Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാരകരോഗങ്ങളും മെഡിക്കൽ പോളിസികളും

insurance

മാരക രോഗങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യതകൾ മുൻപെന്നത്തേക്കാളും വർധിച്ചു വരുന്നു. പുതുപുത്തൻ ചികിൽസാരീതികൾ രോഗങ്ങളെ ചികിൽസിച്ച് തോൽപിക്കുന്നതിനുള്ള സാധ്യതകൾ വർധിപ്പിക്കുന്നുണ്ടെങ്കിലും താങ്ങാനാവാത്ത ചികിൽസാ ചെലവുകളാണ് ഇപ്പോൾ പ്രധാന വില്ലൻ.മാരക രോഗങ്ങളുണ്ട‌ാകുന്ന അവസരങ്ങളിൽ പരിമിതികളുള്ള പരമ്പരാഗത മെഡിക്കൽ പോളിസികൾ പലപ്പോഴും ആവശ്യത്തിന് പരിരക്ഷ ലഭിക്കാൻ തടസ്സങ്ങളുണ്ട‌ാക്കുന്നു. ഇവിടെയാണ് മാരകരോഗങ്ങൾക്ക് മാത്രം പരിരക്ഷ ലഭിക്കുന്ന മെഡിക്കൽ പോളിസികൾക്ക് പ്രാധാന്യമേറുന്നത്. നേരത്തെ ലൈഫ് ഇൻഷുറൻസ് പോളിസികളിൽ അധിക റൈഡറുകളായി മാത്രം ലഭിച്ചിരുന്ന ഇത്തരം പരിരക്ഷ ഇപ്പോൾ പ്രത്യേക ജനറൽ ഇൻഷുറൻസ് പോളിസികളായോ, മെഡിക്കൽ പോളിസികളോടൊപ്പമോ ലഭിക്കും.

ക്രിട്ടിക്കൽ കവർ എന്നാൽ 

അസുഖം വന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ ഉണ്ട‌ാകുന്ന ചികിൽസാ ചെലവുകൾക്ക് പരിരക്ഷ നൽകുന്നവയാണ് സാധാരണ മെഡിക്കൽ പോളിസികൾ. ഇവയിൽ നിന്നു വ്യത്യസ്തമായി ക‌ാൻസർ, പക്ഷാഘാതം തുടങ്ങിയ മാരക രോഗങ്ങൾ ഉണ്ട‌ാകുമ്പോൾ ഒരു നിശ്ചിത തുക പരിരക്ഷയായി നൽകുന്നവയാണ് ക്രിട്ടിക്കൽ കവർ പോളിസികൾ. 

ഒന്നിലധികം മെഡിക്കൽ പോളിസികൾ വ്യത്യസ്ത പരിരക്ഷ തുകയ്ക്കു വേണ്ടി ഉണ്ടെങ്കിൽ പോലും അനുവദനീയമായ ചികിൽസാ ചെലവുകൾക്ക് നൽകിയ പണം മാത്രം തിരികെ നൽകുന്ന രീതിയിലോ, ആശുപത്രികൾക്ക് നേരിട്ടു നൽകുന്ന രീതിയിലോ ആണ് പ്രവർത്തിക്കുന്നത്. ക്രിട്ടിക്കൽ കെയർ പോളിസികളിൽ സംഅഷ്വേർഡ് അഥവാ പരിരക്ഷ തുക ഒരുമിച്ചു പണമായി നൽകുന്നതാണ് രീതി. ചികിൽസാ ചെലവുകൾ മറ്റ് ചെലവുകൾ എന്നിവയ്‌ക്കെല്ലാമായി പരിരക്ഷ പണം വിനിയോഗിക്കാനുള്ള തീരുമാനം പൂർണമായും ഇൻഷുറൻസ് ഉടമയ്ക്കാണ്.

