Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേന്ദ്ര നിയമവലയിൽ കുടുങ്ങി അലങ്കാര മൽസ്യവ്യാപാരികളും കർഷകരും; വിൽപന കുത്തനെ ഇടിഞ്ഞു

ornamental-fish

തിരുവനന്തപുരം ∙ അലങ്കാര മൽസ്യക്കൃഷിയും വിപണനവും അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ ‘വലവിരിച്ചതോടെ’ കർഷകരും വ്യാപാരികളും വെട്ടിലായി. എല്ലാ ജില്ലകളിലും അലങ്കാരമൽസ്യ വിൽപന കുത്തനെ ഇടിഞ്ഞു. ആയിരക്കണക്കിനു പേർക്കാണ് വരുമാനവും തൊഴിലും നഷ്ടപ്പെടുന്നത്. 

ഇതോടൊപ്പം,  സംസ്ഥാന സർക്കാർ കോടികൾ മുടക്കി സ്ഥാപിച്ച നാലു കേന്ദ്രങ്ങൾ അലങ്കോലമാകും. ഒപ്പം ഒരു കേന്ദ്ര സർക്കാർ സ്ഥാപനവും പൂട്ടേണ്ടിവരും. ഏജൻസി ഫോർ ഡവലപ്മെന്റ് ഓഫ് അക്വാക്കൾച്ചറിന് (അഡാക്) വർക്കല  ഓടയത്തും നെയ്യാർ ഡാമിലും ഫിഷറീസ് വകുപ്പിനു മലമ്പുഴയിലും വയനാട്ടിലും അലങ്കാരമൽസ്യക്കൃഷി–വിപണന കേന്ദ്രങ്ങളുണ്ട്.

സെൻട്രൽ മറൈൻ ഫിഷറീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ വിഴിഞ്ഞത്തും അക്വേറിയം പ്രവർത്തിക്കുന്നു. വിഴിഞ്ഞത്തും ഓടയത്തും കടലിൽനിന്നു ലഭിക്കുന്ന അലങ്കാര മൽസ്യങ്ങളെയാണു വളർത്തുന്നത്. നിയമം ശക്തമായാൽ അഞ്ചു കേന്ദ്രങ്ങൾക്കും താഴുവീഴും.

സർക്കാർ കേന്ദ്രങ്ങളിൽ നിന്നെല്ലാം ചെറുകിട അലങ്കാര മൽസ്യക്കൃഷിക്കാർക്കു മൽസ്യക്കുഞ്ഞുങ്ങളെ നൽകുന്നുണ്ട്. കേന്ദ്ര വിജ്ഞാപനം അനുസരിച്ചു സ്വാഭാവിക രീതിയിലാണ് അലങ്കാര മൽസ്യങ്ങളെ വളർത്തേണ്ടത്. ചില്ലു ടാങ്കുകളിലും ഭരണികളിലും മൽസ്യങ്ങളെ സൂക്ഷിക്കാനാവില്ല. സർക്കാരിന്റെയും സ്വകാര്യമേഖലകളിലെയും അക്വേറിയങ്ങളിൽ ചില്ല് ടാങ്കുകളിലാണ് അലങ്കാര മൽസ്യങ്ങളെ സൂക്ഷിച്ചിരിക്കുന്നത്. ഇനി ഇവയെല്ലാം മാറ്റേണ്ടിവരും. ഒപ്പം, മൽസ്യങ്ങളുടെ പ്രദർശനവും ഇല്ലാതാകും.

അലങ്കാര മൽസ്യക്കൃഷിക്കും വിപണനത്തിനുമായി രൂപീകരിച്ചിട്ടുള്ള കേരള അക്വാകൾച്ചർ വെഞ്ച്വർ ഇന്റർനാഷനൽ ലിമിറ്റഡ് (കാവിൽ) പ്രവർത്തനം നിർത്തേണ്ട അവസ്ഥയിലാണ്. അലങ്കാര മൽസ്യങ്ങളുടെ കയറ്റുമതിയും ആഭ്യന്തരവിപണനവുമാണ് കാവിൽ ലക്ഷ്യമിടുന്നത്. ഇതിനുവേണ്ടി ഈ വർഷം രണ്ടു കോടി രൂപ സർക്കാർ അനുവദിച്ചു. കേന്ദ്രസർക്കാർ പിടിമുറുക്കിയാൽ കാവിൽ വെള്ളത്തിലാകും. 

