Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസ്എംഇകൾക്ക് വഴികാട്ടിയാകാൻ ഹാക്നേ

startup ഹാക്നേ സൊലൂഷൻസ് സ്ഥാപകൻ എൻ. നിതിൻ.

കൊച്ചി ∙ കൊച്ചു സ്റ്റാർട്ടപ്; പക്ഷേ, ലക്ഷ്യം വലുത്. ആലപ്പുഴയിലെ ഹരിപ്പാട് ആസ്ഥാനമായ ഹാക്നേ സൊലൂഷൻസിന്റെ കഥ ഇങ്ങനെ ചുരുക്കാം. കഷ്ടിച്ച് ഒന്നര വർഷം പ്രായമേയുള്ളൂ ഡിജിറ്റൽ മാർക്കറ്റിങ് കമ്പനിയായ ഹാക്നേയ്ക്ക്. പ്രതിവർഷം ആയിരം ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങൾക്കു (എസ്എംഇ) റജിസ്ട്രേഷൻ മുതൽ ഡിജിറ്റൽ മാർക്കറ്റിങ് വരെ നീളുന്ന സമ്പൂർണ സേവനം ലഭ്യമാക്കുകയാണു ഹാക്നേയുടെ മിഷൻ.

‘‘മിക്ക സ്റ്റാർട്ടപ്പുകളും സ്വന്തം മൊബൈൽ ആപ്പോ സോഫ്റ്റ്‌വെയർ പ്രോഡക്ടുകളോ മാർക്കറ്റ് ചെയ്തു വിജയിപ്പിക്കാനാണു ശ്രമിക്കുന്നത്. ഞങ്ങൾ അതിനൊപ്പം ചെറുകിട സ്ഥാപനങ്ങൾക്കു വഴികാട്ടിയാകാൻ കൂടി ശ്രമിക്കുകയാണ്. എസ്എംഇകൾക്ക് എ ടു സെഡ് സേവനങ്ങൾ ലഭ്യമാക്കാൻ ‍ഞങ്ങൾക്കു കഴിയും’’ - ഹാക്നേ സ്ഥാപകൻ എൻ. നിതിൻ പറയുന്നു. കംപ്യൂട്ടർ എൻജിനീയറിങ് ഡിപ്ലോമയുള്ള നിതിൻ സ്വകാര്യ സ്ഥാപനത്തിൽ ഹ്രസ്വകാലം ജോലിയെടുത്ത ശേഷമാണു സ്വന്തം സംരംഭത്തിനു തുടക്കമിട്ടത്.

വർക് അറ്റ് ഹോം

സംസ്ഥാന സർക്കാർ നടപ്പാക്കിയ കേരള സ്റ്റേറ്റ് ഒൻട്രപ്രനർഷിപ് ഡവലപ്മെന്റ് മിഷനിലൂടെ സീഡ് ഫണ്ടിങ് ലഭിച്ച സ്റ്റാർട്ടപ്പുകളിലൊന്നാണു ഹാക്നേ. നവസംരംഭകരിൽ നിന്ന് ആശയങ്ങൾ സ്വീകരിച്ച ശേഷം വിദഗ്ധരുടെ സഹായത്തോടെയായിരുന്നു അർഹരെ കണ്ടെത്തിയത്.

‘‘ഒരു പാട് അപേക്ഷകരിൽ നിന്നാണ് ചുരുക്കം ചിലർക്കു ഫണ്ടിങ് കിട്ടിയത്. ഞാനും അതിലൊരാളായി. അങ്ങനെയാണു സ്റ്റാർട്ടപ് തുടങ്ങിയത്. തുടക്കത്തിൽ വീടു തന്നെയായിരുന്നു ഓഫിസ്. പിന്നീട്, ഹരിപ്പാട്ടു തന്നെ ഓഫിസ് തുറന്നു. ഇടയ്ക്ക്, എറണാകുളത്ത് ഓഫിസ് തുടങ്ങിയെങ്കിലും ചില പ്രശ്നങ്ങളുണ്ടായി. മുടക്കിയ പണമെല്ലാം നഷ്ടമായ സ്ഥിതി. അവിടെ നിന്നു തിരിച്ചുകയറാനായി. ഇപ്പോൾ, എല്ലാ ജില്ലകളിലും സേവനമെത്തിക്കുന്നു. കമ്മിഷൻ അടിസ്ഥാനത്തിൽ സെയിൽസ് എക്സിക്യൂട്ടീവുകളുണ്ട്’’ - നിതിൻ പറയുന്നു.

ഹെൽപ് എസ്എംഇ

ഏതു മേഖലയെയും ചലിപ്പിക്കുന്നതു ചെറുകിട, ഇടത്തരം വ്യവസായ സ്ഥാപനങ്ങളും സേവനദാതാക്കളുമാണ്. ആ തിരിച്ചറിവിലാണു ചെറുകിട മേഖലയ്ക്കായി സമ്പൂർണ സേവനമെന്ന ആശയം ഹാക്നേ ഉൾക്കൊള്ളുന്നത്. ‘‘ലോഗോ ഡിസൈൻ ചെയ്യുക, ബിസിനസ് പ്ലാൻ തയാറാക്കുക, റജിസ്ട്രേഷനു സഹായിക്കുക, വെബ്സൈറ്റ് തയാറാക്കുക തുടങ്ങിയ സേവനങ്ങളെല്ലാം നൽകും. ആവശ്യമെങ്കിൽ അവരുടെ ജീവനക്കാർക്കു പരിശീലനവും ലഭ്യമാക്കും. ഡിജിറ്റൽ മാർക്കറ്റിങ് സേവനവും നൽകും’’ - നിതിന്റെ വാക്കുകൾ.

∙ ടിപ് ബൈ നിതിൻ

സ്റ്റാർട്ടപ്പുകൾ തുടങ്ങുമ്പോൾ ഏറ്റവും പ്രധാനം തൊഴിൽ വൈദഗ്ധ്യമുള്ള മികച്ച ടീമിനെ കണ്ടെത്തുകയാണ്. ഭൗതികതലത്തിലുള്ള നിക്ഷേപം വളരെ കരുതലോടെ വേണം.