2004ലെ ഗെയിംസ് നടത്തി ഗ്രീസ് പാപ്പരായി. ടോക്കിയോ നാഷനൽ സ്റ്റേഡിയത്തിന് ആദ്യം ബജറ്റ് ചെയ്തത് 100 കോടി ഡോളർ ആയിരുന്നു.

പക്ഷേ, രൂപരേഖ മാറ്റിയപ്പോൾ മൂന്നിരട്ടിയായി. ഇതോടെ സാഹാ ഹാദിദിന്റെ രൂപകൽപന മാറ്റി കെങ്കോ കുയെ ഏൽപിച്ചു. ഇപ്പോൾ 150 കോടി ഡോളറിൽ 2019 നവംബറിൽ പണിതീർക്കാമെന്നു പ്രതീക്ഷ. ഗെയിംസ് സംഘാടക സമിതിയുടെ പ്രവർത്തനച്ചെലവ് 350 കോടി ഡോളറിൽനിന്ന് എത്ര ഉയരുമെന്ന ആശങ്കയിലാണു ടോക്കിയോ.

മോൺട്രിയോൾ ഒളിംപിക്സിലെ (1976) ഫെൻസിങ് സ്വർണ മെഡൽ നേടിയ ജർമൻ ടീം അംഗമായിരുന്ന തോമസ് ബാക് ഐഒസി സാരഥിയായതോടെ വേദിയാകാനുള്ള മൽസരക്രമങ്ങൾ ഏറെ സുതാര്യമായി. ഇല്ലെങ്കിൽ 88ൽ സോളിലും 98 നാഹോയിലും 2002ൽ സാൾട്ട് ലേക്കിലും 2014ൽ സോചിയിലുമൊക്കെ ഉയർന്നുകേട്ട കഥകൾ ആവർത്തിക്കപ്പെട്ടേനെ.

കൊളൊറാഡോയിലെ ഡെൻവർ 72ൽ ഒളിംപിക് വേദിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം പിൻവാങ്ങിയതാണ് ഒളിംപിക്സ് സാമ്പത്തിക ശാസ്ത്രത്തിലെ ആദ്യ തിരിച്ചടി. ഗെയിംസിനുവേണ്ടി അധികതുക ചെലവഴിക്കുന്നതിനെ നഗരവാസികൾ ഹിതപരിശോധനയിൽ എതിർത്തു.

മോൺട്രിയോൾ (1976) ഒളിംപിക്സ് വൻ നഷ്ടത്തിൽ കലാശിച്ചതോടെ ആതിഥേയരാകാൻ നഗരങ്ങൾ വിസമ്മതിച്ചു. 12.4 കോടി ഡോളർ ബജറ്റുമായി തുടക്കം. നിർമാണങ്ങൾ നീണ്ടുപോയി. 260 കോടി ഡോളർ അധികം ചെലവായത്രെ. മോൺട്രിയോൾ നഗരം കടക്കെണിയിൽ നിന്നു കരകയറാൻ മൂന്നു പതിറ്റാണ്ടെടുത്തു.

ഫലം 1979ൽ 84–ലെ ഒളിംപിക്സ് വേദി നിർണയിക്കപ്പെട്ടപ്പോൾ മൽസരരംഗത്ത് ലൊസാഞ്ചലസ് മാത്രം. അതുകൊണ്ട് ആതിഥേയർ മുന്നോട്ടുവച്ച നിബന്ധനകൾ ഐഒസിക്ക് അംഗീകരിക്കേണ്ടിവന്നു. 32 ൽ പണിത സ്റ്റേഡിയങ്ങൾ പലതും മോടിപിടിപ്പിച്ചു ലൊസാഞ്ചലസ് ചെലവു ചുരുക്കി. ഗെയിംസ് അവസാനിച്ചപ്പോൾ ലാഭം 21.5 കോടി ഡോളർ. അന്നത്തെ കണക്കിൽ 645 കോടി രൂപ.

