Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഫിസ് ജോലി വീട്ടിൽ ചെയ്തു മതിയായി

business-boom

ഭൂമി ഉരുണ്ടതാണെന്നതിൽ സംശയമേയില്ല. ഒരിക്കൽ ചെയ്തിരുന്നതും പിന്നെ വേണ്ടെന്നു വച്ചതുമൊക്കെ കറങ്ങി തിരിഞ്ഞു വീണ്ടും വരും. ആഗോളവൽക്കരണം പോലും വേണ്ടെന്നു വയ്ക്കുന്ന കാലമാണ്. അതും ആഗോളവൽക്കരണത്തിന്റെ അപ്പോസ്തലൻമാരായിരുന്ന അമേരിക്കൻ സായിപ്പ് തന്നെ ഭൂഗോളം വേണ്ട സ്വന്തം രാജ്യം മാത്രം മതിയെന്ന ലൈനിലേക്കു മാറുകയാണ്. ജീവനക്കാർ ഓഫിസിൽ വരണമെന്നില്ല, വീട്ടിലിരുന്നു കംപ്യൂട്ടറിൽ ജോലി ചെയ്താൽ മതിയെന്ന് ആദ്യം പറഞ്ഞ ഐബിഎം ദേണ്ടെ ലൈൻ മാറ്റി പിടിക്കുന്നു. അങ്ങനെ വീട്ടിലിരുന്നവരെയെല്ലാം തിരിച്ച് ഓഫിസിൽ വന്നു ജോലി ചെയ്യാൻ പറഞ്ഞിരിക്കുകയാണ്. ഹോം ഓഫിസ്, റിമോട്ട് വർക്കർ തുടങ്ങിയ ഏർപ്പാടുകൾ മതിയാക്കുന്നു.

വീട്ടിലിരുന്നു ജോലി ചെയ്യുന്നവരുടെ ഉൽപാദനക്ഷമത ഓഫിസിലിരുന്നു ചെയ്യുന്നവരെക്കാൾ കുറവാണെന്നു കണ്ടെത്തിയെന്നാണു പറയുന്നത്. അടുത്തിടെ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് നടത്തിയ പഠനത്തിൽ കണ്ടതു വീട്ടിലിരുന്നു ജോലി ചെയ്യുന്നതു സൗകര്യമാണെങ്കിലും സംഗതി ജീവനക്കാർക്കു തന്നെ പരമ ബോറാണെന്നാണ്. ഓഫിസിൽ പോയി വരുന്നതിന്റെ രസമില്ല, സ്വന്തം പണിയല്ലാതെ വേറേ എന്തൊക്കെ നടക്കുന്നു എന്നറിയാനൊക്കില്ല, വ്യക്തികളുടെ കാര്യങ്ങളും ഗോസിപ്പും അറിയാൻ കഴിയുന്നില്ല. പണി കഴിഞ്ഞിട്ട് ഓഫിസ് ജീവനക്കാരുമൊത്തുള്ള പാർട്ടികൾ ഇല്ല. ചുരുക്കത്തിൽ ആകെ മടുപ്പാണെന്നു കേരളത്തിലെ ചില ഐടി കമ്പനികൾക്കു വേണ്ടി വീട്ടിലിരുന്നു ജോലി ചെയ്യുന്നവരും പറയുന്നു.

വീട്ടിൽ ബ്രേക്ക് ഇല്ല എന്നതാണു പ്രധാന പ്രശ്നം. കുളിച്ചു കാപ്പി പലഹാരാദികൾ കഴിച്ചു കാലത്തേ എട്ടരയ്ക്കു വീട്ടിലെ ഓഫിസ് മുറിയിൽ കയറി വാതിലടയ്ക്കും. വീട്ടിൽ അങ്ങനെയൊരു മുറിയുണ്ടാക്കി കംപ്യൂട്ടറൊക്കെവച്ച് ‘ഓഫിസാകുന്നു ശല്യം ചെയ്യരുത്’ എന്നു കൊച്ചുകുട്ടികളെ വരെ പഠിപ്പിച്ചിരിക്കുകയാണ്. പിന്നെ ഇറങ്ങുന്നത് ഉച്ചയ്ക്കു ശാപ്പാട് കാലമാകുമ്പോൾ മാത്രം. അതുവരെ ഫോണിലും കംപ്യൂട്ടറിലുമാണു ജോലി. ടീമിനെ നയിക്കേണ്ട ചുമതലയുണ്ടെങ്കിൽ ടീം അംഗങ്ങളുമായി സദാ ഫോണിലായിരിക്കും. പ്രോജക്ടിന്റെ ക്ലയന്റുമായും ഇതേ ഫോൺ ചർച്ചതന്നെ ചർച്ച. അതിനിടെ ഫോണിലൂടെ കോൺഫറൻസ്, വിഡിയോ കോൺഫറൻസ് ഇത്യാദികൾ...

