Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യവസായ നയത്തിന്റെ കരട് തയാർ

industrial-policy

തിരുവനന്തപുരം∙ പരിസ്ഥിതി സൗഹൃദ രീതിയിൽ കേരളത്തെ മികച്ച നിക്ഷേപക സംസ്ഥാനമാക്കുന്നതു ലക്ഷ്യമിടുന്ന വ്യവസായ നയത്തിന്റെ കരടു രൂപം പുറത്തിറക്കി. വ്യവസായ, വാണിജ്യരംഗത്തു വൻവളർച്ചയാണു ലക്ഷ്യമിടുന്നതെന്നു മന്ത്രി എ.സി.മൊയ്തീൻ പറഞ്ഞു. വിവിധ മേഖലയിലുള്ളവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പരിഗണിച്ച ശേഷം ഒരു മാസത്തിനകം അന്തിമ നയം തയാറാക്കി നിയമസഭയിൽ സമർപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

വ്യവസായ, വാണിജ്യ മേഖലയിലെ കുതിച്ചുചാട്ടത്തിലൂടെ ന്യായമായ വേതനം ലഭിക്കുന്ന കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, വ്യവസായ, വാണിജ്യ രംഗത്തു മുൻപന്തിയിലുള്ള ആദ്യ പത്തു സംസ്ഥാനങ്ങളുടെ പട്ടികയിൽ പ്രവേശിക്കുക, പരിസ്ഥിതി സൗഹൃദ വ്യവസായം ഉറപ്പാക്കുക എന്നിവയിൽ ഊന്നിയാണു നയം രൂപീകരിക്കുന്നത്.

നിലവിലെ വ്യവസായങ്ങൾ പരിപോഷിപ്പിച്ചും പൊതു, സ്വകാര്യമേഖലകളിൽ ആധുനിക സംരംഭങ്ങൾ ആരംഭിച്ചും ഈ ലക്ഷ്യം കൈവരിക്കും. പരമ്പരാഗത വ്യവസായങ്ങൾ പൂർണമായി സംരക്ഷിക്കും.

പ്രത്യേക സാമ്പത്തിക മേഖലകൾ ഉൾക്കൊള്ളുന്ന വ്യവസായ ഇടനാഴികൾ, ലൈഫ് സയൻസ് പാർക്ക്, ടെക്സ്റ്റൈൽ പാർക്കുകൾ, ഇലക്ടോണിക്സ് ഹാർഡ്‌വെയർ പാർക്ക്, പെട്രോകെമിക്കൽ കോംപ്ലക്സ്, വ്യവസായ അടിസ്ഥാന സൗകര്യം വർധിപ്പിക്കാൻ തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് അവരുടെ ഭൂമി വ്യവസായ സംരംഭങ്ങൾക്കായി പ്രയോജനപ്പെടുത്തൽ, പരിസ്ഥിതി സംരക്ഷണ ഇൻഫ്രാസ്ട്രക്ചർ സബ്സിഡി, ഗാർഹിക നാനോപാർക്ക്, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉപഭോക്തൃ സംരംഭ ക്ലബ്ബുകൾ, ഇന്റഗ്രേറ്റഡ് കൈത്തറി ഗ്രാമം, ഖാദി ഉൽപന്നങ്ങൾക്കു പ്രത്യേക ബ്രാൻഡിങ്, കരകൗശല വിദഗ്ധരെ ഉൽപാദകരാക്കി മാറ്റുന്ന ആശ പദ്ധതി, പൊതുമേഖലാ സ്ഥാപനങ്ങളുടെ ശാക്തീകണവും വിപുലീകരണവും, വിമൻ ഒൻട്രപ്രനർഷിപ് മിഷൻ, വ്യവസായ എസ്റ്റേറ്റിൽ പ്രവാസി സംവരണം, വാണിജ്യമിഷൻ, ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ ആൻഡ് ഫെസിലിറ്റേഷൻ സെന്റർ, കയർ അധിഷ്ഠിത ഉൽപന്നങ്ങൾ നിർമിക്കാൻ പുതിയ ഫാക്ടറികൾ, കേരള കാഷ്യു ബോർഡ് തുടങ്ങിയ പദ്ധതികൾ ഉൾക്കൊള്ളുന്ന നയം കേരളത്തിന്റെ മുഖഛായ മാറ്റുമെന്നും മൊയ്തീൻ പറഞ്ഞു.