Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐടി പാർക്കുകൾ നിറയുന്നു; പുതിയവ അതിവേഗം നിർമിക്കും

techno

കൊച്ചി ∙ കേരളത്തിന്റെ ഐടി വ്യവസായത്തെ എമേർജിങ് സാങ്കേതികവിദ്യകളിലേക്കു നയിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാരിന്റെ മൂന്ന് ഐടി പാർക്കുകളിലും പുതിയ കെട്ടിടങ്ങൾ വരുന്നു. നിലവിലുള്ള ഐടി കെട്ടിടസ്ഥലം പൂർണമായും കമ്പനികൾ ഏറ്റെടുത്തതിനെത്തുടർന്ന് അടിയന്തരമായിട്ടാണു പുതിയ കെട്ടിടങ്ങൾ സർക്കാർ–സ്വകാര്യ മേഖലയിൽ നിർമിക്കാനൊരുങ്ങുന്നത്.

അഞ്ചു വർഷത്തിനകം സർക്കാർ–സ്വകാര്യ മേഖലകളിലായി ഒരു കോടി ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടങ്ങൾ നിർമിക്കുമെന്നതു സംസ്ഥാന ഐടി നയത്തിന്റെ ഭാഗമാണ്. തിരുവനന്തപുരം ടെക്നോപാർക്കിൽ നിലവിൽ മൂന്നാംഘട്ടത്തിലെ കെട്ടിടങ്ങളിലും സ്ഥലമില്ലാത്ത സ്ഥിതിയാണ്. അതിനാൽ ഐടി അടിസ്ഥാനമൊരുക്കാനുള്ള പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐടിഐഎൽ ഒരു ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടങ്ങൾ ടെക്നോപാർക്ക് ആദ്യഘട്ടത്തിൽ ബാക്കിയുള്ള 1.83 ഏക്കർ സ്ഥലത്തു നിർമിക്കാനൊരുങ്ങുകയാണ്. ടെക്നോസിറ്റിയിൽ രണ്ടു ലക്ഷം ചതുരശ്രയടിയുള്ള ആദ്യ കെട്ടിടത്തിന്റെ തറക്കല്ലിടലും ഉടനെ നടക്കും.

ടെക്നോപാർക്കിൽ നിലവിൽ മൂന്നു ഘട്ടങ്ങളിലുമായി സർക്കാർ–സ്വകാര്യ മേഖലകളിൽ 93 ലക്ഷം ചതുരശ്രയടിയുള്ള കെട്ടിടങ്ങളാണുള്ളത്. ചെറുതും വലുതുമായ 362 കമ്പനികൾ ഈ സ്ഥലം ഏറ്റെടുത്ത് 58,000 പേർക്കു നേരിട്ടു ‍തൊഴിൽ നൽകുന്നു. പാർക്കിന്റെ ഒന്നാംഘട്ടത്തിൽ ബാക്കിയുണ്ടായിരുന്ന രണ്ടര ഏക്കർ സ്ഥലം കാർണിവൽ ഗ്രൂപ്പിനു നൽകി അടിയന്തരമായി സ്വന്തം കെട്ടിടം നിർമിക്കാൻ നിർദേശിച്ചിട്ടുണ്ട്. ടെക്നോപാർക്കിന്റെ മൂന്നാംഘട്ടത്തിൽ അമേരിക്കൻ കമ്പനിയായ ടോറസ് നിർമിക്കുന്ന 10 ലക്ഷം ചതുരശ്രയടിയുള്ള കെട്ടിടങ്ങളുടെ രൂപകൽപനയും പൂർണമായി.

കൊച്ചി ഇൻഫോപാർക്കിലാവട്ടെ നിലവിൽ 60 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടങ്ങളിലായി 238 കമ്പനികളും 28,500 പേർക്കു നേരിട്ടു തൊഴിലവസരവുമുണ്ട്. 

ഇൻഫോപാർക്ക് രണ്ടാംഘട്ടത്തിൽ അവസാനം നിർമിച്ച ജ്യോതിർമയ കെട്ടിടത്തിൽ കമ്പനികൾ നിറയാൻ തുടങ്ങുകയും ചെയ്തു. ഇവിടെ തന്നെ സ്മാർട് സിറ്റിയിൽ വിവിധ വൻകിട സ്വകാര്യ ഗ്രൂപ്പുകൾ നിർമിക്കുന്ന 64 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടങ്ങളുടെ പണി പുരോഗമിക്കുകയുമാണ്. 

കോഴിക്കോട് സൈബർ പാർക്കിലാകട്ടെ മൂന്നു ലക്ഷം ചതുരശ്രയടിയുള്ള ആദ്യ കെട്ടിടത്തിൽ കമ്പനികൾ മുതൽമുടക്കാൻ ആരംഭിച്ചിട്ടുണ്ട്. 

സൈബർ പാർക്ക് മൊബൈൽ ആപ്ലിക്കേഷൻ കമ്പനികളുടെ ഹബ് ആയി വളരുമെന്ന പ്രതീക്ഷ ഉണർത്തിയിട്ടുണ്ട്. ഇന്ത്യൻ മൊബൈൽ ആൻഡ് ഇന്റർനെറ്റ് അസോസിയേഷൻ ആദ്യ വികസന കേന്ദ്രം സൈബർ പാർക്കിൽ സ്ഥാപിക്കുകയാണ്.