Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആൻഡ്രോയ്ഡിന് എട്ടാമൻ ‘ഓറിയോ’

android-oreo

അഭ്യൂഹങ്ങൾ തെറ്റിയില്ല; ഗൂഗിൾ ആൻഡ്രോയ്ഡിന്റെ എട്ടാം പതിപ്പിനു പേര് ‘ഓറിയോ’. ഓട്ട്മീൽ കുക്കീ, ഒക്ടോപസ്, ഓറഞ്ച് തുടങ്ങിയ  പേരുകളെ പിന്തള്ളിയാണ് ഓറിയോയെ ഗൂഗിൾ തിരഞ്ഞെടുത്തത്. അമേരിക്കയിൽ 91 വർഷത്തിനിടെ ഉണ്ടായ സൂര്യഗ്രഹണത്തിനിടെയായിരുന്നു ഓറിയോയുടെ വരവ്. ഗ്രഹണത്തിന് സൂര്യനും ചന്ദ്രനും ചേർന്ന് ആകാശത്ത് സൃഷ്ടിക്കപ്പെടുന്ന ‘ഒ’ ആകൃതിക്കു സമാനമാണ് ആൻഡ്രോയ്ഡ് ഒ എന്നു ഗൂഗിൾ വിശേഷിപ്പിച്ചു.

ഗൂഗിൾ പിക്സൽ, ഗൂഗിൾ പിക്സൽ എക്സ്എൽ എന്നിവയിലായിരിക്കും ആൻഡ്രോയ്ഡ് ഒ ഓപറേറ്റിങ് സിസ്റ്റം ആദ്യം വരികയെന്നു കരുതുന്നു. പിന്നീട് വിവിധ ബ്രാൻഡുകളുടെ മോഡലുകൾക്ക് ആൻഡ്രോയ്ഡ് ഒ അപ്ഡേഷൻ ലഭ്യമാക്കും.

സവിശേഷതകൾ

∙ പിക്ചർ ഇൻ പിക്ചർ - വിഡിയോ കാണുമ്പോൾ അല്ലെങ്കിൽ വിഡിയോ ചാറ്റ് നടത്തുമ്പോൾ അതു തുടർന്നു കൊണ്ട് തന്നെ വിൻഡോ മിനിമൈസ് ചെയ്ത് ഫോണിൽ മറ്റു ജോലികൾ തുടരാം. 

∙ പുതിയ ഇമോജി - നിലവിലുള്ള ബ്ലോബ് ഇമോജിക്കു പകരം ഐഫോണിലേതുമായി സാദൃശ്യമുള്ള പുതിയ ഇമോജികൾ, ഒപ്പം പുതിയ 60 ഇമോജികളും. 

∙ പുതിയ സെറ്റിങ്സ് - ഉപവിഭാഗങ്ങളുടെ സങ്കീർണതയും ആശയക്കുഴപ്പമുമില്ലാത്ത പുതിയ ഒറ്റ പേജ് സെറ്റിങ്സ് സ്ക്രീൻ. 

∙ ഇൻസ്റ്റന്റ് ആപ്- പ്രത്യേക ഇൻസ്റ്റലേഷൻ ആവശ്യമില്ലാത്ത ആവശ്യാനുസരണം പ്രവർത്തിക്കുന്ന ലൈറ്റ് ആപ്പ് ഫ്രെയിംവർക്ക്. 

∙ ബാറ്ററി ലൈഫ് - ബാക്ഗ്രൗണ്ട് ആപ്പുകളുടെ പ്രവർത്തനം നിയന്ത്രിച്ച് ബാറ്ററി ഉപയോഗം കുറയ്ക്കാൻ കർശന ഇടപെടൽ. 

∙ നോട്ടിഫിക്കേഷൻ ഡോട്സ് - നോട്ടിഫിക്കേഷനുകൾ ആപ്പ് ഐക്കണുകളോടൊപ്പം തന്നെ ഒരു ഡോട് ആയി കാണാം (ഐഫോണിനു സമാനം). നോട്ടിഫിക്കേഷൻ ചാനൽ സൃഷ്ടിച്ച് ആപ്പുകളെ കൂട്ടത്തോടെ തരംതിരിച്ച് നോട്ടിഫിക്കേഷൻ നിയന്ത്രിക്കാം. 

∙ അഡാപ്റ്റീവ് ഐക്കൺ- ഒരു ആപ്പിന് പല ഐക്കണുകൾ ഡവലപ്പർക്കു സൃഷ്ടിക്കാം. സാംസങ്ങിൽ ഒന്ന്, ലെനോവോയിൽ മറ്റൊന്ന് എന്നിങ്ങനെ ഫോൺ നിർമാതാവിന്റെ താൽപര്യപ്രകാരം ഏതും ഉപയോഗിക്കാം. 

∙ ഇമേജിങ് - ഇമേജിങ് ആപ്പുകൾക്ക് ഒഎൽഇഡി ഡിസ്പ്ലേയുടെ സാധ്യതകൾ പൂർണമായും ഉപയോഗിക്കുന്നതിനുള്ള വർണവൈവിധ്യമികവ്. പ്രൊഫഷനൽ ഫൊട്ടോഗ്രഫിക്ക് ഗുണപ്രദം. 

∙ ഓഡിയോ - സോണി എൽഎഡിസി കോഡെക് ഓറിയോ മുതൽ ആൻഡ്രോയ്ഡിന്റെ ഭാഗം. ഒപ്പം എഓഡിയോ എപിഐ ഫോണിന്റെ ഔട്ട്പുട്ടിന്റെ നിലവാരമുയർത്തും. 

∙ ഷോട്കട്ട് പിന്നിങ് - ഹോം പേജിൽ ആപ്പ് ഷോട്കട്ട് സൃഷ്ടിക്കുമ്പോൾ ആപ്പിലെ നിങ്ങൾക്കു പ്രിയപ്പെട്ട ഭാഗം മാത്രമായി പിൻ ചെയ്യാം. 

∙ ഫോണ്ട് - ഫോണ്ടുകളും ഇമോജികളും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. എക്സ്എംഎൽ ഫോണ്ടുകൾക്കും പിന്തുണ.