Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓണം നേതാക്കൾക്കും കോളല്ലേ...!

bonus

വർഷങ്ങൾക്കു മുൻപ് ഒരു മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ കാലം. മൂന്നു മാസം കഴിഞ്ഞപ്പോൾ ഓണമെത്തി. ഘടാഘടിയൻ ട്രേഡ് യൂണിയൻ നേതാവ് മന്ത്രിപുംഗവനായി മാറിയിട്ടുണ്ടായിരുന്നു. ഓണം ഫീച്ചറുകളുടെ ഭാഗമായി മന്ത്രി ഭാര്യ അഥവാ മന്ത്രിണിയോട് ഒരു പത്രലേഖകൻ ചോദിച്ചു: ഇത്തവണത്തെ ഓണം എങ്ങനെ...?

ഓണം ബഹുത്ത് സന്തോഷം എന്നു മറുപടി പ്രതീക്ഷിച്ചിടത്തു മന്ത്രിണിയുടെ പരിദേവനമാണു കേട്ടത്. എന്തൊരു കഷ്ടമാ, ചേട്ടനു ബോണസ് വിഹിതങ്ങൾ കിട്ടേണ്ട സമയമായിരുന്നു. ഒന്നും കിട്ടിയില്ല. മന്ത്രി അല്ലായിരുന്നില്ലെങ്കിൽ ബോണസ് ചർച്ചകളുടെ തിരക്കായിരുന്നേനെ. ബോണസ് നിശ്ചയിച്ചു കഴിഞ്ഞാൽ കിട്ടും എല്ലാ യൂണിയനിൽനിന്നും കാശ്..!

ഡസൻ കണക്കിനു യൂണിയനുകളുടെ നേതാവാകുമ്പോൾ ഓണത്തിനു ലക്ഷങ്ങളാണു തടയുക. തൊഴിലാളികളുടെ വിഹിതം മാത്രമല്ല, ഫാക്ടറി ഉടമകളുടെ വിഹിതവും കിട്ടും. വലിയ ഡിമാൻഡുകൾ ആദ്യം വച്ചിട്ട് ഒടുവിൽ ന്യായമായ രീതിയിൽ ‘ഒതുക്കി’ എടുത്തതിനുള്ള പാരിതോഷികമാണ്.

വ്യവസായ രംഗത്താകെ ഇമ്മാതിരി ഇരട്ടത്താപ്പുകളുണ്ട്. തൊഴിലാളി നേതാവായി അഭിനയിക്കുന്നയാൾ രഹസ്യമായി മുതലാളി നേതാവും കൂടിയായിരിക്കും. ചർച്ചകൾ എത്ര വട്ടം നടത്തണമെന്നും ഒത്തുതീർപ്പാകാതെ പിരിയണമെന്നും പിന്നീട് എങ്ങനെ ചർച്ച കരയ്ക്ക് അടുപ്പിക്കണമെന്നും നേരത്തേ തിരക്കഥ തയാറാക്കിയിരിക്കും.

കൊച്ചി കപ്പൽശാലയുടെ ഓഹരി വിൽപന ഈയിടെ നടന്നപ്പോൾ, ജീവനക്കാർ ആരും വാങ്ങരുതെന്നു യൂണിയനുകൾ പറഞ്ഞതു നോക്കുക. 1800 ജീവനക്കാരുള്ള കൊച്ചി കപ്പൽശാലയിൽ നിന്ന് ഓഹരിക്ക് അപേക്ഷിച്ചത് 438 പേർ മാത്രം. ഓഹരിയൊന്നിന് ജീവനക്കാർ 411 രൂപ കൊടുത്താൽ മതിയായിരുന്നു. വ്യാപാരം തുടങ്ങിയ ദിവസം തന്നെ ഓഹരി എത്തിയത് 528 രൂപയിലേക്ക്. ലാഭം 117 രൂപ. വാങ്ങാതെ പാഴാക്കിയ ഓഹരികളുടെ പ്രീമിയം ആദ്യ ദിവസം തന്നെ കോടികളായിരുന്നു.

ഓഹരി വാങ്ങരുതെന്ന് ആഹ്വാനം ചെയ്തവർ രഹസ്യമായി വാങ്ങിയിട്ടുണ്ടോ? പാൻകാർഡ് വച്ച് പരിശോധിച്ചാൽ ചിലപ്പോൾ കണ്ടുപിടിക്കാനായേക്കും.

വീണ്ടും ഓണക്കാലമെത്തുമ്പോൾ ബോണസ് ചർച്ചകൾ നാടാകെയുണ്ട്. പഴയ നാടകങ്ങൾ പണ്ടേപോലെ ഫലിക്കുന്നില്ലെന്നാണു കേൾക്കുന്നത്. ജീവനക്കാർക്കും ബുദ്ധിയുദിച്ചു. നേതാക്കളുടെ കള്ളക്കളികൾ മാനത്തു കാണുന്ന കാലമാണേ....

ഒടുവിലാൻ ∙ ഉണങ്ങിക്കരുവാളിച്ച രൂപവുമായി അധികാരത്തിൽ കയറുന്ന, ഏതു മുന്നണിയിലെയും മന്ത്രിമാർക്കും പൊതുമേഖലാ മേധാവികൾക്കും ആറു മാസത്തിനകം വരുന്ന മാറ്റം നോക്കുക. തുടുത്ത ആപ്പിൾ പോലാകും.