നാട്ടില്‍ സ്വര്‍ണം വച്ചിട്ടെന്തിന്, പാപ്പരായി നടിപ്പൂ...

മ്മൾ ഇന്ത്യാക്കാർക്ക് ലോകത്തു മറ്റേതു നാട്ടുകാരേക്കാളും കൂടുതൽ ഉള്ളതെന്താ? ഒരെല്ലു കൂടുതലുണ്ടെന്നു തറുതല പറയാം. അമേരിക്ക, ബ്രിട്ടൻ, ജർമനി, റഷ്യ... ഇവരൊന്നും നമ്മുടെ  ഏഴയലത്തു വരത്തില്ലെന്നു പറയാൻ കഴിയുന്ന ഒരു കാര്യമേയുള്ളു. കേട്ടാൽ അദ്ഭുതം തോന്നും പക്ഷേ വാസ്തവമാണ്–സ്വർണം! പട്ടിണിപ്പാവങ്ങളുടെ നാടാണെങ്കിലും സ്വർണ സമ്പാദ്യത്തിന്റെ കാര്യത്തിൽ ഇന്ത്യാക്കാരെ വെല്ലാൻ വേറാരുമില്ല.

അമേരിക്കൻ സായിപ്പിന്റെ വലിയ പൊങ്ങച്ചമാകുന്നു ഫോർട്ട് നോക്സ്. അമേരിക്കൻ പട്ടാളത്തിന്റെ പ്രധാന കേന്ദ്രമാണു കെന്റക്കി സംസ്ഥാനത്തെ ഫോർട്ട് നോക്സ്. അവിടെ അതിഭയങ്കര സുരക്ഷയോടെ വലിയൊരു രണ്ടുനില കെട്ടിടമുണ്ട്. അമേരിക്കയുടെ സ്വർണ ശേഖരമാണ്.

ഇഷ്ടികയുടെ വലുപ്പമുള്ള 24 കാരറ്റ് തങ്കക്കട്ടികൾ ടൺ കണക്കിനാണു സൂക്ഷിച്ചിരിക്കുന്നത്. എന്നാലും എത്ര കിലോ, അല്ലെങ്കിൽ ടൺ വരും? 9000 ടൺ അഥവാ 90 ലക്ഷം കിലോ സ്വർണമാണ്. എന്റമ്മച്ചിയേ എന്നാരും പറഞ്ഞു പോകും. യുഎസ് സർക്കാരിന്റെ റിസർവ് സ്വർണമാണ്.

നമുക്കും റിസർവ് സ്വർണമുണ്ട്. റിസർവ് ബാങ്കിന്റെ രഹസ്യ അറകളിലാകുന്നു സ്വർണ‍ക്കട്ടികൾ. ഫോർട്ട് നോക്സിൽ അമേരിക്ക സ്വർണം വച്ചിട്ടുണ്ടെന്നു പറയും പോലെ ഇന്ത്യ എവിടെ വച്ചിരിക്കുകയാണെന്നു വിളിച്ചു പറഞ്ഞിട്ടില്ല. എന്നാലും എത്ര ടൺ വരും? കേട്ടാൽ നാണം തോന്നും. വെറും 558 ടൺ!

ഇന്ത്യയെക്കാൾ സ്വർണ ശേഖരം മറ്റനേകം രാജ്യങ്ങൾക്കുണ്ട്. കൊളോണിയൽ കാലത്തു ലോകമാകെ നിന്നു കൊള്ളയടിച്ചു കൊണ്ടുവന്ന സ്വർണം യൂറോപ്യൻ രാജ്യങ്ങൾ സൂക്ഷിച്ചിരിക്കുന്നു. സ്പെയിൻ, ഇറ്റലി, ബ്രിട്ടൻ പോലുള്ള രാജ്യങ്ങൾക്ക് ആയിരക്കണക്കിനു ടൺ സ്വർണ ശേഖരമുണ്ട്. പൊളിഞ്ഞു പാളീസായി ലോകബാങ്കും ഐഎംഎഫും കൊടുക്കുന്ന കടം വാങ്ങി കഴിഞ്ഞു കൂടുന്ന  ഗ്രീസിനു പോലും 2000 ടണ്ണിലേറെയുണ്ട്. 

ഇന്ത്യയിലെത്ര സ്വർണമുണ്ട്? റിസർവ് ബാങ്കിലും അറയിലുമൊന്നുമല്ല ഇന്ത്യയിലെ സ്വർണം, നമ്മുടെയൊക്കെ വീടുകളിൽ തന്നെയാണ്. ഇന്ത്യയിലെ സ്വർണശേഖരം എത്രയെന്നു നിസാരമായി പറയാം, 9000 ടൺ കയ്യിലുള്ള അമേരിക്ക നാണിച്ചു മാറിനിൽക്കും. ഇന്ത്യാക്കാരുടെ കയ്യിലുള്ളത് 22500 ടൺ!!! രണ്ടേകാൽ കോടി കിലോഗ്രാം!

കണക്കു തീർന്നിട്ടില്ല, ഇതു നാട്ടുകാരുടെ കയ്യിലുള്ള സ്വർണം മാത്രമാണേ. ദേവാലയങ്ങളിൽ കാണിക്കയോ സംഭാവനയോ ആയി ലഭിച്ച സ്വർണശേഖരം ഏകദേശം 2000 ടൺ മുതൽ 4000 ടൺ വരെയാണത്രെ. 

ഇനി സ്വർണക്കടകളിൽ ഇരിക്കുന്നതിന്റെ കണക്കു നോക്കണ്ടേ? ഇന്ത്യയിലാകെ എത്ര സ്വർണക്കടകളുണ്ട്? സുമാർ നാലു ലക്ഷം! ഇവിടെയെല്ലാം കൂടി ഏതാണ്ട് 8000 ടൺ ഇരിപ്പുണ്ട്. ചുരുക്കത്തിൽ ജനത്തിന്റെ കാതിലും കഴുത്തിലും അലമാരയിലും ലോക്കറിലും പിന്നെ റിസർവ് ബാങ്കിലും ദേവാലയങ്ങളിലും ജ്വല്ലറികളിലുമെല്ലാമുള്ള സ്വർണം ഏറ്റവും കുറഞ്ഞതു 30000 ടൺ വരും. ഒളിംപിക്സ് സ്വർണം കിട്ടുന്നില്ലെങ്കിലെന്ത്, ഇതുപോരേ?

ഗ്രാമിനു 2700 രൂപ വച്ച് കിലോഗ്രാമിന് 27 ലക്ഷം രൂപ. ടണ്ണിനു 270 കോടി. മുപ്പതിനായിരം ടൺ സ്വർണത്തിന്റെ മൂല്യം...? 81 ലക്ഷം കോടി രൂപ!

ഇതൊക്കെ കയ്യിൽ വച്ചിട്ടാണ് നമ്മൾ പാപ്പരായി നടിക്കുന്നത്. 

ഒടുവിലാൻ ∙ ലോകമാകെ ഇതുവരെ കുഴിച്ചെടുത്തിട്ടുള്ള സ്വർണം 1,85,000 ടൺ മാത്രമാണ്. നമുക്ക് 30000 ടൺ കയ്യിലുണ്ടെങ്കിൽ അതിനർഥം ഇതുവരെ ഭൂമുഖത്തുള്ള സ്വർണത്തിന്റെ 16% നമ്മുടെ കയ്യിലുണ്ട്. വേറൊരു രാജ്യത്തിനും ഇത്രയ്ക്കില്ല.