Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വന്നാട്ടേയ്, ഔട്ടാക്കിത്തരാം

image

ഇങ്ങു വന്നാട്ടെ, ഒരു കാര്യം പറയാനുണ്ട്–ഐടി ഉൾപ്പെടെ കോർപറേറ്റ് കമ്പനികളിലെ എച്ച്ആർ വിഭാഗം ഇങ്ങനെ സ്നേഹപൂർവം വിളിച്ചാൽ ഉൾക്കിടിലമാണ്. പണി പോകാൻ പോകുന്നതിന്റെ തുടക്കമാവാം. അതിനൊരു പുതിയ പേരും കണ്ടുപിടിച്ചിട്ടുണ്ട്–ഔട്പ്ലേസ്മെന്റ്! സകല കോളജുകളിലും എംബിഎ ഇൻസ്റ്റിറ്റ്യൂട്ടുകളിലും പ്ലേസ്മെന്റ് ആണല്ലോ വിഷയം. പ്ലേസ്മെന്റ് കൂടിയിരിക്കുന്നിടത്ത് പ്രവേശനം കിട്ടാൻ വിദ്യാർഥികൾ ഇടിക്കുന്നു. അങ്ങനെ പ്ലേസ്മെന്റ് കിട്ടിയാലോ–പിന്നെ എപ്പോൾ വേണമെങ്കിലും വരാം ഔട്പ്ലേസ്മെന്റ്.

നിങ്ങളുടെ കുഴപ്പം കൊണ്ടാകണമെന്നില്ല പണി പോയത്. കമ്പനിക്ക് കടം കയറി, അല്ലെങ്കിൽ സമ്പദ് രംഗത്തു മാന്ദ്യം, പ്രതീക്ഷിച്ച പോലെ പ്രോജക്ടുകൾ കിട്ടുന്നില്ല... അങ്ങനെ എന്തും. ചിലർ അതിനെ റീസ്ട്രക്ചറിങ് എന്നാണു പറയുക. എന്നുവച്ചാൽ പതിനായിരം ജീവനക്കാരുള്ള കമ്പനി ഉടച്ചുവാർക്കാൻ 2000 പേരെ കുറയ്ക്കാൻ തീരുമാനിച്ചിരിക്കുന്നു. ചെലവു കുറയ്ക്കലാവാം. പുതിയൊരു സിഇഒ കാലനായി വന്നതിന്റെ പരിഷ്ക്കാരമാകാം. മധ്യവയസ്ക്കരെ മാറ്റി യുവരക്തം കൊണ്ടു വരുന്നതാകാം. സിടുസി (കോസ്റ്റ് ടു ദ കമ്പനി അഥവാ നിങ്ങളെക്കൊണ്ടു കമ്പനിക്കുള്ള ചെലവ്) കുറയ്ക്കുന്നതിന്റെ ഭാഗമാവാം. അല്ലെങ്കിൽ ഇതൊന്നും വേണ്ട കഷ്ടകാലം എന്നു മാത്രം പറഞ്ഞാൽ മതി. സമയം മോശം. ശനിദശയിൽ കുജന്റെ അപഹാരം...

ചില കമ്പനികൾ ഭയങ്കര സ്റ്റൈലിലാണ് ഔട്പ്ലേസ്മെന്റ് നടത്തുക. ഒരു മുറിയിലേക്ക് ആനയിക്കുന്നു. അകത്ത് ആനയും അമ്പാരിയുമില്ല. പകരം യമകിങ്കരൻമാരാണ്. പണി പോയെന്നു പറയാതെ റീസ്ട്രക്ചറിങ്, റൈറ്റ് സൈസിങ് തുടങ്ങിയ ചില ഇംഗ്ലിഷ് വാക്കുകളൊക്കെ തട്ടിവിടുന്നു. അർഥം പണി പോയതു തന്നെ. അയ്യോ, വിഷമമായോ...യേയ് രോന നഹി...! കരയാതെ, ദേ ആ ചേട്ടായിയെക്കൂടൊന്നു കണ്ടേര് എന്ന് ആശ്വസിപ്പിക്കുകയും ചെയ്യും.