ഒരു അസുഖം ഒരു പരിരക്ഷ

ക‌ാൻസർ രോഗങ്ങൾക്കു മാത്രമായി പരിരക്ഷ നൽകുന്ന ക്രിട്ടിക്കൽ കെയർ പോളിസികളുണ്ട്. ഓരോ ഇൻഷുറൻസ് കമ്പനികളും വിവിധങ്ങളും വ്യത്യസ്തങ്ങളുമായ മാരക രോഗങ്ങൾക്ക് പരിരക്ഷ നൽകുന്ന രീതിയിലുള്ള പോളിസികൾ ഇറക്കിയിട്ടുണ്ട്. ക‌ാൻസർ, ഹൃദയാഘാതം, പക്ഷാഘാതം, കിഡ്‌നി രോഗങ്ങൾ, തളർവാതം, അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ തുടങ്ങി എട്ടു മുതൽ 20 വരെയുള്ള അസുഖങ്ങൾക്ക് പരിരക്ഷ നൽകുന്നുണ്ട്. 

ഓരോ വ്യക്തിയുടെയും കുടുംബ പശ്ചാത്തലം, രോഗങ്ങൾ വരാനുള്ള സാധ്യതകൾ എന്നിവയൊക്കെ പരിഗണിച്ച് ഒന്നോ ഒന്നിലധികമോ അസുഖങ്ങൾ വരുകയാണെങ്കിൽ പരിരക്ഷ ലഭിക്കുന്ന രീതിയിൽ പോളിസികൾ എടുക്കാം. ലൈഫ് ഇൻഷുറൻസ് പോളിസികൾ എടുക്കുമ്പോൾ ക്രിട്ടിക്കൽ ഇൽനെസ് റൈഡറുകൾ കൂട്ടിച്ചേർത്ത് പരിരക്ഷ വാങ്ങാം. മെഡിക്കൽ പോളിസികളേക്കാൾ കുറവ് പ്രീമിയവും പോളിസി കാലയളവ് മൊത്തം പ്രിമീയം ചെലവ് ഒരേ നിരക്കിൽ നിലനിർത്തുകയുമാകാം.

പരിരക്ഷ എത്രമാത്രം

അസുഖത്തിന്റെ കാഠിന്യവും വേണ്ടിവരുന്ന ചികിൽസാരീതികളും അനുസരിച്ചാണ് ചികിൽസാ ചെലവ് വർധിക്കുക. മാത്രമല്ല, അസുഖം വന്ന് ചികിൽസയിലാകുമ്പോൾ സാധാരണ രീതിയിൽ ജോലി ചെയ്യാനാകാത്തതിനാൽ വരുമാനം നിലയ്ക്കുന്നതും സ്വാഭാവികം. അസുഖം ഉണ്ട‌ാ

യി ചികിൽസ തേടുകയും അവ അതിജീവിക്കുകയും ചെയ്യാനുള്ള മുപ്പതു ദിവസത്തിന്റെ കാലാവധിക്ക് ശേഷമാണ് പരിരക്ഷ തുക ലഭിക്കുക. ചികിൽസയ്ക്കായി അടിയന്തര വായ്പകൾ എടുക്കുമ്പോൾ ഉണ്ട‌ാകുന്ന ഉയർന്ന പലിശാ ചെലവും സാധാരണമാണ്. 

വൻ നഗരങ്ങളിലെ മുന്തിയ ആശുപത്രികളിലാണ് ചികിൽസ തേടേണ്ടി വരുന്നതെങ്കിൽ ചികിൽസയ്ക്കും അനുബന്ധമായും വേണ്ടിവരുന്ന തുക വീണ്ടും

 കൂടും. ഇവയെല്ലാം കണക്കിലെടുത്തു വേണം എത്ര പരിരക്ഷ ലഭിക്കുന്ന പോളിസികൾ വേണമെന്ന് തീരുമാനിക്കുവാൻ. സാധാരണ ഗതിയിൽ ശരാശരി 15 ലക്ഷം രൂപയുടെയെങ്കിലും പൊതുവിൽ കാണുന്ന മാരക രോഗങ്ങൾക്കെതിരെ പരിരക്ഷ ഉണ്ടാകണം.

