Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘വാനാക്രൈ’ മോഡൽ ആക്രമണസാധ്യത ലിനക്സിലും

cyber-linux

ലണ്ടൻ ∙ വാനാക്രൈ ആക്രണത്തിനു കാരണമായ ഗുരുതരമായ സുരക്ഷാപിഴവ് ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റത്തിലുമുണ്ടെന്നു കണ്ടെത്തി. ലിനക്സിൽ ഫയൽ/പ്രിന്റ് സേവനങ്ങൾ നൽകുന്ന സാംബ എന്ന സംവിധാനത്തിലെ പിഴവാണ് കഴിഞ്ഞ ഏഴു വർഷമായി പരിഹരിക്കപ്പെടാതെ തുടരുന്നത്.

ഇതേ സേവനം വിൻഡോസിൽ നൽകുന്ന എസ്എംബി (സെർവർ മെസേജ് ബ്ലോക്ക്) യിൽ കണ്ടെത്തിയ പിഴവാണ് വാനാക്രൈ ചൂഷണം ചെയ്തിരുന്നത്. വിൻഡോസിലുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ലിനക്സ് പൂർണമായും സുരക്ഷിതമാണെന്നായിരുന്നു വിലയിരുത്തൽ.

സാംബയിൽ കണ്ടെത്തിയിരിക്കുന്ന പിഴവ് ഉപയോഗിച്ച് ഇതുവരെ സൈബർ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ, ഒറ്റവരിയുള്ള കോഡ് ഉപയോഗിച്ച് ആക്രമണം നടത്താമെന്നാണ് സൂചന. പ്രശ്നപരിഹാരത്തിനായി സാംബ പുതിയ അപ്ഡേറ്റ് പുറത്തിറക്കിയിട്ടുണ്ട്.

അടിയന്തരമായി അപ്ഡേറ്റുകൾ ഇൻസ്റ്റാൾ ചെയ്യണമെന്നു യുഎസ് ആഭ്യന്തര സുരക്ഷാവിഭാഗം മുന്നറിയിപ്പു നൽകി. ഒരു ലക്ഷം കംപ്യൂട്ടറുകളിൽ ഈ പിഴവുണ്ടെന്നാണു സൂചന. ലിനക്സ് ഉപയോക്താക്കളുടെ എണ്ണം താരതമ്യേന കുറവായതിനാൽ വാനാക്രൈ പ്രോഗ്രാമിന്റെ അതേ തോതിലുള്ള ആക്രമണമുണ്ടാവാൻ ഇടയില്ലെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.