ആതിഥേയരാകാൻ 88ൽ രണ്ടു നഗരങ്ങളാണു മുന്നോട്ടു വന്നതെങ്കിൽ 1992ൽ 13–ആയും 2004 ൽ 12 നഗരങ്ങളും മൽസരിച്ചു. മൂന്നൂറോളം ഇനങ്ങളിൽ 10,000 ത്തിലധികം താരങ്ങൾ ഗ്രീഷ്മകാല ഒളിംപിക്സിൽ മൽസരിക്കുമ്പോൾ ശീതകാല ഒളിംപിക്സിൽ നൂറോളം ഇനങ്ങളിൽ 3000–ത്തിൽ താഴെ താരങ്ങളാകും മൽസരിക്കാനുണ്ടാകുക. എന്നിട്ടും ബെയ്ജിങ് 2008 ൽ 4500 കോടി ഡോളർ ചെലവിട്ടപ്പോൾ 2014ൽ സോചി 5000 കോടി ഡോളർ ചെലവഴിച്ചത്രെ.

നിയന്ത്രണങ്ങൾ പാലിച്ചതിനാൽ 2012ൽ ലണ്ടൻ ചെലവാക്കിയത് 1800 കോടി ഡോളറാണ്. 520 കോടി വരവുണ്ടായിരുന്നു. ബെയ്ജിങ്ങിൽ വരവ് 360 കോടി മാത്രമായിരുന്നു. ഏറ്റവും ഒടുവിൽ ബ്രസീലിലെ റിയോയിൽ (2016) ചെലവ് പ്രതീക്ഷിച്ച 1400 കോടി ഡോളറിൽ നിന്ന് 2000 കോടി ഡോളറിൽ അധികം എത്തിയെന്നു കണക്കാക്കുന്നു.

നഗരത്തിലെയും ചുറ്റുവട്ടത്തെയും അടിസ്ഥാന സൗകര്യ വികസനവും തൊഴിൽ അവസരങ്ങൾ വർധിച്ചതുമൊക്കെ കണക്കിലെടുക്കണം. പക്ഷേ, തൊഴിൽ ശാശ്വതമല്ല എന്നതും ഒളിംപിക്സുമായി ബന്ധപ്പെട്ടുള്ള തൊഴിൽ ചെയ്യുന്നതിൽ നല്ലൊരു ഭാഗവും മറ്റും ജോലികൾ ഉള്ളവരാണ് എന്നതും വിപരീതഫലം നൽകുന്നു എന്നു വിമർശനമുണ്ട്.

ലൊസാഞ്ചലസിലെ ലാഭത്തിന്റെ കണക്കുകൾ പുറത്തുവരുന്നതിനു മുമ്പേ സോളിന് 1998–ലെ ഒളിംപിക്സ് അനുവദിച്ചിരുന്നു. പക്ഷേ, ഒളിംപിക്സിന്റെ ലാഭത്തിന്റെ കഥകൾക്കൊപ്പം അഴിമതിക്കഥകളും ഇക്കാലത്ത് തുടങ്ങിയിരുന്നു. ജുമെ ബോയിക്സും അർക്കാവിയോ എസ് പാദയും ഇക്കാലത്തെ ഐഒസി സാരഥി യുവാൻ അന്റാണിയോ സമരാഞ്ചിന്റെ സ്പാനിഷ് പശ്ചാത്തലം വിശദമാക്കി 1991 ൽ ഗ്രന്ഥമെഴുതിയതോടെ സംശയങ്ങൾ ഉയർന്നുതുടങ്ങി. സ്പെയിനിലെ മുൻ സൈനിക സ്വേച്ഛാധിപതി ജനറൽ ഫ്രാങ്കോയെ തുണച്ച വ്യക്തിയാണു സമറാഞ്ച്.