പോളിസികൾ പുതുക്കണം

ലൈഫ് ഇൻഷുറൻസ് പോളിസികളിൽ സാധാരണ പ്രീമിയത്തോടൊപ്പമാണ് റൈഡർ പ്രീമിയവും ഈടാക്കുക. ഒറ്റയ്ക്കായുള്ള ക്രിട്ടിക്കൽ പോളിസികൾ ഒരു വർഷം മുതൽ മൂന്നു വർഷം വരെയുള്ള പോളിസി കാലയളവിൽ ലഭിക്കും. പോളിസി കാലാവധി എത്തുംമുൻപു പ്രീമിയം നൽകി പുതുക്കേണ്ടതുണ്ട്. എസ്ബിഐ ക്രിട്ടിക്കൽ ഇൻഷുറൻസ് പോളിസിയിൽ ചേരുന്ന 35 വയസ്സുള്ള ഒരാൾക്ക് ഏകദേശം 13 ഓളം അസുഖങ്ങൾ ഉണ്ടായാൽ 10 ലക്ഷം രൂപ പരിരക്ഷ ലഭിക്കാൻ അടയ്‌ക്കേണ്ടി വരുന്ന പ്രീമിയം ഏകദേശം 2500 രൂപയോളമാണ്. ഒരിക്കൽ പോളിസി എടുത്താൽ ജീവിതകാലം മുഴുവൻ അതു പുതുക്കി ലഭിക്കാനുള്ള സാധ്യത കൂടി മുൻകൂർ ആരായണം.

തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാൻ

എസ്ബിഐ കൂടാതെ ബജാജ് അലയൻസ്, എച്ച്ഡിഎഫ്സി എർഗോ, ടാറ്റ എഐജി തുടങ്ങി ഒരു ഡസനോളം മെഡിക്കൽ ഇൻഷുറൻസ് കമ്പനികൾ ക്രിട്ടിക്കൽ ഇൽനെസ് പോളിസികൾ വിൽക്കുന്നുണ്ട്. ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ജീവൻ ആരോഗ്യ സമാനഗുണങ്ങളുള്ള പോളിസിയായി കണക്കാക്കാം. പ്രായം കൂടുന്നതനുസരിച്ച് ക്രിട്ടിക്കൽ ഇൽനെസ് പോളിസികളിൽ പ്രിമീയം തുക വർധിക്കും. 

വ്യക്തിഗത മെഡിക്കൽ പോളിസികൾ, ഫാമിലി ഫ്‌ളോട്ടർ പോളിസികൾ, ഗ്രൂപ്പ് ഇൻഷുറൻസ് പോളിസികൾ എന്നിവയോടൊപ്പം ക്രിട്ടിക്കൽ ഇൽനെസ് ഇൻഷുറൻസ് കൂട്ടിച്ചേർക്കാൻ ചില കമ്പനികളിൽ സാധിക്കും. ക്രിട്ടിക്കൽ ഇൻഷുറൻസ് പരിരക്ഷ ഉണ്ടെങ്കിൽ കൂടി അധികമായി ഒരു മെഡിക്കൽ ഇൻഷുറൻസ് പോളിസി കൂടി ഉണ്ടായിരിക്കേണ്ടതുണ്ട്. പരിരക്ഷ പരിധികളും, പരിരക്ഷ ഒഴിവാക്കിയിട്ടുള്ള സന്ദർഭങ്ങളും ഉൾപ്പെടെ പ്രധാന പോളിസി നിബന്ധനകൾ മനസ്സിലാക്കിയിട്ടു വേണം പ്രീമിയം തുക മുടക്കുവാൻ.