Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാനുഷരെല്ലാരുമൊന്നുപോലെ

employer-employee

സമരങ്ങൾ കൊണ്ടു വിവാദത്തിൽപ്പെട്ട കേരളത്തിലെ ഒരു വസ്ത്ര നിർമാണ കമ്പനിയുടെ ഓഫിസിൽ ചെന്നു നോക്കിയാൽ പഴയ കാലത്തെ തൊഴിലാളിക്കും മുതലാളിക്കും കണ്ണഞ്ചിപ്പോകും. വൻകിട ഐടി കമ്പനികൾ തോറ്റുപോകും വിധം സൗകര്യങ്ങളാണ്. റെഡിമെയ്ഡ് വസ്ത്ര നിർമാണത്തിന് നൂറു കണക്കിനു പെൺകുട്ടികളെ ഇരുത്തി തുച്ഛമായ വേതനം കൊടുത്തിരുന്ന സ്ഥിതിയൊക്കെ മാറി മികച്ച വേതനം, ഒന്നാന്തരം ഭക്ഷണം, താമസത്തിനു കമ്പനി തന്നെ നൽകുന്ന ഒന്നാന്തരം ഹോസ്റ്റൽ സൗകര്യങ്ങൾ, വിനോദത്തിന് ബാഡ്മിന്റൻ കോർട്ടും, സിനിമാ പ്രദർശനവും... സംതൃപ്തരായ തൊഴിലാളികളെയാണു കാണുന്നത്.

കെമിസ്ട്രിയും ബയോടെക്നോളജിയും ഉപയോഗിക്കുന്ന വേറൊരു കമ്പനിയാകട്ടെ ബഹുരാഷ്ട്ര കമ്പനികളെ വെല്ലുന്ന തരം ഡിസൈനർ ഓഫിസാണു നിർമിച്ചിരിക്കുന്നത്. ഫുഡ് കോർട്ട് പോലുള്ള കന്റീൻ. ഉയർന്ന സാങ്കേതിക വിദ്യയിലെ മൂല്യ വർധിത ഉൽപന്നങ്ങളാകയാൽ അതിനു വേണ്ട നിലവാരമുള്ള ആളെ കിട്ടണമല്ലോ, സ്വാഭാവികമായും വേതനം ഉയർന്നതായിരിക്കും. ആ‍രും ശമ്പളം പോരെന്നും കന്റീൻ ഭക്ഷണം കൊള്ളില്ലെന്നും മറ്റും പറഞ്ഞു പഴയകാലത്തെപ്പോലെ മുദ്രാവാക്യം വിളിക്കുന്നില്ല. അതിന്റെ ആവശ്യവും വരുന്നില്ല.

കേരളത്തിൽ സമരങ്ങൾ കേട്ടുകേൾവി മാത്രമായതു സമരവീര്യത്തിനു മാറ്റം വന്നതുകൊണ്ടൊന്നുമല്ല. തൊഴിലാളി മാത്രമല്ല, മുതലാളിയും മാറിയിരിക്കുന്നു. പഴയ പോലെ ചൂഷണം ചെയ്യാനോ പിഴിയാനോ ശ്രമിക്കുകയല്ല, തന്റെ കമ്പനിയിൽ ജോലി ചെയ്യുന്നത് അഭിമാനമായി കാണുന്നു എന്നു ജീവനക്കാരെക്കൊണ്ടു പറയിക്കാനാണു ശ്രമം. അതിനു വേണ്ടതു കൊടുക്കുന്നു. വൻകിട കമ്പനികളിലൊക്കെ കണ്ടിരുന്ന പുതിയ സംസ്കാരം ചെറുകിട വ്യവസായങ്ങളിലേക്കും പടർന്നിരിക്കുകയാണ്.

കാലം പോകെ ഇവരെല്ലാം ലാഭം കൂടിയ മൂല്യവർധിത ഉൽപന്നങ്ങളിലേക്കും സ്വന്തം ബ്രാൻഡുകളിലേക്കും മാറിയതാണു വേറൊരു കാരണം. പഴയ തലമുറ മുതലാളിയുടെ കാലം കഴിഞ്ഞു. വിദേശ എംബിഎക്കാരായ പുതിയ തലമുറ ചുമതല ഏറ്റെടുത്തപ്പോൾ കമ്പനിയുടെ അലകും പിടിയും മാറ്റി. തിരുപ്പൂരിലെ റെഡിമെയ്ഡ് വസ്ത്ര നിർമാണ ചേരികളോടല്ല അവർ മൽസരിക്കുന്നത്. സാങ്കേതികവിദ്യ പരിഷ്കരിച്ചു, ആധുനിക യന്ത്രങ്ങൾ സ്ഥാപിച്ചു, ഉൽപന്നത്തിന്റെ ഗുണനിലവാരം കൂട്ടി, ബ്രാൻഡ് ചെയ്യാനും തുടങ്ങി. റെഡിമെയ്ഡ് വസ്ത്രങ്ങൾ വില കുറച്ചു കൊടുക്കുന്നതിനു പകരം വിദേശ ബ്രാൻഡുകൾക്കു വേണ്ടി നിർമിച്ച് ഉയർന്ന വില നേടുന്നു. അങ്ങനെ വരുമാനം കൂടുമ്പോൾ സ്വാഭാവികമായും അതു ശമ്പളത്തിലും കന്റീനിലും താമസ സൗകര്യത്തിലുമൊക്കെ പ്രതിഫലിക്കുന്നതാണു കാണുന്നത്.

പുതുതലമുറ വന്നാൽ മാത്രം പോരാ, നൂതന സാങ്കേതിക വിദ്യകളും മൂല്യവർധിത ഉൽപന്നങ്ങളും ബ്രാൻഡിങ്ങും കൂടി വേണം. തൊഴിലാളി ക്ഷേമ പരിപാടികളിലേക്കുള്ള മാറ്റങ്ങൾ നിലനിൽക്കുന്നതാവണം.

ഒടുവിലാൻ ∙ കയറ്റുമതിയുണ്ടോ? വിദേശത്തെ ഇടപാടുകാർ ഫാക്ടറി കാണാൻ വരും. ഫാക്ടറിക്കു വൃത്തിയും രാജ്യാന്തര നിലവാരവും വേണം. ഇല്ലെങ്കിൽ ഓർഡർ ലഭിക്കില്ല. മുഷിഞ്ഞ അന്തരീക്ഷവും മ്ലാനമായ മുഖങ്ങളും മാറ്റി സ്വയം നിലവാരം വർധിപ്പിക്കാനൊരു കാരണം ഇതു കൂടിയാണ്.