യുഎസ് ടിവി ചാനലുകൾക്കു സൗകര്യപ്രദമായ സമയങ്ങളിൽ അത്‌ലറ്റിക് മൽസരങ്ങൾ ക്രമീകരിക്കുക വഴി രാജ്യാന്തര അത്‌ലറ്റിക് (ഐ.എ.എഫ്) സാരഥി, ഇറ്റലിയുടെ പ്രിമോ നെബിയോല മാത്രം രണ്ടു കോടി ഡോളർ സോൾ ഒളിംപിക്സിൽ സമ്പാദിച്ചെന്നായിരുന്നു മറ്റൊരു ആരോപണം.

ബ്രിട്ടീഷ് പത്രപ്രവർത്തകരായ വിവ് സിംസനും ആൻഡ്രൂ ജെന്നിങ്സും ചേർന്നെഴുതിയ ‘ലോർഡ്സ് ഓഫ് ദ് റിങ്സ്’ എന്ന പുസ്തകം 1992 ജനുവരിയിൽ പുറത്തുവന്നതോടെ കായികലോകം ഞെട്ടി. 1992 ൽ ഒളിംപിക്സിനു ശ്രമിച്ച 13 നഗരങ്ങൾ ഐഒസി അംഗങ്ങളെ തൃപ്തിപ്പെടുത്താൻ ചെലവിട്ടത് 3.3 കോടി പവൻ (അന്നത്തെ കണക്കിൽ 231 കോടി രൂപ).

ബാർസിലോനയാകട്ടെ ഐഒസി അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും താമസിക്കാൻ ഒരുക്കിയ പ്രിൻസെസ് സോഫിയ എന്ന ആഡംബര ഹോട്ടൽ മോടിപിടിപ്പിക്കാൻ 91ലും 92ലും ഒരു കോടി ഡോളർ വീതം ചെലവിട്ടു.

കോടികൾ വാരിയെറിഞ്ഞു വേദി നേടിയവർ പലരും പിന്നീടു വിഷമിച്ചു. ടൂറിസത്തിൽ നിന്നു പ്രതീക്ഷിച്ച വരുമാനം കിട്ടിയില്ല. ഒളിംപിക്സ് സമയത്തു വലയും ചെലവും ഏറുമെന്നതിനാൽ സന്ദർശകർ വിട്ടുനിന്നു. പണിത സ്റ്റേഡിയങ്ങൾ സംരക്ഷിക്കുന്നതു ബാധ്യതയായി. സിഡ്നി ഒളിംപിക് സ്റ്റേഡിയം സംരക്ഷിക്കാൻ പ്രതിവർഷം മൂന്നു കോടി ഡോളർ വേണം. ബെയ്ജിങ്ങിലെ ‘ബേഡ്സ് നെസ്റ്റ്’ സംരക്ഷിക്കാൻ പ്രതിവർഷം ഒരു കോടി ഡോളറും.

അറ്റ്ലാന്റയിലും ആഥൻസിലുമൊക്കെ ചില സ്റ്റേഡിയങ്ങൾ പൊളിച്ചുകളഞ്ഞതു സംരക്ഷണച്ചെലവ് ഏറിയതിനാലാണ്. അറ്റ്ലാന്റയാകട്ടെ മൊബീൽ ഫ്ലഡ്‌ലൈറ്റും മറ്റും ക്രമീകരിച്ചു ചെലവു ചുരുക്കി.

എന്തായാലും ഐഒസിയുടെ ഒളിംപിക് ചാംപ്യനായ, സാരഥി തോമസ് ബാക് പൂർണ ശുദ്ധികലശവും സാമ്പത്തിക അച്ചടക്കവും ലക്ഷ്യമിടുന്നു. അദ്ദേഹം വിഭാവനം ചെയ്ത ‘ഒളിംപിക് അജൻഡ 2020’ വിജയിക്കുമെന്നു പ്രതീക്ഷിക്കാം.