ഓഫിസിലാണെങ്കിൽ നേരിട്ടു സംസാരിക്കാം, ടീമിലുള്ളവരുടെ ഡസ്കിൽ പോയി പറഞ്ഞു കൊടുക്കാം. ഇവിടെ അതൊന്നും നടപ്പില്ല. ഓഫിസിലാകുമ്പോൾ കന്റീനിൽ പോയാൽ ചെറിയൊരു ബ്രേക്കായി. ലഞ്ച് ബ്രേക്കുണ്ട്. വൈകിട്ട് ഓഫിസ് വിട്ടു വീട്ടിലേക്കു പോകുന്ന വഴിയിലും വീട്ടിൽ ചെന്നാലും ജോലിയിൽ നിന്നു ടോട്ടൽ ബ്രേക്കായി. വീട്ടിൽ തന്നെയിരുന്നാൽ ഇത്തരം ബ്രേക്കൊന്നും അനുഭവപ്പെടില്ല. രാത്രിയിലേക്കും പണി നീണ്ടു പോകുന്നു.

വീട്ടിലിരിപ്പുകാർ തന്നെ രണ്ടു തരമുണ്ടെന്നു കണ്ടെത്തിയിരുന്നു. കമ്പനി തന്നെ വീട്ടിലിരുത്തുന്നവരും സ്വന്തം ആവശ്യപ്രകാരം കമ്പനി സൗജന്യം അനുവദിക്കുന്നവരുമാണു രണ്ടു തരക്കാർ. ഓഫിസിൽ ഇരിക്കാൻ സ്ഥലം ഇല്ലാഞ്ഞിട്ടോ, എസിയും മറ്റും ലാഭിക്കാനോ കുറേപ്പേരെ വീട്ടിലിരുത്തുന്നു.  ഇത്തരക്കാർ പൊതുവെ ഉഴപ്പായിരിക്കും. എന്നാൽ കുഞ്ഞിനെ നോക്കാനോ, പ്രായമായവരെ പരിചരിക്കാനോ, അസുഖം മൂലമോ വീട്ടിലിരിക്കാൻ കമ്പനി സൗമനസ്യം കാണിക്കുന്നവർ ശരിക്കു ജോലി ചെയ്യുമെന്നാണ്. അങ്ങനെയൊരു സൗകര്യം കിട്ടിയതു തന്നെ ഭാഗ്യമായി കരുതുന്നതി‍നാൽ അവർ നന്ദി ഉള്ളവരായിരിക്കും.

പക്ഷേ ഇരുകൂട്ടരും ഓഫിസിൽ സാമൂഹികമായും പ്രഫഷനലായും ഒറ്റപ്പെടുന്നു. മാവേലി വരും പോലെയാണു മറ്റുള്ളവർ ഇവരെ കാണുന്നത്. വർഷാവസാനമുള്ള അപ്രൈസലിൽ പിന്തള്ളപ്പെട്ടുപോകാം. ചെയ്ത ജോലി എത്രയുണ്ടെന്ന് അപ്രൈസർ കണ്ടിട്ടില്ല. ആളിനെ തന്നെ വല്ലപ്പോഴുമാണു കണ്ടിട്ടുള്ളത്. ഔട്ട് ഓഫ് സൈറ്റ്, ഔട്ട് ഓഫ് മൈൻഡ് എന്നാണല്ലോ ശാസ്ത്രം! മാത്രമല്ല ഒരാൾ വീട്ടിലിരുന്നു ചെയ്തു തീർത്ത ജോലിയെക്കുറിച്ച് ഓഫിസിൽ അവതരണം നടത്തി ഷൈൻ ചെയ്യുന്നതു വേറേതോ വിരുതനായിരിക്കും. അയാൾ ക്രെഡിറ്റ് അടിച്ചുകൊണ്ടു പോകും. റിമോട്ട് വർക്കർ അയ്യടാന്നാവും. 

ഒടുവിലാ‍ൻ ∙ ആണുങ്ങൾ വീട്ടിലിരുന്നു ജോലി ചെയ്താൽ നാട്ടുകാരുടെ ശല്യം വേറേ. ഭാര്യ പുറത്തിറങ്ങിയാൽ ചോദിക്കും: ‘ഭർത്താവ് എന്താ എപ്പോഴും വീട്ടിലിരിക്കുന്നേ? ജോലിയൊന്നും ഇല്ല അല്യോ...!!?’. സിനിമാക്കാരോട് ഇപ്പൊ ചാൻസൊന്നും ഇല്ലല്യോ എന്നു ചോദിക്കുന്നതിന്റെ അതേ രസം തന്നെ.