പത്താം വാർഷിക ഐഫോൺ എന്താകും...

അവതരിപ്പിക്കുന്ന ഉൽപന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അവസാന നിമിഷം വരെ ചോരരുതെന്ന നിർബന്ധ ബുദ്ധിയുള്ള കമ്പനിയാണ് ആപ്പിൾ. അതെന്തായാലും, ഓരോ ഐഫോൺ അവതരണത്തിനു മുമ്പും ഒരു കേട്ടുകേൾവിക്കൂമ്പാരം നമ്മുടെ മുൻപിൽ ഉണ്ടാകും. പ്രതീക്ഷിക്കുന്നതിലേറെ എന്തെങ്കിലും പുതുമ കൊണ്ടുവന്ന് അദ്ഭുതപ്പെടുത്തുക എന്നതും ആപ്പിളിന്റെ ഒരു രീതിയാണ്. 

ഇത്തവണ എന്തു പ്രതീക്ഷിക്കാം എന്നുള്ളതിനെ കുറിച്ചുള്ള ഏറ്റവും പുതിയ പ്രവചനങ്ങൾ:

∙ ഐഫോൺ അവതരണദിവസം നാളെ. (എന്നാൽ ഇതുവരെ മാധ്യമപ്രവർത്തകർക്കും മറ്റും ക്ഷണക്കത്ത് ലഭിച്ചിട്ടില്ലെന്നും വാർത്തകൾ).

∙ ഓഗ്‌മെന്റഡ് റിയാലിറ്റി (AR) ഉള്ളിലൊതുക്കിയായിരിക്കും പുതിയ മോഡലുകൾ പുറത്തിറങ്ങുക. (ഓഗ്മെന്റഡ് റിയാലിറ്റി ആപ്പിളിന്റെ കുത്തകയൊന്നുമല്ല. മൈക്രോസോഫ്റ്റും (ഹോളോ ലെൻസ്) ഗൂഗിളും (പ്രൊജക്ട് ടാങ്‌ഗോ, Project Tango) യുമൊക്കെ ഓഗ്‌മെന്റഡ് റിയാലിറ്റിയുടെ വരവറിയച്ചവയാണ്. എന്നാൽ ഈ രണ്ടു സോഫ്റ്റ്‌വെയർ കമ്പനികൾക്കും AR ഉപകരണങ്ങൾ നിർമിച്ച് ശ്രദ്ധ പിടിക്കാൻ സാധിച്ചിട്ടില്ല. സോഫ്റ്റ്‌വെയറും ഹാർഡ്‌വെയറും നിർമിക്കുന്ന ആപ്പിൾ കമ്പനിയുടെ ഒരു കരുത്തും ഇതാണ്- ഒരു പുതിയ സോഫ്റ്റ്‌വെയർ പരിചയപ്പെടുത്താൻ മറ്റു കമ്പനികളുടെ കാലു പിടിക്കേണ്ടതില്ല.

പത്താം വാർഷിക ഐഫോൺ

ഐഫോൺ 8/X/പ്രോ ഇതിലേതെങ്കിലും ഒരു പേരോ, തികച്ചും അപ്രതീക്ഷിതമായ ഒരു പേരോ ആയിട്ടായിരിക്കും, ടെക് ലോകത്തെ ഉത്സകുതയുടെ നെറുകയിൽ നിറുത്തിയ ഫോൺ എത്തുന്നത്. നാളിതുവരെയുള്ള ഐഫോൺ ഡിസൈനിൽ നിന്ന് വേറിട്ടതായിരിക്കും ഈ ഫോണിന്റെ നിർമാണം. കാര്യമായി വിളുമ്പില്ലാത്ത, 5.5 ഇഞ്ചിലേറെ വലിപ്പമുള്ള OLED സ്‌ക്രീൻ ആയിരിക്കും ഇതിന്റെ പ്രധാന ഹാർഡ്‌വെയർ ആകർഷണീയതകളിൽ ഒന്ന്. (സാംസങ് ഗ്യാലക്‌സി S8/S8 പ്ലസ്, ഗ്യാലക്‌സി നോട്ട് 8, LG V30, G6 തുടങ്ങിയ ഫോണുകൾ ഈ മാതൃക കൊണ്ടുവന്ന ഫോണുകളാണ്.) OLED പാനലുകൾക്ക് LCD പാലനലുകളേക്കാൾ കട്ടി കുറവായതിനാൽ മിച്ചം വരുന്ന സ്ഥലത്ത് കൂടുതൽ വലിയൊരു ബാറ്ററി ഉപയോഗിക്കുകയം ചെയ്യാമെന്ന ഗുണവുമുണ്ട്. OLED സ്‌ക്രീനുകൾ കൂടുതൽ മിഴിവോടെ നിറങ്ങൾ പകരും. 

