Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരമ്പരാഗതം പുതിയ പാക്കേജിൽ

Business-Boom

പണ്ടു സ്കൂളിൽ പൊരിവെയിലത്ത് ഇന്റർവെൽ സമയത്തു കബഡി കളിച്ചിരുന്ന ആരെങ്കിലും വിചാരിച്ചോ ഭാവിയിൽ ഇതൊരു ഇന്റർനാഷനൽ കളിയായി മാറുമെന്ന്! ഇന്ന് കബഡിക്ക് ലീഗ് മൽസരവും ലോക ചാംപ്യൻഷിപ്പുമൊക്കെയുണ്ട്. ടിവി സ്പോർട്സ് ചാനലുകളിൽ സദാ കബഡികളി കാണിക്കുന്നു. സായിപ്പിന്റെ ടീമുകളെ ഇന്ത്യൻസ് തൂക്കിയെടുക്കുന്നു... ഇതെന്തു മറിമായം? 

കബഡിയെ വളർത്തിയെടുത്ത് ഗ്ലാമർ സ്പോർട്സ് ഐറ്റമാക്കിയതിനു പിന്നിൽ വലിയൊരു കഥയുണ്ട്. നമ്മുടെ വിഷയം കബഡിയല്ല. പരമ്പരാഗത സാധനങ്ങൾ പുത്തൻ സാങ്കേതികവിദ്യകളും മാർക്കറ്റിങ് തന്ത്രങ്ങളുമായി വിപണി പിടിക്കുന്നതാണ്. പതഞ്ജലി എന്നൊരു പേരു കേട്ടാലുടൻ കാര്യം പുടികിട്ടും. കറ്റാർവാഴ സത്തു പോലുള്ള പരമ്പരാഗത ഐറ്റംസിനെ നാട്ടിലാകെ കൊണ്ടുവന്നു പാട്ടാക്കിയില്ലേ? 

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്നതേയുള്ളൂ. പുതിയ സാങ്കേതികവിദ്യകളും വിപണന തന്ത്രങ്ങളും ഉപയോഗിക്കണം. എംബിഎ പിള്ളാരെ ഗോദയിലിറക്കണം. ഓലപ്പുരയിലെ വിറകടുപ്പും വാർപ്പും പോരാ, അൾട്രാ മോഡേൺ പ്ലാന്റ് വേണം. പരസ്യപ്രചാരണം വേണം. ബ്രാൻഡ് അംബാസഡർ വേണം. മുതലാളി തന്നെ ബ്രാൻഡ് അംബാസഡറാവുമെങ്കിൽ ബെസ്റ്റ്. 

അതുപോലെ എന്തൊക്കെ ഐറ്റംസ് ഇറക്കാം? മെതിയടി എന്നു കേട്ടിട്ടുണ്ടോ? തടിയിലുണ്ടാക്കി പഴയ അപ്പൂപ്പൻമാർ കാലിൽ ധരിച്ച് ടക് ടക് എന്നു ശബ്ദമുണ്ടാക്കി നടന്നിരുന്ന ചെരിപ്പാണ്. മെതിയടിയിട്ടു നടന്നാൽ വാതം വരില്ലെന്നാണു വിശ്വാസം. അതൊന്ന് ഇറക്കി നോക്കിയാലോ? 

പരമ്പരാഗത പ്രേമത്തിന്റെ ലൈൻ വച്ചിട്ടാണെങ്കിൽ മെതിയടി വാങ്ങാൻ ക്യൂ നിൽക്കും. ഓൺലൈനിൽ കച്ചവടം ഉണ്ടെങ്കിൽ സായിപ്പിന്റെ ഓർഡർ വന്നു കുമിയും. റോഡുകളിൽ ഹൈഹീൽ ചെരുപ്പുകളെക്കാൾ ടക് ടക് ശബ്ദം നിറയും. പുതിയ ഷൂസ് കണ്ടു നൈക്കിയും ആഡിഡാസും അന്തംവിട്ടു നോക്കിനിൽക്കും. ജസ്റ്റ് ഡു ഇറ്റ് എന്നു നൈക്കി പോലെ നമുക്കും പറയാം– ജസ്റ്റ് മെതിയടി. 

ഭക്ഷണ കാര്യത്തിലാണു പരമ്പരാഗതത്തിന്റെ അതിപ്രസരം. ക്വിക്ക് സർവീസ് റസ്റ്ററന്റ് എന്ന വിഭാഗത്തിൽപ്പെടുന്ന (അഥവാ ഫാസ്റ്റ്ഫുഡ്) വിദേശ ബ്രാൻഡുകളുടെ കച്ചവടം പോയി. കെഎഫ്സി, മക്ഡോണൽസ്, പലതരം പീത്‌സ കടകൾ തുടങ്ങിയവയിലെല്ലാം വൈക്ലബ്യമാണ്. അവരെല്ലാം തന്നെ അമേരിക്കൻ ഐറ്റംസ് മാറ്റി ഇന്ത്യൻ ഫ്ളേവറുള്ള പുതിയ വിഭവങ്ങൾ ഇറക്കി പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നു. വൻ പരസ്യ പ്രചാരണവുമായി വന്ന കോൺഫ്ളേക്സ് പോലുള്ള ബ്രേക്ക്ഫാസ്റ്റ് സീരിയലുകൾ ഇവിടെ പച്ചതൊട്ടില്ല. 

ഇഡ്ഡലിയും ദോശയും മതിയേ എന്നു ജനം. എന്തിന്, പഴങ്കഞ്ഞി പോലും തിരിച്ചുവരുന്നു. ക്ലബുകളിലും ഹോട്ടലുകളിലും പഴങ്കഞ്ഞിയും കാന്താരിയും തൈരും ചമ്മന്തിയും വിശിഷ്ടഭോജ്യം പോലെ അവതരിപ്പിക്കുന്ന കാലമാണ്. കലികാലം തന്നെ. 

അങ്ങനെ പരമ്പരാഗതം കേറുന്നതിന്റെ ഉദാഹരണമാണ് ഉത്തരേന്ത്യൻ ഖിച്ച്ഡിയെ വലിയ സംഭവമാക്കാനുള്ള ശ്രമത്തിൽ കണ്ടത്. ഇന്ത്യയാകെ സർവരും അംഗീകരിച്ചിട്ടുള്ള ഭക്ഷണം പക്ഷേ ഖിച്ച്ഡിയല്ല. മസാലദോശയാകുന്നു. ഏതു ദോക്‌ലായിൽ ചെന്നാലും കിട്ടും മസാലദോശ. ഗോസായിമാർ സ്പൂണിൽ സാമ്പാർ കോരിക്കുടിക്കുന്നു എന്ന വ്യത്യാസം മാത്രം. 

ഒടുവിലാൻ ∙ തൽക്കാലം ജർമൻ, അമേരിക്കൻ കബഡി ടീമുകളെ നമ്മൾ പുഷ്പം പോലെ തോൽപിക്കുന്നുണ്ട്. അവർ കളി പഠിച്ചുവരുന്നതേയുള്ളൂ. ഹോക്കിയിലും നമ്മൾ പണ്ടിങ്ങനായിരുന്നേ. കുറേ കഴിയുമ്പോൾ കബഡിയും ഹോക്കി പോലാവുമായിരിക്കും. ഇന്ത്യക്കു രക്ഷയില്ല. സായിപ്പിന്റെ ടീമുകൾ ട്രോഫി കൊണ്ടുപോകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.