Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരേ കമ്പനിയിൽ ഉടയാതെ അര നൂറ്റാണ്ട്

nayik-deveswar

അര നൂറ്റാണ്ട് ഒരേ കമ്പനിയിൽത്തന്നെ ജോലി ചെയ്യുക, ഏറ്റവും ജൂനിയർ തലത്തിൽ നിന്ന് ചെയർമാൻ പദം വരെ എത്തുക,  തലപ്പത്ത് രണ്ടു പതിറ്റാണ്ടോളം വിരാജിക്കുക, തങ്ങളടെ ഭരണകാലത്തു കമ്പനിയുടെ ബിസിനസ് പത്തിരട്ടി വർധിപ്പിക്കുക...ഇതെല്ലാം ചെയ്ത രണ്ടു കോർപറേറ്റ് മഹാരഥൻമാർ ഇക്കൊല്ലം വിരമിച്ചു.

എന്നുവച്ച് കമ്പനിയിൽ നിന്നു പൂർണമായും വിട്ടിട്ടുമില്ല. നോൺ എക്സിക്യൂട്ടീവ് ചെയർമാൻമാരായി തുടരുന്നു. ഐടിസിയുടെ വൈ.സി. ദേവേശ്വറും എൽ ആൻഡ് ടിയുടെ എ.എം. നായിക്കും.‍ രണ്ടു പേരുടേയും കഥകൾ തമ്മിൽ സാമ്യങ്ങളുണ്ട്. കമ്പനി തന്നെയായിരുന്നു അവർക്കു ജീവിതം. രണ്ടു കമ്പനികളിലും ഇത്രയധികം കാലം തലപ്പത്തിലുന്ന മറ്റു മേധാവികൾ വേറെയാരുമില്ല. 

അനിൽ മണിഭായ് നായിക് എന്ന എ.എം. നായിക്ക് ഗുജറാത്തിലെ അധ്യാപകരുടെ കുടുംബത്തിലാണു ജനിച്ചത്. പഠിച്ചത് ഐഐടിയിലൊന്നുമല്ല, ബിർല വിശ്വകർമ എൻജി. കോളജിൽ. പഠിത്തം കഴിഞ്ഞു മുംബൈയിൽ ജോലി തേടി എത്തിയെങ്കിലും ഇംഗ്ളിഷ് പറയാനറിയാത്ത നാടൻ പയ്യനായതിനാൽ പിന്തള്ളപ്പെട്ടു. ഇംഗ്ലിഷ് സംസാരിക്കാൻ പഠിച്ച് ആദ്യം പാഴ്സി കമ്പനിയിൽ ജോലിക്കു കയറി. 1965ൽ എൽ ആൻഡ് ടിയിൽ ജൂനിയർ എൻജിനീയർ.

പയ്യൻ വർക്കഹോളിക് ആണെന്ന് അന്നേ തിരിച്ചറിയപ്പെട്ടു. ജോലി സമയം കഴിഞ്ഞാലും വീട്ടിൽ പോകില്ല. 1986ൽ ജനറൽ മാനേജരായി. 1999ൽ എംഡിയും സിഇഒയും. 2003ൽ ചെയർമാൻ. എംഡി ആയതു മുതൽ കണക്കാക്കിയാൽ 18 വർഷം അമരത്തിരുന്നിട്ടാണു വിരമിച്ചത്. അതും പൂർണവിരാമമല്ല, നോൺ എക്സിക്യൂട്ടീവ് ചെയർമാനായി. 

ഒരേ കമ്പനിയിൽ 52 വർഷത്തെ സേവനം. തന്റെ ഭരണകാലത്ത് എൽ ആൻ‍ഡ് ടിയുടെ വരുമാനം ഒരു ലക്ഷം കോടി രൂപ കവിയുന്നതു കണ്ടിട്ടാണ്  74–ാം വയസ്സിൽ അനിൽ നായിക് ബാറ്റൺ കൈമാറിയത്. യോഗേഷ് ചന്ദർ ദേവേശ്വർ എന്ന വൈ.സി. ദേവേശ്വർ നാടൻ പയ്യനായിരുന്നില്ല. ഡൽഹി ഐഐടി, ഹാർവഡ് ബിസിനസ് സ്കൂൾ വരവാണ്. ഐഐടി കഴിഞ്ഞ് ആദ്യ ജോലി ഐടിസിയിൽ. 1984ൽ ഡയറക്ടർ. 1996ൽ സിഇഒയും ചെയർമാനും.