ആ ചേട്ടായി മനഃശാസ്ത്രി ആകുന്നു. മനഃശാസ്ത്രി ഒരു ഗ്ലാസ് പച്ചവെള്ളം തരും. ആശ്വാസം! പച്ചവെള്ളം പോലും തന്നില്ല എന്നു പരാതി പറയാനൊക്കില്ലല്ലോ. ഹൗ ഡു യു ഫീൽ...എന്നൊരു ചോദ്യം വന്നേക്കാം. എങ്ങനെയുണ്ട്, സുഖമാണോന്ന്! ഒറ്റയടി വച്ചുകൊടുക്കാൻ തോന്നിയേക്കാമെങ്കിലും കൂൾ ഡൗൺ. ഇതെല്ലാം പാർട്ട് ഓഫ് ലൈഫ് അല്ലേ എന്ന് ഊശാന്താടി മനഃശാസ്ത്രി ചോദിച്ചേക്കും. പിരിഞ്ഞു പോയിട്ടു കോടീശ്വരനായവരുടെ കഥകൾ പറഞ്ഞേക്കാം.

അടുത്തു ദാ വരുന്നു വേറൊരു ചേട്ടായി. നഷ്ടപരിഹാര പാക്കേജിന്റെ ആശാനാണ്. എത്ര മാസത്തെ ശമ്പളം മുൻകൂർ, മറ്റ് ആനുകൂല്യങ്ങൾ. അതൊക്കെ ഈ ചേട്ടപ്പായി പറയും. അടുത്തതാകുന്നു ഔട്പ്ലേസ്മെന്റ് വിദഗ്ധർ. മിക്കവാറും പുറത്തു നിന്നുള്ള ഏജൻസിയാണ്. പണി പോയോ, സാരമില്ലന്നേ, ശരിയാക്കാം, ഇതിലും നല്ല പണി ഞങ്ങൾ കണ്ടുപിടിച്ചു തരാം. വേറേ കമ്പനികളുടെ വെബ് വിലാസവും മറ്റും അവർ തരും.

കറിക്കലം വിറ്റേക്കാനുള്ള എന്തോ പറഞ്ഞതായിത്തോന്നും. കറിക്കലം വിറ്റതല്ല, കരിക്കുലം വൈറ്റെ (സിവി) എഴുതാൻ പഠിപ്പിച്ചതാണ്. ഇതുവരെ ചെയ്ത കാര്യങ്ങൾ പൊടിപ്പും തൊങ്ങലും ചേർത്ത് എഴുതിയുണ്ടാക്കി അതിനെ ചൂണ്ടയിൽ കൊളുത്തി പല സൈറ്റുകളിലേക്ക് വീശണം. കാത്തിരിക്കുക, ഏതെങ്കിലും വലിയ വരാൽ മീൻ കൊത്താതിരിക്കില്ല.

ഒടുവിലാൻ∙ ഇതെല്ലാം കഴിഞ്ഞ് പുറത്തു വരുമ്പോഴേക്കും ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയപോലെ തോന്നും. ഗാന്ധിജിയെ നന്ദിയോടെ സ്മരിക്കും. വീട്ടിൽ പോയി പതിവില്ലാതെ ഭാര്യയും പിള്ളേരുമായി സിനിമയ്ക്കോ മാളിലോ പോകാൻ ഉത്സാഹിക്കുന്നതോടെ ഇതിയാനെന്തു പറ്റി എന്ന് അവർ ശങ്കിച്ചേക്കാം. കൂടെക്കൂടെ പണി കളഞ്ഞിട്ടു വരുന്ന അപ്പച്ചനാണെങ്കിൽ–കുട്ടികൾ ജമിക്കി കമ്മൽ പാട്ടുപോലെ പാടിയേക്കാം– എന്റപ്പന്റെ പണി പിന്നേം പോയേ...