ഫോണിന്റെ മറ്റൊരു സവിശേഷത, ഒരു സെക്കൻഡിന്റെ പത്തു ലക്ഷത്തിലൊരംശം കൊണ്ട് ഉപയോക്താവിനെ തിരിച്ചറിയുമെന്നു പറയുന്ന 3D സെൽഫി ക്യാമറയാണ്. പത്തു വർഷമയി പരിചയിച്ച ഹോം ബട്ടണെ പാടെ എടുത്തുകളയുന്നു എന്നതാണ് മറ്റൊരു പ്രത്യേകതയായി പറയുന്നത്. പകരമായി സ്‌ക്രീനിന്റെ താഴെ ഫോണുമായി സംവേദിക്കാനുള്ള ഒരു വെർച്വൽ ഏരിയ ഉണ്ടായിരിക്കുമത്രെ. പലതരം സ്പർശങ്ങളെ വേർതിരിച്ചറിയാൻ കഴിവുള്ള ഈ ഭാഗം ഫോണുകളുമായി സംവേദിക്കുന്നതിൽ പുതിയൊരു 'ഭാഷ' കൊണ്ടുവരുമെന്നു കരുതുന്നു.

പുതിയ ഫോണിൽ ടച്ച് ഐഡിയും കാണില്ല. 3D ക്യാമറയുടെ കഴിവിൽ കണ്ണുമടച്ച് വിശ്വസിച്ചാണ് ആപ്പിൾ പുതിയ ഫോണിനെ പുറത്തെത്തിക്കുന്നത്. ഫോൺ അൺലോക് ചെയ്യാൻ മാത്രമല്ല, 'ആപ്പിൾ പേ' ഉപയോഗിക്കുന്നതിനും ഈ രീതി ആയിരിക്കും ഉപയോഗിക്കേണ്ടിവരുന്നത്.

ചാർജിങ്ങിലാണ് മറ്റൊരു വ്യത്യാസം. ഈ വർഷം പത്താം വാർഷിക ഐഫോണിനെങ്കിലും വയർലെസ് ചാർജിങ് കിട്ടുമെന്നാണ് കരുതുന്നത്.

ഐഫോൺ 7s/7s പ്ലസ്

സ്വർണ്ണം തന്നെ വേണമെന്നില്ലാത്തവർക്ക് വെള്ളിയും വെങ്കലവും എന്ന രീതിയിലാണ് ഈ വർഷത്തെ ഐഫോൺ അവതരണം. നിലവിലുള്ള ഐഫോൺ 7/7 പ്ലസ് മോഡലുകൾക്ക് കഴിഞ്ഞ വർഷങ്ങളിൽ കണ്ടതു പോലെ പിൻഗാമികൾ ഉണ്ടാകും. ഇവ എൽസിഡി പാനലും കണ്ടു ശീലിച്ച രീതികളും കൊണ്ട് കൂടുതൽ പരിചിതമായിരിക്കും. എന്നാൽ, ഇവയ്ക്കും പ്രോസസിങ് ശക്തിയിലും മറ്റും പഴയ മോഡലുകളെക്കാൾ ഉശിരുപകർന്നാകും ഇറക്കുക. ഇവയ്ക്കും ചിലപ്പോൾ വയർലെസ് ചാർജിങ് സാധ്യമാക്കിയേക്കും. കഴിഞ്ഞ വർഷങ്ങളിലെ സ്റ്റാറുകളായിരുന്ന ഈ ഇരട്ട സഹോദരങ്ങൾ ഈ വർഷം പത്താം വാർഷിക ഐഫോണിന്റെ നിഴലിൽ ആയിരിക്കും.

ആപ്പിൾ വാച്ച്

ആപ്പിൾ വാച്ച് ഈ വർഷം കാര്യമായ മുഖം മിനുക്കലുമായി മാർക്കറ്റിലെത്തുമെന്ന് പ്രവചനമുണ്ട്. എന്നാൽ അത് ഐഫോൺ അവതരണ വേദി തന്നെ ആയിരിക്കുമോ എന്ന് ഉറപ്പില്ല താനും. പറഞ്ഞു കേൾക്കുന്ന പ്രധാന മാറ്റം വാച്ചിൽ LTE കണ്ടേക്കുമെന്നതാണ്. ഇത് എല്ലാക്കാര്യത്തിനും ഐഫോണിനെ ആശ്രയിക്കേണ്ട അവസ്ഥയിൽ നിന്ന് ഒരു പരിധിവരെ വാച്ചിനെ മോചിപ്പിച്ചേക്കും.

ആപ്പിൾ ടിവി

4K സ്ട്രീം ചെയ്യാനുള്ള കഴിവാണ് ആപ്പിൾ ടിവിയിൽ പ്രധാനമായും പ്രതീക്ഷിക്കുന്നത്.

ഹോംപോഡിന്റെ അപ്‌ഡേറ്റു ചെയ്ത മോഡൽ, ഐഒഎസ് 11 എന്നിവയും, ചിലപ്പോൾ പവർ കംപ്യൂട്ടിങിന്റെ പര്യായമായ ഐമാക് പ്രോയും വരെ അരങ്ങുണർത്തും.