Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിക്ഷേപത്തിളക്കം കുറയുന്ന സ്വർണം

Gold-Jewellery

കൊച്ചി ∙ നിക്ഷേപമാർഗമെന്ന നിലയിൽ സ്വർണത്തിനു മാറ്റു കുറയുന്നു. ഗാർഹിക സമ്പാദ്യത്തിൽനിന്നു കൂടുതൽ പണം ഓഹരി വിപണിയിലേക്കും ഓഹരി അധിഷ്‌ഠിത മ്യൂച്വൽ ഫണ്ട് പദ്ധതികളിലേക്കും പ്രവഹിക്കുന്നതാണു കാരണം. പത്തു മാസത്തിനിടയിൽ സ്വർണത്തിന്റെ നിക്ഷേപാവശ്യത്തിലുണ്ടായിട്ടുള്ള ഇടിവു വാർഷികാടിസ്‌ഥാനത്തിൽ 28 ശതമാനമാണ്. 

ഇക്കഴിഞ്ഞ ഏപ്രിൽ – സെപ്‌റ്റംബർ കാലയളവിൽ ഓഹരി വിപണിയിലേക്കും ഓഹരി അധിഷ്‌ഠിത സമ്പാദ്യ പദ്ധതികളിലേക്കുമായി ഒരു ലക്ഷം കോടി രൂപയോളമാണു പ്രവഹിച്ചത്. എന്നാൽ സ്വർണം അടിസ്‌ഥാനമായുള്ള ഒരു ഡസനിലേറെ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടു (ഗോൾഡ് ഇടിഎഫ്) കളിൽനിന്നു 388 കോടി രൂപയുടെ നിക്ഷേപം നടപ്പു സാമ്പത്തിക വർഷത്തിന്റെ ഒന്നാം പകുതിയിൽ പിൻവലിക്കപ്പെട്ടു.

ഓഹരി വിപണിയിലെ മുന്നേറ്റം ഇപ്പോഴത്തെ നിലയിൽ തുടർന്നാൽ നടപ്പു സാമ്പത്തിക വർഷം ഗോൾഡ് ഇടിഎഫുകളിൽനിന്നുള്ള പിൻവലിക്കൽ 800 കോടി രൂപയ്‌ക്കു മുകളിലെത്തിയേക്കുമെന്ന് അനുമാനിക്കുന്നു.

അതേസമയം, നടപ്പു സാമ്പത്തിക വർഷം 800 കോടിയിലേറെ രൂപ പിൻവലിക്കപ്പെട്ടാലും അതു 2013 – ’14ലെ നിലവാരത്തെക്കാൾ ഭേദംതന്നെ. 2013 – ’14ൽ 2293 കോടി രൂപയാണു പിൻവലിക്കപ്പെട്ടത്. തൊട്ടടുത്ത വർഷം 903 കോടി രൂപ നിക്ഷേപകർ പിൻവലിച്ചു. 2016 – ’17ൽ ഗോൾഡ് ഇടിഎഫുകളിൽനിന്നു പുറത്തേക്കു പോയത് 775 കോടി രൂപയാണ്.

കഴിഞ്ഞ സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ രാജ്യത്തെ ഗോൾഡ് ഫണ്ടുകൾ കൈകാര്യം ചെയ്‌തിരുന്ന ആസ്‌തി 5,480 കോടി രൂപയുടേയാതിരുന്നെങ്കിൽ ഇപ്പോൾ അത് 5,000 കോടിയോളമായി താഴ്‌ന്നിരിക്കുന്നു.

സ്വർണം അടിസ്‌ഥാനമായുള്ളതും ഓഹരി വിപണിയിലൂടെ ക്രയവിക്രയം ചെയ്യാവുന്നതുമായ നിക്ഷേപ പദ്ധതിയാണു ഗോൾഡ് ഇടിഎഫ്. സെക്യുരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) യുടെ നിബന്ധനകൾക്കും നിയന്ത്രണങ്ങൾക്കും അനുസൃതമായുള്ള പദ്ധതി 2007 ൽ നടപ്പായതോടെയാണ് ഇന്ത്യയിൽ ‘കടലാസ് സ്വർണം’ എന്ന സങ്കൽപം യാഥാർഥ്യമായത്.