Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടെസ്‌ല മോഡൽ 3 ഈ മാസം വിപണിയിൽ

tesla-model-3

ന്യൂയോർക്ക് ∙ ലോകം കാത്തിരിക്കുന്ന വൈദ്യുത കാർ ‘മോഡൽ 3’ യുടെ ഉൽപാദനവും വിതരണവും ഈ മാസം ആരംഭിക്കാനാകുമെന്നു നിർമാതാക്കൾ. എല്ലാ അനുമതികളും ലഭിച്ചെന്നും നേരത്തെ നിശ്ചയിച്ചതിനേക്കാൾ രണ്ടാഴ്ച മുൻപു നിർമാണം തുടങ്ങാനാകുമെന്നും ടെസ്‌ല കമ്പനി മേധാവി എലൻ മസ്ക് പറഞ്ഞു.  ആദ്യം ബുക്ക് ചെയ്ത 30 പേർക്ക് ഈ മാസം 28നു കാർ കൈമാറാനാകും.

ഓഗസ്റ്റിൽ 100 കാർ, സെപ്റ്റംബറിൽ 1500 എന്നിങ്ങനെയാകും ഉൽപാദിപ്പിക്കപ്പെടുന്ന കാറുകളുടെ എണ്ണം. ഡിസംബർ ആകുമ്പോഴേക്കു മാസം 20000 കാറിലെത്തും. 2018 ൽ‍ ആഴ്ചയിൽ 10000 കാർ നിർമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഈ മാസം ഉൽപാദനം ആരംഭിക്കാമെന്നാണു കമ്പനി നേരത്തെയും പ്രഖ്യാപിച്ചിരുന്നത്. 35000 ഡോളറാണ് ടെസ്‌ല മോഡൽ 3 യുടെ യുഎസ് വില (22.5 ലക്ഷം രൂപ). ഇന്ത്യയിലും ഒട്ടേറെപ്പേർ ബുക് ചെയ്തു കാത്തിരിക്കുകയാണ്.ആദ്യ കാർ വെള്ളിയാഴ്ച ഫാക്ടറിയിൽനിന്നു പുറത്തെത്തുമെന്നു ടെസ്‌ല പറഞ്ഞു.

മുൻ പ്രഖ്യാപനമനുസരിച്ച് കാർ വിപണിയിലെത്തിക്കാനുള്ള ശേഷി കമ്പനിക്കുണ്ടോ എന്ന ആശങ്ക വ്യാപകമായിരുന്നു. നേരത്തേയുള്ള രണ്ടു മോഡലുകൾക്കും ഇത്തരം പ്രശ്നങ്ങൾ നേരിട്ടിരുന്നതാണ് വിപണിയിലെ ആശങ്കയ്ക്കു കാരണം. 

എന്നാൽ ഇന്നലത്തെ പ്രഖ്യാപനത്തോടെ കമ്പനിയുടെ  ഉപയോക്താക്കളും ഓഹരിയുടമകളും ആവേശത്തിലായി. മോഡൽ 3 സെഡാൻ ഒരു തവണ ഫുൾ ചാർജ് ചെയ്താൽ 346 കിലോമീറ്റർ ഓടുമെന്നാണു കമ്പനിയുടെ വാഗ്ദാനം.