Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബീഫിനൊപ്പം കോഴിയിറച്ചിക്കും വില കൂടുന്നു

chicken

തിരുവനന്തപുരം∙ കാലിച്ചന്തകളിൽ കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നതിനു നിയന്ത്രണം വന്നതോടെ ബീഫ് വില ഉയരുന്നു.  20  മുതൽ 50 രൂപ വരെയാണു പലസ്ഥലത്തും വില ഉയർന്നത്. ബീഫ് ക്ഷാമം മൂലം കോഴിയിറച്ചിക്കും വില ഉയരുമെന്ന സ്ഥിതിയിലാണ്. കഴിഞ്ഞയാഴ്ച 260 രൂപയായിരുന്ന ബീഫ് വില ഇപ്പോൾ 320 രൂപവരെയെത്തി. 350 രൂപ വരെ ഉയരുമെന്നാണു വ്യാപാരികൾ പറയുന്നത്. അതേസമയം പലയിടത്തും ഹോട്ടലുകൾക്ക് പഴയ വിലയ്ക്കു തന്നെ ലഭിക്കുന്നുണ്ട്.

 ബീഫിന്റെ വില കഴിഞ്ഞ ഒരു മാസമായി വർധിക്കുന്നുണ്ടെന്ന് മീറ്റ് പ്രൊഡക്ട് ഓഫ് ഇന്ത്യ (എംപിഐ) അധികൃതർ പറഞ്ഞു. കേന്ദ്രസർക്കാർ ഉത്തരവിനെത്തുടർന്നു ലഭ്യത കുറഞ്ഞതോടെ വില വീണ്ടും കൂടി. കിലോയ്ക്ക് 300 രൂപയ്ക്കാണ് എംപിഐ ബീഫ് വിറ്റിരുന്നത്. ബുധനാഴ്ച മുതൽ കിലോയ്ക്ക് 380 രൂപയാക്കി ഉയർത്തി.  

അതേസമയം, പൊതുവിപണിയിൽ വില കൂടിയിട്ടില്ലെന്നും അധികൃതർ പറഞ്ഞു.  ബീഫ് ലഭ്യത കുറഞ്ഞതോടെ ചിക്കനും വില ഉയരുമെന്ന സ്ഥിതിയായി. കിലോയ്ക്ക് 80–90 രൂപയ്ക്കു ലഭിച്ചിരുന്ന ചിക്കന് പലയിടത്തും 150 രൂപ വരെ ഉയർന്നു. തമിഴ്നാട്ടിൽനിന്നുള്ള കന്നുകാലി വരവു നിലച്ചതോടെയാണു ബീഫ് വില കൂടുന്നത്. പല സ്ഥലങ്ങളിലും കച്ചവടക്കാർ കന്നുകാലികളെ അന്വേഷിച്ച് വീടുകൾ തോറും കയറിയിറങ്ങുന്നതും കാണാം.