കേന്ദ്ര സ്ഥാപനമായ മറൈൻ പ്രോഡക്ട് ഡവലപ്മെന്റ് അതോറിറ്റിയുടെ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന മുന്നൂറോളം അലങ്കാര മൽസ്യക്കൃഷി സ്ഥാപനങ്ങൾ സംസ്ഥാനത്തു പ്രവർത്തിക്കുന്നു. ഇവയും പൂട്ടേണ്ട അവസ്ഥയിലാണ്. 

സംസ്ഥാനത്ത് ചെറുകിട അലങ്കാര മൽസ്യക്കൃഷി, വിപണന രംഗത്ത് അൻപതിനായിരത്തോളം പേർ പ്രവർത്തിക്കുന്നുവെന്നാണ് അനൗദ്യോഗിക കണക്ക്. അഡാകിന്റെ നേതൃത്വത്തിൽ ചെറുകിടക്കാർക്കു വർഷങ്ങളായി പരിശീലനം നൽകുന്നു, അതും കേന്ദ്രസഹായത്തോടെ. പരിശീലനം നേടിയവരിൽ സൂനാമി ബാധിത കുടുംബങ്ങളും ഉൾപ്പെടും. ഇതിനകം ആയിരത്തോളം പേർ പരിശീലനം കഴിഞ്ഞ് അരലക്ഷം രൂപവരെ സാമ്പത്തിക സഹായവും കൈപ്പറ്റി. ഇവരെല്ലാം അക്വേറിയം ആരംഭിച്ചിട്ടുണ്ടെന്നാണു വിവരം.

കേന്ദ്രത്തിന്റെ വിജ്ഞാപനപ്രകാരം എല്ലാ അക്വേറിയങ്ങളിലും വിപണനശാലകളിലും മുഴുവൻ‍ സമയ വെറ്ററിനറി ഡോക്ടറെയോ അല്ലെങ്കിൽ മൽസ്യ വിദഗ്ധനെയോ നിയമിക്കണം. ഇവർക്കു സഹായിയും നിർബന്ധമാണ്. മൽസ്യങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ശുചിത്വം ഉറപ്പാക്കുന്നതിനുമാണെന്നു വിജ്ഞാപനം വിശദീകരിക്കുന്നു.

എന്നാൽ വെറ്ററിനറി ഡോക്ടറും അനുബന്ധ സൗകര്യങ്ങളും ഒരുക്കി അക്വേറിയം നടത്തുന്നത് ഒരുഘട്ടത്തിലും ലാഭകരമാകില്ല. അക്വേറിയങ്ങൾക്കൊപ്പം വളർത്തുമൃഗങ്ങളുടെയൊ പക്ഷികളുടെയൊ പരിപാലനവും പാടില്ലെന്നാണു നിർദേശം. സംസ്ഥാനത്തെ ഭൂരിഭാഗം അക്വേറിയങ്ങൾക്കുമൊപ്പം വളർത്തുമൃഗങ്ങളെയും പക്ഷികളെയും വിൽക്കുന്നുണ്ട്. അക്വേറിയം മാത്രമായി നടത്തിയാൽ നഷ്ടത്തിലാകുമെന്ന അനുഭവം കൊണ്ടാണു മറ്റു കച്ചവടങ്ങളും ഇതിന്റെ ഭാഗമാക്കുന്നത്.

‘മിസ് കേരള’യെ മിസ് ചെയ്യും

കേന്ദ്ര നിയമ പ്രകാരം ഇപ്പോൾ കേരളത്തിൽ വിൽപനയിലുള്ള അലങ്കാര മീനുകളിൽ മിസ് കേരള എന്ന മൽസ്യത്തിന്റെ വിൽപന മാത്രമാണു നിരോധിച്ചിരിക്കുന്നത്. മറ്റു നിരോധിത മൽസ്യങ്ങൾ കടൽ മൽസ്യങ്ങളാണ്.

കേരളത്തിൽ കൂടുതലായി വിറ്റു പോകുന്ന മീനുകൾ വിൽക്കാൻ സാധിക്കും. പക്ഷേ, വിപണനകേന്ദ്രങ്ങൾക്ക് അനുബന്ധമായി ഒരുക്കേണ്ട സൗകര്യങ്ങൾ ഒരുക്കി വിൽപന സാധ്യമാകില്ലെന്നു മാത്രം.