ദേവേശ്വർ വരുമ്പോൾ കമ്പനി ആകെ കുളമായിരുന്നു. വിദേശനാണ്യ നിയമ ലംഘനത്തിനു മുൻ ചെയർമാൻമാർ കെ.എൽ. ചുഗ്ഗും ജെ.എൻ. സപ്രുവും ജയിലിലാകുന്നതു കാണേണ്ടി വന്നു. വർഷങ്ങളോളം നീണ്ട എക്സൈസ് നികുതി കുടിശിക തർക്കം പരിഹരിച്ച്  എഫ്എംസിജി രംഗത്ത് ഐടിസി വച്ചടി കേറുന്നതാണു കണ്ടത്.

സിഗരറ്റ് കച്ചവടം അധോഗതിയിലാണെന്നു മനസ്സിലാക്കി പണ്ടേ തന്നെ ഫൈവ് സ്റ്റാർ ഹോട്ടൽ ബിസിനസിലേക്കും മറ്റും ഐടിസി തിരിഞ്ഞിരുന്നു. സിഗരറ്റ് വിൽക്കുന്ന മാടക്കടയിൽ കുറച്ചു ബിസ്ക്കറ്റും കറുമുറെ കൊറിക്കാനുള്ള സാധനങ്ങളും വച്ചാലെന്തെന്നു ദേവേശ്വർ ചിന്തിച്ചു. 

ഇന്ന് ഐടിസിക്ക് പണം വാരുന്ന അഞ്ച് വെർട്ടിക്കലുകളുണ്ട്. പുകയിലയും സിഗരറ്റും, ഹോട്ടൽ, എഫ്എംസിജി, പേപ്പറും പേപ്പർ ബോർഡും, അഗ്രിബിസിനസും ഇൻഫോടെക്കും. കമ്പനിയെ സ്വർണഖനിയാക്കി മാറ്റിയ ചെയർമാന് കമ്പനിയും ഒരുപാടു കൊടുത്തു.

വിരമിക്കാൻ നേരത്ത് വാർഷിക ശമ്പളം 19.9 കോടി രൂപ. നോൺ എക്സിക്യൂട്ടീവ് ചെയർമാനായി തുടരുമ്പോഴും കിട്ടും വർഷം 3.17 കോടി. ദേവേശ്വറിന് ഐടിസിയുടെ 6.8 ലക്ഷം ഓഹരികളുണ്ടായിരുന്നു. വിരമിക്കുന്നതിനു തൊട്ടു മുമ്പുള്ള വർഷം  ഓഹരികളെല്ലാം പല തവണയായി വിറ്റു. ഒരോഹരിക്ക് ശരാശരി 244 രൂപ കണക്കാക്കിയാൽ 16.59 കോടി ആ വകയിൽ.

യോഗി ദേവേശ്വറിനും അനിൽ നായിക്കിനും കോർപറേറ്റ് രംഗത്തെ സംഭാവനകളുടെ പേരിൽ  പത്മഭൂഷൺ ഉൾപ്പെടെ അവാർഡുകളേറെ കിട്ടിയിട്ടുണ്ട്. ഇരുവരും കമ്പനികളിൽ പിൻഗാമികളെ വളർത്തി അധികാരമേറ്റിയിട്ടാണു മാറിയത്. എൽ ആൻഡ് ടിയിൽ എസ്.എൻ. സുബ്രഹ്മണ്യനും ഐടിസിയിൽ സഞ്ജീവ് പുരിയും സിഇഒമാരായി.

പക്ഷേ കോർപറേറ്റ് രംഗത്ത് ഒരേ കമ്പനിയിലെ തുടർച്ചയായ സേവനം പഴങ്കഥയാവുകയാണ്. അമ്പത് കൊല്ലം ഒരേ കമ്പനിയിൽ എന്നു കേട്ടാൽ ന്യൂജൻ പിള്ളാർക്കു കണ്ണുതള്ളും. അഞ്ചു കൊല്ലത്തിലേറെ ഒരിടത്തും തുടരരുതെന്നാണ് അവരുടെ ലൈൻ. ഒരിടത്തു നിന്നു മറ്റൊരിടത്തേക്കു ചാടുക, ചാടിച്ചാടി ഉയരങ്ങളിലെത്തുക...ചാട്ടം പിഴച്ചാൽ വേലി ചാടുന്ന പശുവിന്റെ ഗതിയായിപ്പോയെന്നും വരാം.

ഒടുവിലാൻ ∙ ഐടിസി ഇനി ആശുപത്രി രംഗത്തേക്കു പ്രവേശിക്കുകയാണ്. ഹോസ്പിറ്റാലിറ്റി (ഫൈവ് സ്റ്റാർ ഹോട്ടൽ) ബിസിനസിനു പുറമെ ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ ബിസിനസ്. സിഇഒയ്ക്ക് ആളെ തപ്പുന്നുണ്ട്.